ഒരു വിക്കറ്റിന്റെ ആവേശജയം; പാകിസ്താനെ തകര്‍ത്ത് ഓസ്‌ട്രേലിയ അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍

ബെനോനി (ദക്ഷിണാഫ്രിക്ക): 2023 ലോകകപ്പ് ഫൈനലിനു പിന്നാലെ 2024 അണ്ടര്‍ 19 ലോകകപ്പ് ഫൈനലിലും ഇന്ത്യ – ഓസ്‌ട്രേലിയ പോരാട്ടം. വ്യാഴാഴ്ച നടന്ന രണ്ടാം സെമിയില്‍ അവസാന ഓവര്‍ വരെ ആവേശം നീണ്ടുനിന്ന മത്സരത്തില്‍ പാകിസ്താന്‍ യുവനിരയെ ഒരു വിക്കറ്റിന് കീഴടക്കിയാണ് ഓസ്‌ട്രേലിയയുടെ ഫൈനല്‍ പ്രവേശനം. പാകിസ്താന്‍ ഉയര്‍ത്തിയ 180 റണ്‍സ് വിജയലക്ഷ്യം അഞ്ചു പന്തുകള്‍ മാത്രം ബാക്കിനില്‍ക്കേ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ ഓസീസ് മറികടന്നു. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും ഏറ്റുമുട്ടും. ഹാരി ഡിക്‌സണ്‍ (50), ഒളിവര്‍ പീക്ക് (49) എന്നിവരാണ് ഓസീസിനായി മികച്ച പ്രകടനം പുറത്തെടുത്തത്. 179 റണ്‍സ് പ്രതിരോധിക്കാന്‍ പാക് ബൗളര്‍മാര്‍ നന്നായി തന്നെ പന്തെറിഞ്ഞു. 10 ഓവറില്‍ 34 റണ്‍സിന് നാല് വിക്കറ്റ് വീഴ്ത്തിയ അലി റാസയാണ് പാക് ബൗളര്‍മാരില്‍ തിളങ്ങിയത്. 10 ഓവറില്‍ 20 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്ത അറഫാത്ത് മിന്‍ഹാസും 10 ഓവറില്‍ 25 റണ്‍സിന് ഒരു വിക്കറ്റ് വീഴ്ത്തിയ നവീദ് അഹമ്മദ് ഖാനും മികച്ച ബൗളിങ് കാഴ്ചവെച്ചു. എന്നാല്‍ നിര്‍ണായക സമയത്ത് 25 റണ്‍സെടുത്ത ടോം കാമ്പെല്ലിന്റെയും 19 റണ്‍സുമായി പുറത്താകാതെ നിന്ന റാഫ് മക്മില്ലന്റെയും ഇന്നിങ്‌സുകളും ഓസീസ് വിജയത്തില്‍ നിര്‍ണായകമായി. നേരത്തേ 24 റണ്‍സിന് ആറു വിക്കറ്റ് വീഴ്ത്തിയ ടോം സ്ട്രാക്കറുടെ ബൗളിങ് മികവിലാണ് ഓസീസ്, പാക് ടീമിനെ 48.5 ഓവറില്‍ 179 റണ്‍സിന് പുറത്താക്കിയത്. 52 റണ്‍സ് വീതമെടുത്ത അസന്‍ അവൈസിന്റെയും അറഫാത്ത് മിന്‍ഹാസിന്റെയും ഇന്നിങ്‌സുകളാണ് പാകിസ്താനെ 179-ല്‍ എത്തിച്ചത്. ഇവരെ കൂടാതെ 17 റണ്‍സെടുത്ത ഓപ്പണര്‍ ഷാമില്‍ ഹുസൈന്‍ മാത്രമാണ് പാക് നിരയില്‍ രണ്ടക്കം കടന്നത്

