പേപ്പര്‍ സ്‌ട്രോകള്‍ ഇനി രാജ്യത്ത് വേണ്ട: പ്ലാസ്റ്റിക്കിലേക്ക് മടങ്ങിവരാൻ ആഹ്വാനം ചെയ്ത് ട്രംപ്

വാഷിങ്ടണ്‍: മുൻ പ്രസിഡന്റ് ജോ ബൈഡൻ കൊണ്ടുവന്ന പരിസ്ഥിതി സൗഹൃദ പേപ്പർ സ്‌ട്രോകള്‍ക്കെതിരെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പേപ്പർ സ്ട്രോകള്‍ ഇനി രാജ്യത്ത് വേണ്ടെന്നും പ്ലാസ്റ്റികിലേക്ക് മടങ്ങിവരണമെന്നുമുള്ള ആഹ്വാനമാണ് ട്രംപ് നടത്തിയത്.
പേപ്പർ സ്‌ട്രോകള്‍ക്കായുള്ള ബൈഡന്റെ ശ്രമം അവസാനിപ്പിക്കാനുള്ള എക്സിക്യൂട്ടിവ് ഉത്തരവില്‍ അടുത്ത ആഴ്ച താൻ ഒപ്പിടുമെന്നും ഇനിമുതല്‍ പേപ്പർ സ്ട്രോകള്‍ ഉണ്ടാവില്ലെന്നും എല്ലാവരും പ്ലാസ്റ്റികിലേക്ക് മടങ്ങിവരമെന്നും ട്രംപ് സമൂഹമാധ്യമങ്ങളിലൂടെ പറഞ്ഞു.
പാരീസ് കാലാവസ്ഥ വ്യതിയാന കരാറില്‍ നിന്ന് രണ്ടാം തവണയും അധികാരമേറ്റതിന് തൊട്ടുപിന്നാലെ ട്രംപ് പിന്മാറിയിരുന്നു. തൊട്ടുപിറകെയാണ് പ്ലാസ്റ്റികിനെ കൊണ്ടുവരാനുള്ള ഈ നീക്കം. 2035 ആകുമ്ബോഴേക്കും സർക്കാർ വകുപ്പുകളില്‍ കുടിവെള്ള സ്‌ട്രോ പോലുള്ള ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പാത്രങ്ങള്‍ ഒഴിവാക്കാനുള്ള ലക്ഷ്യം ഡെമോക്രാറ്റിക് പാർട്ടി അംഗം ബൈഡൻ പ്രഖ്യാപിച്ചിരുന്നു.
സമുദ്രജീവികളിലും ആവാസവ്യവസ്ഥയിലും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ചെലുത്തുന്ന പ്രതികൂല സ്വാധീനം പരാമർശിച്ചുകൊണ്ട് പരിസ്ഥിതി പ്രവർത്തകർ ഈ ലക്ഷ്യത്തിന് പിന്തുണയും നല്‍കിയിരുന്നു. എന്നാല്‍, തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ‘ലിബറല്‍ പേപ്പർ സ്‌ട്രോകള്‍ പ്രവർത്തിക്കില്ല’ എന്ന മുദ്രാവാക്യമെഴുതിയ പ്ലാസ്റ്റിക് സ്‌ട്രോകള്‍ ട്രംപിന്റെ പ്രചാരണ സംഘം വിതരണം ചെയ്തിരുന്നു. ബൈഡനെതിരെ നടന്ന പ്രചാരണ റാലിയില്‍ പേപ്പർ സ്‌ട്രോകള്‍ക്കെതിരെ രൂക്ഷമായി ട്രംപ് നേരത്തെ തന്നെ രംഗത്ത് വരികയും ചെയ്തിരിക്കുന്നു.