വരന് സിബില്‍ സ്‌കോര്‍ കുറവ്; വിവാഹം വേണ്ടെന്നുവച്ച് വധുവിന്റെ കുടുംബം

നിശ്ചയിച്ചുറപ്പിച്ച കല്യാണങ്ങള്‍ പല കാരണങ്ങള്‍ കൊണ്ട് മുടങ്ങുന്നത് നാം കേള്‍ക്കാറുണ്ട്. വരനും വധുവും തമ്മിലുള്ള പ്രശ്‌നങ്ങള്‍ കാരണമോ മതപരവും സാമ്പത്തികവുമായ കാരണങ്ങള്‍ കൊണ്ടോ കല്യാണം മുടങ്ങാറുള്ളത് സാധാരണമാണ്. എന്നാല്‍, ഇതില്‍നിന്നെല്ലാം വിചിത്രമായ ഒരു കാരണം കൊണ്ടാണ് മഹാരാഷ്ട്രയില്‍ ഒരു കല്യാണം മുടങ്ങിയിരിക്കുന്നത്. വരന് സിബില്‍ സ്‌കോര്‍ കുറവാണ് എന്ന കാരണം കൊണ്ടാണത്രേ വധുവിന്റെ വീട്ടുകാര്‍ കല്യാണത്തില്‍ നിന്ന് പിന്മാറിയത്.
മഹരാഷ്ട്രയിലെ മുര്‍തിസാപുരിലാണ് സംഭവം. വധൂവരന്‍മാരും കുടുംബങ്ങളും തമ്മിലിഷ്ടപ്പെട്ട് ആലോചിച്ച് ഉറപ്പിച്ചതായിരുന്നു വിവാഹം. ഇതിന് ശേഷം വധുവിന്റെ അമ്മാവന്‍മാരിലൊരാള്‍ വരന്റെ സിബില്‍ സ്‌കോര്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
വരന് സിബില്‍ സ്‌കോര്‍ കുറവായിരുന്നു. ഇതോടെ വരന്റെ പേരില്‍ വിവിധ ബാങ്കുകളില്‍ വായ്പകളുള്ള കാര്യവും പുറത്തുവന്നു. കുറഞ്ഞ സിബില്‍ സ്‌കോര്‍ സൂചിപ്പിക്കുന്നത് മോശം ക്രെഡിറ്റ് ഹിസ്റ്ററിയാണ്. ലോണുകളുടെ തിരിച്ചടവുകള്‍ കൃത്യമല്ലാത്തതാണ് സിബില്‍ കുറയുന്നതിനുള്ള കാരണങ്ങളിലൊന്ന്. അതുകൊണ്ട് വരന്റെ സാമ്പത്തിക സാഹചര്യം മോശമാണെന്ന് വധുവിന്റെ കുടുംബം വിധിയെഴുതുകയായിരുന്നു. ഇതോടെ ഇവര്‍ കല്യാണത്തില്‍നിന്നു പിന്‍മാറി.
സാമ്പത്തിക അച്ചടക്കമില്ലാത്ത യുവാവ് തന്റെ മരുമകള്‍ക്ക് യോജിക്കില്ലെന്ന് യുവതിയുടെ അമ്മാവന്‍ പ്രഖ്യാപിച്ചു. ഭാവിയില്‍ ഭാര്യക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കാന്‍ ഇയാള്‍ക്ക് കഴിയില്ലെന്നായിരുന്നു ഇവരുടെ കണ്ടെത്തല്‍. യുവതിയുടെ മറ്റ് കുടുംബാംഗങ്ങളും ഇതിനോട് യോജിക്കുകയായിരുന്നു. സിബില്‍ സ്‌കോര്‍ കാരണം കല്യാണം മുടങ്ങുന്നത് ഒരുപക്ഷെ ആദ്യത്തെ സംഭവമായിരിക്കുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
എന്താണ് ‘സിബില്‍ സ്‌കോര്‍’?.
ബാങ്കുകള്‍, മറ്റ് ധനകാര്യസ്ഥാപനങ്ങള്‍ എന്നിവര്‍ അംഗമായിരിക്കുന്ന സാമ്പത്തിക വിശകലന സ്ഥാപനമാണ് ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ലിമിറ്റഡ് (CIBIL). ഈ സ്ഥാപനം ഓരോ വ്യക്തിയുടെയും വായ്പാചരിത്രം കൃത്യമായി ശേഖരിച്ച് സൂക്ഷിക്കുന്നു. ഇതനുസരിച്ച് സിബില്‍ ട്രാന്‍സ് യൂണിയന്‍ സ്‌കോര്‍, ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് എന്നീ രണ്ട് രേഖകള്‍ സിബില്‍ ലഭ്യമാക്കുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അപേക്ഷകന് വായ്പ നല്‍കണമോ വേണ്ടയോ എന്ന് ഓരോ ധനകാര്യസ്ഥാപനത്തിനും തീരുമാനിക്കാവുന്നതാണ്.