രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാവുന്നു; പ്രതിദിന കണക്കിൽ ഇന്നും കേസുകൾ ഉയർന്ന് 1. 26 ലക്ഷം പുതിയ രോഗികള്‍,

ന്യൂഡൽഹി: രാജ്യത്ത് കോവിഡ്-19 കേസുകൾ കുത്തനെ വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,26,789 പേർക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ഏറ്റവും കൂടിയ പ്രതിദിന കണക്കാണ് ഇത്.
24 മണിക്കൂറിനിടെ 59,258 പേർ രോഗമുക്തി നേടി. 685 പേർ രോഗബാധയെ തുടർന്ന് മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകൾ 1,29,28,574 ആയി ഉയർന്നു. ഇതുവരെ 1,18,51,393 പേർ രോഗമുക്തി നേടി. നിലവിൽ 9,10,319 പേരാണ് ചികിത്സയിലുള്ളത്. ആകെ മരണം 1,66,862 ആയി.
9,01,98,673 പേർ ഇതുവരെ കോവിഡ് വാക്സിൻ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 25,26,77,379 സാംപിളുകളാണ് ഇതുവരെ പരിശോധിച്ചത്.
പുതിയ രോഗികളിൽ 81 ശതമാനവും മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, കർണാടക, യു.പി., ഡൽഹി, മധ്യപ്രദേശ്, തമിഴ്നാട്, കേരളം എന്നിവിടങ്ങളിലാണ്. ഗുജറാത്ത്, ഹരിയാണ, രാജസ്ഥാൻ എന്നിവിടങ്ങളിലും രോഗവ്യാപനം കൂടുകയാണ്. കോവിഡ് വ്യാപനം കൂടുന്ന പശ്ചാത്തലത്തിൽ ഡൽഹി, പഞ്ചാബ്, ഗുജറാത്ത്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങൾ കർഫ്യു ഉൾപ്പെടെയുള്ള കർശന നിയന്ത്രണങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്.
ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. യുഎസ്, ബ്രസീൽ എന്നിവയാണ് ഏറ്റവും കൂടുതൽ കേസുകളുള്ള ആദ്യ രണ്ട് രാജ്യങ്ങൾ.

