KSDLIVENEWS

Real news for everyone

കോവിഡ് ലക്ഷണമുള്ളവർ പരിശോധന നടത്തണം, പ്രായമായവരും രോഗികളും മാസ്ക് ധരിക്കണം- ആരോഗ്യമന്ത്രി

SHARE THIS ON

തിരുവനന്തപുരം: പ്രായമുള്ളവരേയും കിടപ്പ് രോഗികളേയും കോവിഡില്‍ നിന്നും സംരക്ഷിക്കുക പ്രധാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോവിഡ് മരണം കൂടുതലും റിപ്പോര്‍ട്ട് ചെയ്യുന്നത് 60 വയസിന് മുകളിലുള്ളവരിലാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് കോവിഡ് കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ചേർന്ന യോഗത്തിലാണ് മന്ത്രിയുടെ നിർദേശം. പ്രായമുള്ളവരും മറ്റസുഖമുള്ളവരും വീട്ടിലുണ്ടെങ്കില്‍ പുറത്തുപോയി വരുന്ന മറ്റുള്ളവരും വളരെയധികം ശ്രദ്ധിക്കണമെന്ന് മന്തി പറഞ്ഞു. അവര്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളുള്ളവരും പ്രായമായവരും ഗര്‍ഭിണികളും കുട്ടികളും മാസ്‌ക് ധരിക്കണം. ഇവര്‍ കോവിഡ് രോഗ ലക്ഷണങ്ങളുണ്ടെങ്കില്‍ പരിശോധന നടത്തണമെന്നും വീണാ ജോര്‍ജ് പറഞ്ഞു. എല്ലാ ജില്ലകളും കൃത്യമായി കോവിഡ് അവലോകനങ്ങള്‍ തുടരണം. കോവിഡ് രോഗികള്‍ കൂടുന്നത് മുന്നില്‍ കണ്ട് ആശുപത്രി സജ്ജീകരണങ്ങള്‍ സര്‍ജ് പ്ലാനനുസരിച്ച് വര്‍ധിപ്പിക്കണം. ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കണം. സ്വകാര്യ ആശുപത്രികളുടെ പ്രത്യേകം യോഗം വിളിക്കുമെന്നും മന്ത്രി അറിയിച്ചു. കെയര്‍ ഹോമുകളിലുള്ളവര്‍, കിടപ്പ് രോഗികള്‍, ട്രൈബല്‍ മേഖലയിലുള്ളവര്‍ എന്നിവരെ പ്രത്യേകം നിരീക്ഷിക്കണം. ഇവിടങ്ങളിൽ പ്രത്യേക പരിചരണം ആവശ്യമുള്ളയിടങ്ങളിലെ ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരക്കാരുമായി ഇടപെടുമ്പോള്‍ അവര്‍ എന്‍ 95 മാസ്‌ക് ധരിക്കണം. ആര്‍ക്കെങ്കിലും രോഗലക്ഷണങ്ങളുണ്ടെങ്കില്‍ പരിശോധനയും ചികിത്സയും ഉറപ്പുവരുത്തണമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് ശനിയാഴ്ച 1801 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. എറണാകുളം, തിരുവനന്തപുരം, കോട്ടയം ജില്ലകളിലാണ് കോവിഡ് കേസുകള്‍ കൂടുതല്‍. അഡ്മിഷൻ കേസുകള്‍ ചെറുതായി കൂടുന്നുണ്ട്. എങ്കിലും ആകെ രോഗികളില്‍ 0.8 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ കിടക്കകളും 1.2 ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയു കിടക്കകളും വേണ്ടി വന്നിട്ടുള്ളത്. ജനിതക പരിശോധനയ്ക്ക് അയച്ച ഫലങ്ങളില്‍ കൂടുതലും ഒമിക്രോണാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം മോക് ഡ്രില്‍ നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!