KSDLIVENEWS

Real news for everyone

21 വര്‍ഷത്തിന് ശേഷം ക്രിസ്ത്യന്‍ പ്രതിനിധി; കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് സണ്ണി ജോസഫ് എത്തുമ്പോള്‍

SHARE THIS ON

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചില്ലെങ്കില്‍ കോണ്‍ഗ്രസിന്റെ ഭാവി കണിയാനെ വെച്ച് നോക്കേണ്ടി വരുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ടെന്ന് കഴിഞ്ഞ ദിവസമാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സി. ജോസഫ് കോഴിക്കോട് പറഞ്ഞത്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പുമെല്ലാം പടിവാതില്‍ക്കലെത്തി നില്‍ക്കുമ്പോഴും കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളിലെ തീരാത്ത പടലപ്പിണക്കങ്ങളെ ചൂണ്ടിക്കാട്ടിയിരുന്നു കെ.സി ജോസഫിന്റെ പ്രതികരണം. കാരണം അത്രമാത്രമാണ് കഴിഞ്ഞ കുറേ വര്‍ഷമായി കോണ്‍ഗ്രസിന്റെ അടിത്തട്ടിലുണ്ടായിരിക്കുന്ന ശോഷണം. ഇത് കേരളത്തില്‍ ചരിത്രത്തിലാദ്യമായി ഭരണത്തുടര്‍ച്ചയെന്ന രാഷ്ട്രീയ അധ്യായം എഴുതിച്ചേര്‍ക്കാന്‍ ഇടതുപക്ഷത്തിന് അവസരം നല്‍കുകയും ചെയ്തു.

പാര്‍ട്ടിയുടെ പരമ്പരാഗത ശക്തികളായ ക്രൈസ്തവ വിഭാഗങ്ങള്‍ പാര്‍ട്ടിയെ കൈവിട്ടതാണ് കേരളത്തിലെ കോണ്‍ഗ്രസിന്റെ ശക്തിക്ഷയത്തിന് കാരണമെന്ന വിലയിരുത്തല്‍ അന്നുമുതലേയുണ്ട്. പക്ഷെ പാര്‍ട്ടിയെ കേഡര്‍ സ്വഭാവത്തിലേക്ക് മാറ്റുമെന്ന് പറഞ്ഞ് കെ.പി.സി.സി അധ്യക്ഷനായി കെ.സുധാകരനെത്തിയിട്ടും അടിത്തട്ടുറപ്പിക്കാന്‍ നേതൃത്വത്തിനായില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 18 സീറ്റില്‍ വിജയിച്ച് പാര്‍ട്ടി കരുത്ത് കാട്ടിയിട്ടും ഒരിക്കല്‍ കൂടെ ഭരണം കിട്ടിയില്ലെങ്കില്‍ പാര്‍ട്ടിയുടെ തകര്‍ച്ച പൂര്‍ണമാകുമെന്ന കണക്കുകൂട്ടല്‍ ഹൈക്കമാന്‍ഡിനുമുണ്ടായിരുന്നു. കാരണം കോണ്‍ഗ്രസ് ക്ഷയിക്കുമ്പോള്‍ അവിടെ ബിജെപി കളമുറപ്പിക്കുകയായിരുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മാത്രം 11 നിയമസഭാമണ്ഡലങ്ങളിലാണ് ബിജെപി ഒന്നാമതെത്തിയത്. എട്ടിടത്ത് രണ്ടാംസ്ഥാനത്തുമെത്തി. ഇതിനെ ഏറെ ഗൗരവത്തോടെയാണ് നേതൃത്വം കാണുകയും ചെയ്തത്. ഇതിനിടെയാണ് നേതൃമാറ്റമെന്ന കാര്യമായ ചര്‍ച്ചയിലേക്ക് പാര്‍ട്ടി പോയത്. പാര്‍ട്ടി ശിബിരം സംഘടിപ്പിച്ചു, അഹമ്മദാബാദില്‍ എ.ഐ.സി.സി സമ്മേളനം നടത്തി, ഡി.സി.സി പ്രസിഡന്റുമാരുടെ അധികാരപരിധി വര്‍ധിപ്പിച്ചു. ഏറ്റവുമൊടുവില്‍ ഒരു ക്രിസ്ത്യന്‍ പ്രതിനിധിയായി പേരാവൂര്‍ എം.എല്‍.എ അഡ്വ.സണ്ണി ജോസഫിനെ തന്നെ ഹൈക്കമാന്‍ഡ് പാര്‍ട്ടിയുടെ സ്റ്റിയറിംഗ് ഏല്‍പ്പിക്കുമ്പോള്‍ നേതൃത്വം പുതിയ പ്രതീക്ഷയിലാണ്.

2004-ല്‍ പി.പി തങ്കച്ചന്‍ കെ.പി.സി.സിയുടെ മുപ്പത്തിയൊന്നാമത് അധ്യക്ഷനായി എത്തിയതിന് ശേഷം ഇതുവരെ ക്രിസ്ത്യന്‍ മതവിഭാഗങ്ങളില്‍ പെടുന്ന ആരും അധ്യക്ഷ സ്ഥാനത്തേക്കെത്തിയിരുന്നില്ല. ഈ ആവശ്യം നേതാക്കള്‍ പലതവണ ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല ക്രിസ്ത്യന്‍ സമൂഹം, പ്രത്യേകിച്ച് കത്തോലിക്കാ സഭ, സംസ്ഥാനത്തെ കോണ്‍ഗ്രസുമായി അകല്‍ച്ചയിലാണ്. എ കെ ആന്റണിയുടെയും ഉമ്മന്‍ചാണ്ടിയുടെയും കാലഘട്ടത്തിന് ശേഷം, കോണ്‍ഗ്രസ് നേതൃത്വത്തില്‍ ക്രൈസ്തവ നേതാക്കള്‍ക്ക് മതിയായ പ്രാതിനിധ്യം ലഭിക്കുന്നില്ല എന്ന് സഭാ നേതൃത്വം പലതവണ നേതൃത്വത്തെ അറിയിച്ചിരുന്നു. ഇതുകൂടി പരിഗണിച്ചുകൊണ്ടാണ് സണ്ണി ജോസഫിനെ തിരഞ്ഞെടുക്കാന്‍ നേതൃത്വം തീരുമാനിച്ചത്.

സഭാ അധികാരികളുമായി നല്ല അടുപ്പം പുലര്‍ത്തുന്ന സണ്ണി ജോസഫ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ഗുഡ് ബുക്കിലും ഇടംനേടിയ നേതാവാണ്. നിലവില്‍ നിയമസഭയില്‍ കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയാണ്. സാമൂഹിക വിഷയങ്ങളില്‍ സജീവമായി ഇടപെടുക കൂടി ചെയ്യുന്ന നേതാവാണ് ഇതെല്ലാമാണ് അധ്യക്ഷ പദവി സണ്ണിയിലേക്കെത്താന്‍ കാരണമായത്.

1970 മുതല്‍ കെ.എസ്.യുവിന്റെ സജീവ പ്രവര്‍ത്തകനായിട്ടാണ് സണ്ണി ജോസഫ് രാഷ്ട്രീയ രംഗത്ത് സജീവമാകുന്നത്. കോഴിക്കോട്, കണ്ണൂര്‍ യൂണിവേഴ്സിറ്റികളില്‍ വിദ്യാര്‍ഥി പ്രതിനിധിയായ സിന്‍ഡിക്കേറ്റ് മെമ്പറായിരുന്നു. യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്, ഉളിക്കല്‍ സഹകരണ ബാങ്ക് പ്രസിഡന്റ്, തലശ്ശേരി കാര്‍ഷിക വികസന സഹകരണ സൊസൈറ്റി പ്രസിഡന്റ്, മട്ടന്നൂര്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ്,
കണ്ണൂര്‍ ഡി.സി.സി. പ്രസിഡന്റ് എന്നീ നിലകളിലെല്ലാം പ്രവര്‍ത്തിച്ചുണ്ട്. കഴിഞ്ഞ മൂന്ന് തവണയായി പേരാവൂരില്‍ നിന്നുള്ള നിയമസഭാഗവും നിലവില്‍ യു.ഡി.എഫ് കണ്ണൂര്‍ ജില്ലാ ചെയര്‍മാനുമാണ്.

2011 ല്‍ ആണ് ആദ്യമായി നിയമസഭയിലേക്ക് മത്സരിക്കുന്നത്. തന്റെ കന്നി മത്സരത്തില്‍ തന്നെ അന്നത്തെ സിറ്റിംഗ് എം.എല്‍.എയായിരുന്ന കെ.കെ ശൈലജയെ പരാജയപ്പെടുത്തി അട്ടിമറി വിജയം നേടിയായിരുന്നു നിയമസഭയിലെത്തിയത്.കെ.കെ ശൈലജയ്ക്കെതിരേ 3440 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു അന്ന് സണ്ണി ജോസഫിന്റെ വിജയത്തുടക്കം. പിന്നീടങ്ങോട്ട് പേരാവൂര്‍ സണ്ണിജോസഫിനെ ചേര്‍ത്ത് നിര്‍ത്തി.

കേരളത്തില്‍ ഇടതുതരംഗം ആഞ്ഞടിച്ചപ്പോഴും സണ്ണിജോസഫിനെ പോറലേല്‍ക്കാതെ പേരാവൂരുകാര്‍ കാത്ത് സൂക്ഷിച്ചു. 2016 ല്‍ ഭൂരിപക്ഷം 7989 ആയും 2021 ല്‍ 3172 ആയും ഭൂരിപക്ഷം കുറഞ്ഞെങ്കിലും സണ്ണി ജോസഫ് പിടിച്ചു നിന്നു. 2021 ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്റെ കെ.വി സക്കീര്‍ ഹുസൈനിനെതിരേയായിരുന്നു വിജയം. മികച്ച സംഘാടകനെന്ന പേരും സഭാ നേതൃത്വങ്ങളുമായുള്ള നല്ല ബന്ധവുമാണ് സണ്ണി ജോസഫിലേക്ക് ഇത്തവണ കെ.പി.സി.സി അധ്യക്ഷ പദവിയെത്തിയതിനുള്ള കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.

കണ്ണൂര്‍ ഉളിക്കല്‍ പുറവയലിലെ പരേതനായ വടക്കേക്കുന്നേല്‍ ജോസഫ് റോസക്കുട്ടി ദമ്പതികളുടെ മൂത്ത മകനാണ് സണ്ണി ജോസഫ്. തൊടുപുഴ ന്യൂമാന്‍ കോളജില്‍ ബിരുദ വിദ്യാര്‍ഥിയായിരിക്കെ കേരള സര്‍വകലാശാല വിദ്യാര്‍ഥി യൂണിയനിലും പിന്നീട് കാലിക്കറ്റ് സര്‍വകലാശാല യൂണിയനിലും അംഗമായി. ഭാര്യ: എല്‍സി ജോസഫ്,മക്കള്‍:അഷ റോസ്, ഡോ: അഞ്ജു റോസ്.

പുതിയ അധ്യക്ഷന്റെ നേതൃത്വത്തിലുള്ള ആദ്യ പരീക്ഷണമാവും നിലമ്പൂര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പ്. കോണ്‍ഗ്രസിന്റെ പരമ്പരാഗത മണ്ഡലമായിരുന്ന നിലമ്പൂര്‍ പി.വി അന്‍വറിനെ പരീക്ഷിച്ച് ഇടതുപക്ഷം തട്ടിയെടുത്തപ്പോള്‍ അതേ പി.വി അന്‍വറിനെ ഉപയോഗിച്ച് തന്നെ കോണ്‍ഗ്രസും യുഡിഎഫും മണ്ഡലം തിരിച്ചുപിടിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇടതുപക്ഷത്തെ സംബന്ധിച്ച് നിലമ്പൂര്‍ അഭിമാന പോരാട്ടമാവുമ്പോള്‍ കോണ്‍ഗ്രസിനെ സംബന്ധിച്ച് ഒരു പകരം വീട്ടലും വരാനിരിക്കുന്ന തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പിന്റെ കര്‍ട്ടണ്‍ റൈസര്‍ കൂടിയുമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!