KSDLIVENEWS

Real news for everyone

പന്ത്രണ്ട് ഡാമുകളുള്ള ലോകത്തെ ഏക ഹില്‍സ്റ്റേഷന്‍; പോയി കാണാം തമിഴ്നാട്ടിലെ വാല്‍പ്പാറയിലേ പ്രകൃതിയുടെ ആസ്വാദനത്തിലേക്ക്

SHARE THIS ON

വാല്‍പ്പാറ എന്നു കേള്‍ക്കാത്ത സഞ്ചാരികള്‍ ആരുംതന്നെ ഉണ്ടാകില്ല. സ്ഥിതി ചെയ്യുന്നത് തമിഴ്‌നാട്ടില്‍ ആണെങ്കിലും വാല്‍പ്പാറയില്‍ വരുന്ന സഞ്ചാരികള്‍ ഭൂരിഭാഗവും മലയാളികളാണ്.അതെ, മലയാളികളുടെ യാത്രകളില്‍ ഒരു പ്രധാന സ്പോട്ട് ആയി മാറിയിരിക്കുന്നു വാല്‍പ്പാറ.

തമിഴ്‌നാട്ടിലെ കോയമ്ബത്തൂര്‍ ജില്ലയിലാണ് വാല്‍പ്പാറ സ്ഥിതി ചെയ്യുന്നത്.കോയമ്ബത്തൂരില്‍ നിന്ന് 100 കിലോമീറ്ററും പൊള്ളാച്ചിയില്‍ നിന്ന് 65 കിലോമീറ്ററുമാണ് വാല്‍പ്പാറയിലേക്കുള്ള ദൂരം.കേരളത്തില്‍ നിന്നും സഞ്ചാരികള്‍ക്ക് പ്രധാനമായും മൂന്നു വഴികളിലൂടെ വാല്‍പ്പാറയില്‍ എത്തിച്ചേരാം. 1 പാലക്കാട്- പൊള്ളാച്ചി – ആളിയാര്‍ വഴി വാല്‍പ്പാറ, 2. ചാലക്കുടി – അതിരപ്പിള്ളി – മലക്കപ്പാറ – വാല്‍പ്പാറ, 3. മൂന്നാര്‍ – മറയൂര്‍ – ചിന്നാര്‍ – ആനമല വഴി വാല്‍പ്പാറ. ഈ പറഞ്ഞവയില്‍ ഏറ്റവും കൂടുതലാളുകള്‍ തിരഞ്ഞെടുക്കുന്നതും മനോഹരവുമായ റൂട്ട് ആണ് ചാലക്കുടി – മലക്കപ്പാറ വഴിയുള്ളത്.ചാലക്കുടിയില്‍ നിന്നും അതിരപ്പിള്ളി, വാഴച്ചാല്‍ വഴിയാണ് ഇവിടേക്ക് പോകുന്നത്.

വാഴച്ചാല്‍ കഴിഞ്ഞു കുറച്ചു കൂടി മുന്നോട്ടു സഞ്ചരിച്ചാല്‍ പിന്നെ ഘോരവനപ്രദേശം തുടങ്ങുകയായി.പച്ചപ്പ് നിറഞ്ഞ കാട്ടിലൂടെയുള്ള യാത്ര അതിമനോഹരവും

അതുപോലെ തന്നെ സാഹസികവുമാണ്. കാരണം ഈ റൂട്ടില്‍ എല്ലായ്‌പ്പോഴും ആനകള്‍ ഇറങ്ങാറുണ്ട്. മൃഗങ്ങളുടെ സ്വൈര്യ വിഹാരങ്ങള്‍ക്ക് തടസ്സമാകാതിരിക്കുവാൻ ഇവിടെ രാത്രിയാത്രാ നിരോധനം നിലവിലുണ്ട്. അതുപോലെ തന്നെ ഇപ്പോള്‍ ഇരുചക്രവാഹനങ്ങളെയും ഇതുവഴി കടത്തിവിടുന്നില്ല.ഇതുവഴി യാത്ര ചെയ്യുകയാണെങ്കില്‍ രാവിലെ ചെക്ക്പോസ്റ്റ് തുറക്കുന്ന സമയത്ത് തന്നെ പോകുന്നതാണ് നല്ലത്.

കയ്യില്‍ മദ്യം, സിഗരറ്റ് എന്നിവ കരുതാതിരിക്കുവാൻ ശ്രദ്ധിക്കുക. പ്ലാസ്റ്റിക്ക് ബോട്ടിലുകളോ മറ്റോ ഉണ്ടെങ്കില്‍ അവയുടെ എണ്ണം ചെക്ക്‌പോസ്റ്റില്‍ അവര്‍ രേഖപ്പെടുത്തും.കാട് കടന്നു കഴിഞ്ഞുള്ള മലക്കപ്പാറ ചെക്ക്‌പോസ്റ്റില്‍ ഈ എണ്ണം കൃത്യമായി കാണിക്കുകയും വേണം. കാട്ടില്‍ പ്ലാസ്റ്റിക് ആരും വലിച്ചെറിയുവാതിരിക്കാനാണ് ഇത്തരമൊരു നടപടി.അതുപോലെ തന്നെ അതിരപ്പിള്ളി കഴിഞ്ഞാല്‍ പെട്രോള്‍ പമ്ബുള്ളത് വാല്‍പ്പാറയിലാണെന്നു ഓര്‍മ്മ വേണം.

തൃശ്ശൂര്‍ ജില്ല തമിഴ്‌നാടുമായി അതിര്‍ത്തി പങ്കുവെയ്ക്കുന്ന പ്രദേശമാണ് മലക്കപ്പാറ. ഇവിടെ കൂടുതലും തേയിലത്തോട്ടങ്ങളാണ് ഉള്ളത്.ഫോട്ടോഗ്രാഫി താല്പര്യമുള്ളവര്‍ക്ക് നല്ലൊരു ലൊക്കേഷനാണ് ഈ‌ പ്രദേശം. മലക്കപ്പാറയില്‍ നിന്നും ഏകദേശം 30 കിലോമീറ്ററോളമുണ്ട് വാല്‍പ്പാറയിലേക്ക്.വാല്‍പ്പാറയിലെ ചിന്നക്കല്ലാര്‍ എന്ന സ്ഥലം ഇന്ത്യയില്‍ത്തന്നെ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന പ്രദേശങ്ങളില്‍ ഒന്നാണ്.അതിനാല്‍ സഞ്ചാരികള്‍ കയ്യില്‍ ഒരു കുട കരുതുന്നത് നന്നായിരിക്കും. 12 ഡാമുകളും ഹൈഡ്രോ ഇലക്‌ട്രിക് പവര്‍ സ്റ്റേഷനുകളുമുള്ള ലോകത്തിലെ ഒരേയൊരു ഹില്‍ സ്റ്റേഷൻ എന്ന റെക്കോര്‍ഡും വാല്‍പ്പാറയ്ക്കുണ്ട്.

വാല്‍പ്പാറയിലെ കാഴ്ചകള്‍ കണ്ടതിനു ശേഷം പൊള്ളാച്ചി, പാലക്കാട് വഴി തിരികെപ്പോരാവുന്നതാണ്.ഈ റൂട്ടിലാണ് 40 ഹെയര്‍പിൻ വളവുകളുള്ള പ്രസിദ്ധമായ വാല്‍പ്പാറ ചുരം.ചുരത്തിലെ പതിമൂന്നാമത്തെ ഹെയര്‍പിൻ വളവില്‍ ഒരു കിടിലൻ വ്യൂ പോയിന്റുണ്ട്. ഇവിടെ

നിന്നും കേരളത്തിലേക്ക് കടക്കുവാൻ പൊള്ളാച്ചിയില്‍ പോകേണ്ട കാര്യമില്ല. ആനമല – വേട്ടയ്ക്കാരൻപുത്തൂര്‍ വഴി പാലക്കാട് ബോര്‍ഡറായ ചെമ്മണാംപതിയില്‍ എത്തിച്ചേരാവുന്നതാണ്.പിന്നീട് ഇവിടുന്നു നെന്മാറ – ഗോവിന്ദാപുരം റൂട്ടില്‍ കയറി തൃശൂര്‍ ഭാഗത്തേക്ക് യാത്ര തുടരാം.

വാല്‍പ്പാറയില്‍ വരുന്നവര്‍ക്ക് സന്ദര്‍ശിക്കാവുന്ന മറ്റു ചില സ്ഥലങ്ങള്‍ : ഷോളയാര്‍ ഡാം, ബാലാജി ക്ഷേത്രം, പഞ്ചകുഖ വിനായകര്‍ ക്ഷേത്രം, മങ്കി വെള്ളച്ചാട്ടം, ആളിയാര്‍ ഡാം, ചിന്നക്കല്ലാര്‍ വെള്ളച്ചാട്ടം, നല്ലമുടി പൂഞ്ചോല, ഇന്ദിരാഗാന്ധി വന്യജീവി സംരക്ഷണകേന്ദ്രം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!