നൈപുണി പരിശീലനം വഴികാട്ടി; കൊറഗ വിഭാഗത്തിലെ 13 പേർ ജോലിയിലേക്ക്; അനുമോദിച്ച് ജില്ലാ പഞ്ചായത്ത്

കാസർകോട് : പത്താം തരെ പഠിച്ചിട്ടും ഉന്നതപഠനം സാധ്യമാകാതെ കുലത്തൊഴിലിലേക്ക് തിരിയേണ്ടി വരുന്ന സാഹചര്യം. തൊഴിൽനൈപുണികൊണ്ട് അങ്ങനെയുള്ളവരുടെ ജീവിതം കരുപിടിപ്പിക്കുകയാണ് ജില്ലാ പഞ്ചായത്ത്. അരികുവത്കരിക്കപ്പെടുന്ന കൊറഗവിഭാഗത്തെ ചേർത്തുപിടിച്ചപ്പോൾ 13 പേർക്ക് ജോലി ലഭിച്ചത് ബെംഗളൂരുവിലും കൊയമ്പത്തൂരിലും. സി.എൻ.സി. ഓപ്പറേറ്റർ വെർട്ടിക്കൽ മെഷീനിങ് സെന്റർ കോഴ്സിൽ പരിശീലനം നേടിയ അവർ 13 പേർ 12-ന് ജോലിയിൽ പ്രവേശിക്കുമ്പോൾ അത് കൊറഗ വിഭാഗത്തിന് നൽകുന്ന പ്രതീക്ഷകളേറെയാണ്. ഒരു കൊറഗ കുടുംബത്തിലെ ഒരാൾക്കെങ്കിലും ജോലി എന്ന ലക്ഷ്യത്തിൽ ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ പട്ടിക വർഗ വികസന വകുപ്പാണ് നൈപുണി പരിശീലനം നൽകിയത്. എസ്.എസ്.എൽ.സി. വിദ്യാഭ്യാസം പൂർത്തിയാക്കിയ 18-നും 24-നും ഇടയിൽ പ്രായമുള്ള യുവതീയുവാക്കളിൽനിന്ന് തിരഞ്ഞെടുത്ത 13 പേർക്കാണ് പരിശീലനം നൽകിയത്. തലശ്ശേരി എൻ.ടി.ടി.എഫിൽ അഞ്ച് മാസത്തെ കോഴ്‌സ് വിജയകരമായി പൂർത്തീകരിച്ചു. ആദ്യത്തെ ശമ്പളം ലഭിക്കുന്നതുവരെയുള്ള ചെലവിനായി ഓരോ ഉദ്യോഗാർഥിക്കും നിശ്ചിതതുക പട്ടികവർഗ വികസന വകുപ്പ് നൽകും. സാങ്കേതിക പരിശീലനത്തോടൊപ്പം ഫലപ്രദമായ ആശയവിനിമയം, ഇംഗ്ലീഷിലുള്ള ആശയവിനിമയം, സഹകരണം, സമയക്രമീകരണം, തൊഴിലുടമകളുമായും ജീവനക്കാരുമായി എങ്ങനെ ഇടപഴകാം എന്നിവയും ഉൾപ്പെടുത്തിയാണ് പരിശീലനം നൽകിയത്. കോഴ്സുകൾ പൂർത്തീകരിച്ച സർട്ടിഫിക്കറ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, കളക്ടർ കെ. ഇമ്പശേഖർ എന്നിവർ ചേർന്ന് കൈമാറി. ജില്ലയിൽ 11 തദ്ദേശസ്ഥാപനങ്ങളിൽ 585 കുടുംബങ്ങളിലായി 1503 പേരാണ് കൊറഗ സമുദായത്തിലുള്ളത്. വിദ്യാസമ്പന്നരായ നിരവധി ആളുകൾ കൊറഗ സമുദായത്തിലുണ്ട്. നിരന്തരമായ ഇടപെടലുകളിലൂടെയും ബോധവത്കരണ പ്രവർത്തനങ്ങളിലൂടെയും നല്ല മാറ്റങ്ങൾ കൊണ്ടുവരാൻ സാധിച്ചിട്ടുണ്ടെന്നും ഈ മേഖലയിലുള്ളവരുടെ സാമൂഹികപുരോഗതി ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും പട്ടികവർഗ വികസന ഓഫീസർ എം. മല്ലിക പറഞ്ഞു.

