കാസർകോട് വീണ്ടും കോവിഡ് ക്ലസ്റ്റർ; പെരിയ കേന്ദ്ര സർവകലാശാല ക്യാംപസിൽ 72 പേർക്ക് കോവിഡ്

കാഞ്ഞങ്ങാട് ∙ ജില്ലയിൽ വീണ്ടും പുതിയ കോവിഡ് ക്ലസ്റ്റർ രൂപപ്പെട്ടു. പെരിയ കേന്ദ്ര സർവകലാശാല ക്യാംപസ് ആണ് പുതിയ കോവിഡ് ക്ലസ്റ്റർ ആയി പ്രഖ്യാപിച്ചത്. അധ്യാപകരും വിദ്യാർഥികളും അടക്കം 72 പേർക്കാണ് ഇവിടെ കോവിഡ് സ്ഥിരീകരിച്ചത്. വിദ്യാർഥികളെ ക്യാംപസിലെ ഹോസ്റ്റലുകളിലും സമീപത്തെ സ്വകാര്യ ഹോസ്റ്റലുകളിലും നിരീക്ഷണത്തിലാക്കി. ഒരു കുട്ടിയെ ചട്ടംഞ്ചാൽ ടാറ്റാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മാസങ്ങൾക്ക് മുൻപ് നീലേശ്വരം കാർഷിക സർവകലാശാലയില്‍ കോവിഡ് ക്ലസ്റ്റർ ആയി പ്രഖ്യാപിച്ചിരുന്നു. കോവിഡിനെ പുറമേ പനി ബാധിതരുടെ എണ്ണവും കൂടുതലാണ്. ക്ലസ്റ്റർ ആയതോടെ കേന്ദ്ര സർവകലാശാലയിലെ പഠനം ഓൺലൈന്‍ ആക്കി. അതേ സമയം പനി ബാധിതരായ കൂടുതൽ കുട്ടികൾ വീടുകളിലേക്ക് പോയിട്ടുണ്ട്. ഇത് രോഗവ്യാപനത്തിന് കാരണമാകുമോ എന്ന ആശങ്കയും ഉണ്ട്.
ജില്ലയിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യാതിരിക്കാൻ മാസ്ക്കും സാനിറ്റൈസറും നിർബന്ധമാക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. എ.വി.രാംദാസ് നിർദേശം നൽകി. സ്കൂളുകളിൽ വിദ്യാർഥികൾ മാസ്ക് ധരിക്കുന്നത് അധ്യാപകർ ഉറപ്പു വരുത്തണമെന്നും അദ്ദേഹം പറഞ്ഞു. മഴക്കാലത്ത് പനി ബാധിതരുടെ എണ്ണം കൂടിയതിനാൽ കോവിഡ് പരിശോധനകൾ കുറവാണ്.

