KSDLIVENEWS

Real news for everyone

കോവിഡ് കേസുകളിൽ പൂജ്യം തൊട്ട് കേരളം; 3 വർഷത്തിനിടെ പുതിയ കൊവിഡ് ബാധിതർ ഇല്ലാത്ത ആദ്യദിനം

SHARE THIS ON

തിരുവനന്തപുരം: വലിയ ദുരിതം വിതച്ച കോവിഡ് തരംഗങ്ങൾക്ക് ഒടുവിൽ കേരളം ആദ്യമായി കൊവിഡ് കേസുകളിൽ പൂജ്യം തൊട്ടു. കേന്ദ്ര ആരോഗ്യ മന്ത്രാലയം വെബ്സൈറ്റ് അനുസരിച്ച് ഏറ്റവും പുതിയ കണക്ക് പ്രകാരം കഴിഞ്ഞ ദിവസം കേരളത്തിൽ പുതുതായി ഒറ്റ കൊവിഡ് കേസുകൾ പോലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. 2020 മെയ് 7ന് ശേഷം ആദ്യമായാണ് പുതുതായി ഒറ്റ കേസ് പോലും ഇല്ലാതെ പ്രതിദിന കോവിഡ് കേസ് പൂജ്യം ആകുന്നത് എന്ന് കൊവിഡ് ഡാറ്റ വിശകലന രംഗത്തുള്ളവർ പറയുന്നു. നിലവിൽ കേരളത്തിൽ 1033 ആക്റ്റീവ് കൊവിഡ് രോഗികൾ കൂടിയാണ് ഉള്ളത്.

കൊവിൻ ആപ്പിലെ വിവരങ്ങൾ ചോർന്ന സംഭവത്തിലെ പ്രധാന പ്രതിയായ 22 കാരനായ ബിടെക് വിദ്യാർത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബീഹാറിൽ നിന്ന് അറസ്റ്റിലായ സഹോദരങ്ങളുടെ ചോദ്യം ചെയ്യൽ തുടരുമെന്ന് പൊലീസ് അറിയിച്ചു. ഇവർ ഡേറ്റ ആർക്കും വിൽപന നടത്തിയിട്ടല്ലെന്നും പൊലീസ് വ്യക്തമാക്കി. കൊവിൻ ആപ്പിലെ വിവര ചോർച്ചയിൽ കേന്ദ്ര ഐടി മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചിരുന്നു. കമ്പ്യൂട്ടർ എമർജൻസി റസ്പോൺസ് ടീമിനായിരുന്നു അന്വേഷണ ചുമതല.

വിവര ചോർച്ച അതീവ ഗുരുതരമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണവുമായി കേന്ദ്ര സർക്കാർ മുന്നോട്ട് പോയത്. വിവര ചോർച്ചയിൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷത്ത് നിന്നടക്കം ആവശ്യം ശക്തമായിരുന്നു. കൊവിഡ് വാക്സീനേഷന്‍ സമയത്ത് നല്‍കിയ വ്യക്തി വിവരങ്ങള്‍ ടെലഗ്രാമിലൂടെ ചോര്‍ന്നത് ദേശ സുരക്ഷയെ പോലും ബാധിക്കുന്ന വിഷയമാണെന്ന് പ്രതിപക്ഷം വിമർശിച്ചിരുന്നു.

വാക്സീനേഷന്‍ സമയത്ത് നല്‍കിയ പേര്, ആധാര്‍, പാസ്പോര്‍ട്ട്, പാന്‍കാര്‍ഡ് തുടങ്ങിയ രേഖകള്‍, ജനന വര്‍ഷം, വാക്സീനെടുത്ത കേന്ദ്രം തുടങ്ങിയ വിവരങ്ങളാണ് ഹാക്ക് ഫോർ ലേൺ എന്ന ടെലഗ്രാം ബോട്ടിലൂടെ ചോര്‍ന്നത്. ഒരു വ്യക്തി ഏത് വാക്സീനാണ് സ്വീകരിച്ചതെന്നും മറ്റൊരാള്‍ക്ക് അറിയാം. വ്യക്തികളുടെ ഫോൺ നമ്പറോ ആധാര്‍ നമ്പറോ നല്‍കിയാല്‍ ഒറ്റയടിക്ക് മുഴുവന്‍ വിവരങ്ങളും ലഭ്യമാകും. രാജ്യത്തെവിടെയിരുന്നും വിവരങ്ങള്‍ ചോര്‍ത്താം. കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെയും, പ്രതിപക്ഷ നേതാക്കളുടെയും വിവരങ്ങള്‍ ഈ രീതിയില്‍ ലഭ്യമായതിന്‍റെ സ്ക്രീന്‍ ഷോട്ടുകള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ടായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!