KSDLIVENEWS

Real news for everyone

20 ദിവസത്തിനകമെന്നു പറഞ്ഞു, ഒരു മാസമായിട്ടും പൂർത്തിയാകാതെ ജനറൽ ആശുപത്രി ലിഫ്റ്റ് നവീകരണം

SHARE THIS ON

കാസർകോട്∙ ജനറൽ ആശുപത്രിയിൽ വലിയ ലിഫ്റ്റ് നവീകരണം 1 മാസമായിട്ടും പൂർത്തിയായില്ല. 6 നിലകളുള്ള ജനറൽ ആശുപത്രിയിൽ രോഗികളെ കിടത്തിക്കൊണ്ടു പോകുന്നതിന് സൗകര്യമുള്ള വലിയ ലിഫ്റ്റിന്റെ പ്രവർത്തനം നിശ്ചലമായിട്ട് 3 മാസം പിന്നിട്ടു. എറണാകുളത്തെ സ്ഥാപനത്തിന് കരാർ നൽകി ജൂൺ 6 നാണ് നവീകരണ പ്രവൃത്തിക്കു തുടക്കം കുറിച്ചത്. 20 ദിവസത്തിനകം പണി തീരുമെന്നായിരുന്നു അന്ന് അധികൃതർ അറിയിച്ചത്. ഈ പരിധിയും കടന്നിട്ടും പണി തീരാത്തത്  ദുരിതമായി. പണി തീരാൻ ഒരാഴ്ച കൂടി വേണമെന്നാണ് അധികൃതർ പറയുന്നത്. ലിഫ്റ്റ് കേടായതിനെത്തുടർന്നു രോഗികളെയും മൃതദേഹവും ചുമട്ടുതൊഴിലാളികളുടെ സഹായത്തോടെ ഇറക്കിയതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിലെ വാർത്ത കണ്ട് എംഎൽഎയും നിയമ സേവന അതോറിറ്റിയും ആരോഗ്യ വകുപ്പ് വിജിലൻസ് വിഭാഗവും ഉൾപ്പെടെ ആശുപത്രിയിലെത്തി അന്വേഷണം നടത്തി ഉടൻ പരിഹരിക്കാൻ ആവശ്യപ്പെട്ടതാണ്. ആരോഗ്യ വകുപ്പ് അഡീഷനൽ ഡയറക്ടർ ഡോ.ജോസ് ജി ഡിക്രൂസ്, അന്നു ഡിഎൽഎസ്എ സെക്രട്ടറി ആയിരുന്ന സബ് ജഡ്ജി ബി.കരുണാകരൻ എന്നിവർ ഇലക്ട്രിക്കൽ വിഭാഗം ഉൾപ്പെടെ എല്ലാ വിഭാഗം അധികൃതരെയും വിളിപ്പിച്ച് വിവരങ്ങൾ ആരാഞ്ഞു അന്വേഷണ റിപ്പോർട്ട് നൽകിയിരുന്നു. തുടർന്നാണ് ആശുപത്രി വികസന സമിതി യോഗം ചേർന്ന് ലിഫ്റ്റ് നവീകരിക്കാൻ 14 ലക്ഷം രുപ നൽകാൻ തീരുമാനിച്ചത്. ക്വട്ടേഷൻ ക്ഷണിച്ചാണ് ഏറ്റവും കുറ‍ഞ്ഞ സ്വീകരിച്ച് വർക്ക് ഓർഡർ നൽകിയത്. വർക്ക് ഓർഡർ നൽകിയിട്ടും ദിവസങ്ങൾ കഴിഞ്ഞാണ് നവീകരണത്തിനുള്ള സാമഗ്രികൾ ഇറക്കിയത്.  പണി തീരാൻ ഒരാഴ്ച കൂടി വേണ്ടി വരുമെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും 2 ആഴ്ച കൂടി കാത്തു നിൽക്കേണ്ടി വരുമെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!