യെമെൻ പൗരനെ കൊലപ്പെടുത്തിയ കേസ്: നിമിഷപ്രിയയുടെ വധശിക്ഷ ജൂലായ് 16-ന് നടപ്പാക്കും

സനാ: യെമെന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ ഈമാസം 16-ന് നടപ്പാക്കും. ഇതുസംബന്ധിച്ച് പബ്ലിക് പ്രോസിക്യൂഷന്റെ ഉത്തരവ് ജയില്‍ അധികൃതര്‍ക്ക് ലഭിച്ചു. അതേസമയം, ദിയാധനം നല്‍കി വധശിക്ഷ ഒഴിവാക്കാനുളള ശ്രമം തുടരുകയാണെന്ന് യെമെനിലെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവേല്‍ ജെറോം പറഞ്ഞു.
നിമിഷപ്രിയ തടവില്‍ കഴിയുന്ന സനായിലെ ജയില്‍ അധികൃതര്‍ക്കാണ് വധശിക്ഷ നടപ്പാക്കാന്‍ നിര്‍ദേശിച്ചുള്ള കത്ത് ലഭിച്ചത്. പബ്ലിക് പ്രോസിക്യൂട്ടര്‍ ആണ് ഇത്തരമൊരു കത്ത് നല്‍കിയതെന്നാണ് വിവരം. ജൂലായ് 16-ന് വധശിക്ഷ നടപ്പാക്കണമെന്ന് കത്തില്‍ പറയുന്നുണ്ട്. യെമെന്‍ പൗരന്‍ തലാല്‍ അബ്ദോ മെഹദി കൊല്ലപ്പെട്ട കേസില്‍ 2017 മുതല്‍ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനശ്രമം ഇതോടെ വഴിമുട്ടി.
അതേസമയം, ദിയാധനം നല്‍കി വധശിക്ഷ ഒഴിവാക്കാനുളള ശ്രമം തുടരുകയാണെന്ന് യെമെനിലെ മനുഷ്യാവകാശപ്രവര്‍ത്തകന്‍ സാമുവേല്‍ ജെറോം അറിയിച്ചു. 10 ലക്ഷം ഡോളര്‍ നല്‍കാമെന്നാണ് യെമെന്‍ പൗരന്റെ കുടുംബത്തെ അറിയിച്ചത്. ഇത്തരമൊരു വാഗ്ദാനം നേരത്തെയും കുടുംബത്തിന് നല്‍കിയിരുന്നു. പക്ഷേ, കൊല്ലപ്പെട്ട തലാല്‍ അബ്ദോ മെഹദിയുടെ കുടുംബത്തിലെ ചില അംഗങ്ങള്‍ക്ക് മാപ്പു നല്‍കുന്നതിനോട് വിയോജിപ്പുണ്ടെന്നാണ് സൂചന.
കുടുംബത്തിലെ എല്ലാ അംഗങ്ങളും മാപ്പുനല്‍കാന്‍ തയ്യാറായാല്‍ മാത്രമേ മോചനം സാധ്യമാകൂ. യെമെന്‍ പ്രസിഡന്റ് റാഷദ് അല്‍ അലിമി നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ ഉത്തവിട്ടതായി നേരത്തേ വാര്‍ത്തയുണ്ടായിരുന്നു. ഇതു പിന്നീട് ഇന്ത്യയിലെ യെമെന്‍ എംബസി നിഷേധിച്ചിരുന്നു.
നിമിഷപ്രിയയുടെ ബിസിനസ് പങ്കാളിയായിരുന്ന യെമെന്‍ പൗരന്‍ 2017-ലാണ് കൊല്ലപ്പെടുന്നത്. കൊലപാതകത്തില്‍ നിമിഷപ്രിയക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് അറസ്റ്റുചെയ്യുകയും 2018-ല്‍ വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു. കീഴ്‌ക്കോടതി വിധി യെമെനിലെ സുപ്രീംകോടതിയും ശരിവച്ചിരുന്നു. നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി യെമെനിലെത്തി മകളെ മോചിപ്പിക്കാന്‍ ശ്രമം നടത്തിയിരുന്നു.