മലബാർ എക്സ്പ്രസ്: ഒരു ഡി റിസർവ്ഡ് കോച്ച് ഒഴിവാക്കുന്നതോടെ യാത്രാദുരിതം ഇരട്ടിയാകും

കാസർകോട്: രാവിലെ മംഗളൂരു ഭാഗത്തേക്കുള്ള മലബാർ എക്സ്പ്രസിലെ രണ്ട് ഡി–റിസർവ്ഡ് കോച്ചുകളിൽ ഒരെണ്ണം ഒഴിവാക്കുന്നത് യാത്രക്കാർക്ക് ദുരിതമാകുമെന്ന് ആശങ്ക. ഈ മാസം 18 മുതൽ ഒരു ഡി–റിസർവ്ഡ് കോച്ച് ഒഴിവാക്കാൻ റെയിൽവേ തീരുമാനിച്ചിരുന്നു. ഇതോടെ കണ്ണൂർ, കാസർകോട് ജില്ലകളിൽ യാത്രക്കാരുടെ യാത്രാദുരിതം ഇരട്ടിയാക്കും.16629 നമ്പർ മലബാർ എക്സ്പ്രസിലെ ഡി–റിസർവ്ഡ് കോച്ചാണ് എസി കോച്ചിനായി ഒഴിവാക്കുന്നത്. ഒട്ടേറെ ട്രെയിനുകളിൽ ഡി–റിസർവ്ഡ് കോച്ചുകൾ എസി കോച്ചാക്കി മാറ്റുന്നു എങ്കിലും പകരം കോച്ചുകൾ അനുവദിച്ചിരുന്നു. എന്നാൽ മലബാർഎക്സ്പ്രസിൽ അതൊന്നുമില്ല. രാവിലെ കണ്ണൂരിനും മംഗളൂരുവിനിടയിൽ രണ്ടായിരത്തിലധികം ജനറൽ യാത്രക്കാർ ആശ്രയിക്കുന്ന ട്രെയിനാണ് മലബാർ. കണ്ണൂർ, കാസർകോട് ജില്ലകളിലെയും വിവിധ സർക്കാർ ഓഫിസുകളിലേക്കും മംഗളൂരുവിലെ വിവിധ മെഡിക്കൽ കോളജ് അടക്കമുള്ള ആശുപത്രികളിലേക്കും വിദ്യാഭ്യാസ–സ്വകാര്യ സ്ഥാപനങ്ങളിലേക്കുമായി പോകുന്നവർ ഏറെയും ആശ്രയിക്കുന്ന ട്രെയിൻ കൂടിയാണിത്.കണ്ണൂരിനും മംഗളൂരുവിനിടയിൽ മലബാർ എക്സ്പ്രസിനു 2 ഡി റിസർവ്ഡ് കോച്ചുകളാണുള്ളത്. ഇതിൽ ഒരെണ്ണമാണ് 18 മുതൽ ഒന്നാക്കി ചുരുക്കുന്നത്. സതേൺ റെയിൽവേയിൽ 30 ട്രെയിനുകളിൽ 21 ട്രെയിനുകളിൽ ഡി–റിസർവഡ് കോച്ചുകളിൽ മാറ്റമില്ല. എന്നാൽ തിരുവനന്തപുരം–മംഗളൂരു (16629) മംഗളൂരു–തിരുവനന്തപുരം (16630) എന്നീ ട്രെയിനുകളിലാണ് ഓരോ കോച്ചുകൾ ഒഴിവാക്കുന്നത്. മംഗളുരൂ–തിരുവനന്തപുരം മലബാർ എക്സ്പ്രസിൽ കോട്ടയം മുതൽ തിരുവനന്തപുരം വരെയാണ് ഡി–റിസർവ്ഡ് കോച്ചുകളിൽ യാത്ര ചെയ്യുന്നതിനുള്ള അനുമതിയുള്ളത്. മലബാർ എക്സ്പ്രസിൽ ഒരു ഫുൾ ജനറൽ കംപാർട്ട്മെന്റ് ആർഎംഎസിനാണു നൽകിയത്.അതിൽ 10% ഭാഗം പോലും അതിന് ഉപയോഗിക്കുന്നില്ലെന്നാണു യാത്രക്കാരുടെ പരാതി. മലബാർ എക്സ്പ്രസിൽ 9 സ്ലീപ്പർ കോച്ചുകളിൽ കണ്ണൂരിന് ശേഷം അഞ്ചെണ്ണം എങ്കിലും ഡി -റിസർവ്ഡായി അനുവദിക്കണമെന്നാണു യാത്രക്കാർ ആവശ്യപ്പെടുന്നത്. നിലവിൽ ഈ ട്രെയിനിൽ ജനറൽ കോച്ചുകളിലും 2റീ– റീസർവ്ഡ് കോച്ചുകളിലും കയറാൻ പറ്റാത്തതിനാൽ തിരക്കു കാരണം യാത്രക്കാർ പലപ്പോഴും പുറത്താകാറുണ്ട്. അതിനാൽ പലരും ഡി -റിസർവ്ഡ് അനുവദിക്കാത്ത മറ്റു സ്ലീപ്പർ കോച്ചുകളിൽ കയറാൻ നിർബന്ധിതരാകുന്നു. ഇത് യാത്രക്കാരും ടിക്കറ്റ് പരിശോധകരും തമ്മിലുള്ള വാക്കേറ്റത്തിനും തർക്കത്തിനുമിടയാക്കുന്നു.

