KSDLIVENEWS

Real news for everyone

ആപ്പായി’; ഇടപാടുകൾ ഓൺലൈൻ ആയതോടെ യുഎഇയിൽ ബാങ്കുകളുടെ എണ്ണം നേർ പകുതിയായി, ഉള്ളതു കൂടി പൂട്ടുന്നു

SHARE THIS ON


ദുബായ്: ഇടപാടുകൾ ഓൺലൈൻ ആയതോടെ രാജ്യത്തെ ബാങ്കുകളുടെ ശാഖകൾ നേർ പകുതിയായി. പുതിയ ബ്രാഞ്ചുകൾ തുറക്കുന്നില്ല. ഉള്ളതു കൂടി പൂട്ടുന്ന സാഹചര്യമാണ്. ജനംനേരിട്ട് ബാങ്കിലെത്തി നടത്തുന്ന ഇടപാടുകൾ ഓൺലൈൻ വന്നതോടെ കുറഞ്ഞു. അത്യാവശ്യ കാര്യങ്ങൾക്കു മാത്രമായാണ് ഇപ്പോൾ ആളുകൾ ബാങ്കുകളിലെത്തുന്നത്. കഴിഞ്ഞ 5 വർഷത്തിനിടെയാണ് ബ്രാഞ്ചുകളുടെ എണ്ണം കുത്തനെ കുറഞ്ഞതെന്ന് യുഎഇ സെൻട്രൽ ബാങ്ക് റിപ്പോർട്ടിൽ പറയുന്നു.  രാജ്യത്തെ 70% പേരും ബാങ്ക് ഇടുപാടുകൾക്ക് മൊബൈൽ ആപ്പാണ് ഉപയോഗിക്കുന്നതെന്നു യുഎഇ ബാങ്ക്സ് ഫെഡറേഷൻ പഠനത്തിൽ പറയുന്നു. 

ബാങ്കുകളിൽ കൂടുതൽ ആധുനികവൽക്കരണം നടക്കുന്നതു ഡിജിറ്റൽ ഇടപാടുകളിലാണ്. ബാങ്ക് ശാഖകളിൽ നടക്കുന്ന നവീകരണം നാമമാത്രമായെന്നും റിപ്പോർട്ടിൽ പറയുന്നു. പരമ്പരാഗത ബാങ്കിങ് രീതികൾ ഏറക്കുറെ ഓർമയായി. സേവനങ്ങൾക്ക് സമയം നോക്കേണ്ട എന്നതും എപ്പോഴും എവിടെയും ബാങ്ക് ഇടപാടുകൾ സാധ്യമാകും എന്നതും ഓൺലൈൻ ‘ശാഖകളെ’ കൂടുതൽ ജനപ്രിയമാക്കി. 

മേയിലെ കണക്ക് അനുസരിച്ചു രാജ്യത്ത്  554 ബാങ്ക് ശാഖകളാണ് നിലവിലുള്ളത്. 2019ൽ 820 ശാഖകൾ ഉണ്ടായിരുന്ന സ്ഥാനത്താണിത്. സാങ്കേതിക വിദ്യ കുതിച്ചു പാഞ്ഞ 5 വർഷം കൊണ്ട് ഇല്ലാതായത് 266 ശാഖകൾ. 33 ശതമാനത്തിലധികം കുറവാണ് ശാഖകളുടെ എണ്ണത്തിൽ ഉണ്ടായത്. 

കഴിഞ്ഞ 10 വർഷത്തിനിടെ ശാഖകളുടെ എണ്ണത്തിൽ 75% കുറവുണ്ടായെന്നും സെൻട്രൽ ബാങ്കിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. ഫോണിൽ ബാങ്കും അതിന്റെ സേവനങ്ങളും ഒരു ക്ലിക്കിൽ ലഭിക്കുന്ന സാഹചര്യത്തിൽ ശാഖകളിൽ പോയി നേടാൻ ഒന്നുമില്ലാതായി. ബാങ്കുമായി ബന്ധപ്പെട്ട സുപ്രധാന തസ്തികകളിൽ പലതും വിസ്മൃതിയിലായി. 

സെക്യൂരിറ്റി, ക്ലാർക്ക്, അറ്റൻഡർ ഉൾപ്പെടെയുള്ള തസ്തികകൾ പല ബാങ്കുകളിലുമില്ല. അടുത്ത 4 വർഷത്തിനിടെ ഇല്ലാതാകുന്ന പരമ്പരാഗത ജോലികളുടെ പട്ടികയിൽ ആദ്യ സ്ഥാനങ്ങളിലാണ് ക്ലാർക്കും കാഷ്യറും.  അതേസമയം, ഡിജിറ്റൽവൽക്കരണത്തോടെ ബാങ്കുകളിലുള്ള ജനങ്ങളുടെ വിശ്വാസം പതിന്മടങ്ങു വർധിച്ചതായും പഠനത്തിൽ പറയുന്നു. 

ആധുനിക ബാങ്കിങ് രീതികളോടുള്ള ജനങ്ങളുടെ വിശ്വാസം 90% ആണ്. ഡിജിറ്റൽ രംഗത്തെ പുത്തൻ സാങ്കേതിക വിദ്യകൾക്കായി 450 കോടി ഡോളറിന്റെ നിക്ഷേപമാണ് ബാങ്കുകൾ നടത്താൻ പോകുന്നതെന്നു യുഎഇ ബാങ്ക്സ് ഫെഡറേഷൻ ഡയറക്ടർ ജനറൽ ജമാൽ സാലിഹ് പറഞ്ഞു.

error: Content is protected !!