KSDLIVENEWS

Real news for everyone

ഉത്തരേന്ത്യയിലെ പ്രളയബാധിത പ്രദേശങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിക്കും

SHARE THIS ON

ചണ്ഡീഗഢ്: പഞ്ചാബിലെ പ്രളയബാധിത പ്രദേശങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച സന്ദർശിക്കും. ബിജെപി സംസ്ഥാന യൂണിറ്റ് മേധാവി സുനിൽ ജാഖറാണ് ഇക്കാര്യമറിയിച്ചത്. സന്ദർശനത്തിനുശേഷം കേന്ദ്രസഹായ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. കഴിഞ്ഞ 50 വർഷത്തിനിടെ ഏറ്റവും രൂക്ഷമായ പ്രളയത്തിനാണ് പഞ്ചാബ് സാക്ഷ്യംവഹിച്ചത്. പ്രളയം ഏറ്റവുമധികം ബാധിച്ച ഗുരുദാസ്‌പുർ ജില്ലയിലാണ് മോദിയെത്തുക. മഴക്കെടുതിമൂലം സംസ്ഥാനത്തിന് 13,289 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് സർക്കാർ കണക്ക്.

നേരത്തേ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ച കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാൻ ഉടൻ പ്രധാനമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിക്കും. ഇതിന്റെ അടിസ്ഥാനത്തിൽക്കൂടിയായിരിക്കും സഹായധനം പ്രഖ്യാപിക്കുക.

പഞ്ചാബിനുപുറമേ, ഹിമാചലും ജമ്മു-കശ്മീരും ഉത്തരാഖണ്ഡും വരുംദിവസങ്ങളിൽ പ്രധാനമന്ത്രി സന്ദർശിക്കുമെന്നാണ് വിവരം. പഞ്ചാബ്, ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മു-കശ്മീർ, ഡൽഹി എന്നിവിടങ്ങളിലാണ് മഴ കനത്തനാശനഷ്ടമുണ്ടാക്കിയത്. മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും ജനജീവിതം സാധാരണനിലയിലേക്കെത്തിയിട്ടില്ല. ഡൽഹിയിൽ യമുനാ നദിയിലെ ജലനിരപ്പ് അപകടനിലയ്ക്കുമുകളിൽ തുടരുകയാണ്. വീടും കൃഷിയും നഷ്ടപ്പെട്ട ഒട്ടേറെപ്പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്. പഞ്ചാബ്, ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മു-കശ്മീർ സംസ്ഥാനങ്ങളും കേന്ദ്രസഹായം ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!