168 കോടി രൂപയുടെ ടോയ്‌ലറ്റും മുള്ളങ്കിയുടെ വിത്തും ബഹിരാകാശ നിലയത്തിലെത്തി
ഭൂമിയിൽ നിന്നും പുതിയ ചരക്കെത്തിയതിന്റെ സന്തോഷത്തിലാണ് രാജ്യാന്തര ബഹിരാകാശ നിലയത്തിലെ സഞ്ചാരികൾ . കഴിഞ്ഞ തിങ്കളാഴ്ചയാണ് ഏതാണ്ട് 3600 കിലോഗ്രാം ഭാരമുള്ള ചരക്കു പേടകം വിജയകരമായി ബഹിരാകാശ നിലയത്തിൽ എത്തിച്ചേർന്നത് . ഭക്ഷണ സാധനങ്ങളും മുള്ളങ്കിയുടെ വിത്തും തുടങ്ങി പ്രത്യേകമായി തയാറാക്കിയ 23 ദശലക്ഷം ഡോളറിന്റെ ( ഏതാണ്ട് 168 കോടി രൂപ ! ) ടോയ്ലറ്റും വരെ ഇക്കുറി ബഹിരാകാശ നിലയത്തിലേക്ക് എത്തിച്ചിട്ടുണ്ട് .
തെളിഞ്ഞ കാലാവസ്ഥയിൽ നടന്ന റോക്കറ്റ് വിക്ഷേപണം അമേരിക്കയിലെ കരോലിനാസ് മുതൽ ന്യൂ ഇംഗ്ലണ്ട് വരെയുള്ള പ്രദേശങ്ങളിൽ നിന്നും കാണാൻ സാധിച്ചിരുന്നു . ‘ അതിഗംഭീരം ‘ എന്നാണ് വിക്ഷേപണത്തെ നാസയുടെ ഡെപ്യൂട്ടി പേസ് റ്റേഷൻ പ്രോഗ്രാം മാനേജർ കെന്നി ടോഡ് വിശേഷിപ്പിച്ചത് . നേരത്തെ ഒരു തവണ മോശം കാലാവസ്ഥയെ തുടർന്ന് വിക്ഷേപണം നീട്ടിവെച്ചിരുന്നു . ഇന്ത്യൻ വംശജയായ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരിയായ കൽപനാ ചൗളയുടെ പേരാണ് ചരക്ക് ക്യാപ്തളിന് നൽകിയിരുന്നത് . ആന്റ്റെസ് റോക്കറ്റിൽ കഴിഞ്ഞ വെള്ളിയാഴ്ച്ച വിർജിനിയയിലെ വാലോസ് ദ്വീപിൽ നിന്നായിരുന്നു വിക്ഷേപണം . 40 മുള്ളങ്കി വിത്തുകളാണ് ബഹിരാകാശത്തേക്ക്
എത്തിച്ചിരിക്കുന്നത് . ഒരു മാസത്തിനുള്ളിൽ ഇവ ബഹിരാകാശ നിലയത്തിൽ വളർത്തി വിളവെടുക്കുകയാണ് ലക്ഷ്യം . ബഹിരാകാശത്ത് കൂടുതൽ വിപുലമായ ‘ കൃഷി ‘ ആരംഭിക്കുന്നതിന്റെ ആദ്യ പടിയായാണ് മുള്ളങ്കി വിത്തുകളെ കണക്കാക്കുന്നത് . ബഹിരാകാശത്തെ ഭക്ഷ്യ സ്വയംപര്യാപ്തതയെന്ന വലിയ ലക്ഷ്യത്തിലേക്കുള്ള ചവിട്ടുപടികളായാണ് ഇതിനെ കണക്കാക്കുന്നത് . ഭാവിയിലെ ചാന്ദ്ര- ചൊവ്വാ ദൗത്യങ്ങളിൽ സഞ്ചാരികളുടെ ഭക്ഷണം അവർ തന്നെ വിളയിച്ചെടുക്കുകയെന്നതും ലക്ഷ്യമാണ് . വേരുകളിൽ വളരുന്ന ഭക്ഷ്യവസ്തുക്കളും കുരുമുളകും തക്കാളിയുമൊക്കെ വരും വർഷങ്ങളിൽ ബഹിരാകാശത്ത് വിളയുമെന്നാണ് പ്രതീക്ഷ .