അതിവേഗത്തില്‍ 1000 റണ്‍സ്, സച്ചിന്റെയും ഡിവില്ലിയേഴ്‌സിന്റെയും റെക്കോഡ് തകര്‍ത്ത് വാര്‍ണര്‍

ചെന്നൈ: 2023 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരായ മത്സരത്തിലൂടെ റെക്കോഡ് ബുക്കിലിടം നേടി ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം ഡേവിഡ് വാര്‍ണര്‍. ഏകദിന ലോകകപ്പില്‍ അതിവേഗത്തില്‍ 1000 റണ്‍സ് നേടുന്ന താരം എന്ന റെക്കോഡാണ് വാര്‍ണര്‍ സ്വന്തമാക്കിയത്. ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍, ദക്ഷിണാഫ്രിക്കയുടെ മിസ്റ്റര്‍ 360 എ.ബി.ഡിവില്ലിയേഴ്‌സ് എന്നിവരുടെ പേരിലുള്ള റെക്കോഡാണ് വാര്‍ണര്‍ മറികടന്നത്. ലോകകപ്പില്‍ 19 ഇന്നിങ്‌സുകളില്‍ നിന്നാണ് വാര്‍ണര്‍ 1000 റണ്‍സ് എടുത്തത്. ഡിവില്ലിയേഴ്‌സും സച്ചിനും 1000 റണ്‍സെടുക്കാന്‍ 20 ഇന്നിങ്‌സുകളെടുത്തു. ഇന്ത്യയ്‌ക്കെതിരായ മത്സരത്തില്‍ വാര്‍ണര്‍ 41 റണ്‍സെടുത്ത് പുറത്തായി. 21 ഇന്നിങ്‌സുകളില്‍ നിന്ന് 1000 റണ്‍സെടുത്ത വിവിയന്‍ റിച്ചാര്‍ഡ്‌സ്, സൗരവ് ഗാംഗുലി എന്നിവരാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തില്‍ 22 റണ്‍സ് നേടിയാല്‍ വാര്‍ണറുടെ റെക്കോഡ് രോഹിത് ശര്‍മ മറികടക്കും. നിലവില്‍ ഇന്ത്യന്‍ ക്യാപ്റ്റന്റെ അക്കൗണ്ടില്‍ 17 ഇന്നിങ്‌സില്‍ നിന്നായി 978 റണ്‍സുണ്ട്. ഇന്നത്തെ മത്സരത്തിലോ അടുത്ത മത്സരത്തിലോ ആയി 22 റണ്‍സെടുത്താല്‍ രോഹിത്തിന് റെക്കോഡ് സ്വന്തമാക്കാം.