ഓട്ടോമൊബൈലൽ വില്‍പ്പനയില്‍ മുന്നേറ്റം നടത്തിയ കാര്‍ മോഡലുകള്‍ ഏതൊക്കെയെന്ന് അറിയേണ്ടേ? ഒക്ടോബറിലെ വില്‍പ്പനയില്‍ ഒന്നാമനാര്? നെക്‌സോണോ ഫ്രോങ്‌സോ അല്ല, ജനപ്രിയന്‍ എര്‍ട്ടിഗ

കഴിഞ്ഞ കുറച്ച് മാസങ്ങളായി ഓട്ടോമൊബൈല്‍ വ്യവസായത്തിന്റെ മുന്നേറ്റം മന്ദഗതിയിലാണ്. എന്നാല്‍ നവരാത്രിയും ദീപാവലിയും ഒന്നിച്ചെത്തിയ ഇത്തവണത്തെ ഒക്ടോബറില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വില്‍പ്പനയില്‍ മികച്ച മുന്നേറ്റവും കാണാനായി. മൊത്തം വാഹനവില്‍പ്പനയില്‍ 32 ശതമാനത്തിന്റെ വര്‍ധനവാണ് ഒക്ടോബറില്‍ കാണാനായത്. വില്‍പ്പനയില്‍ മുന്നേറ്റം നടത്തിയ കാര്‍ മോഡലുകള്‍ ഏതൊക്കെയെന്ന് അറിയേണ്ടേ?
മാരുതി സുസുക്കി എര്‍ട്ടിഗ

2024 ഒക്ടോബറില്‍, മാരുതി സുസുക്കി എര്‍ട്ടിഗയുടെ 18,785 യൂണിറ്റുകളാണ് കമ്പനി വിറ്റത്. കഴിഞ്ഞ വര്‍ഷം ഇതേമാസം 14,209 യൂണിറ്റുകളായിരുന്നു കമ്പനി വിറ്റത്. 32 ശതമാനത്തിന്റെ വാര്‍ഷിക വളര്‍ച്ചയാണ് എര്‍ട്ടിഗയുടെ വില്‍പ്പനയില്‍ കമ്പനി നേടിയത്. മള്‍ട്ടി യൂട്ടിലിറ്റി വെഹിക്കിള്‍ (എംയുവി) വിഭാഗത്തില്‍ എര്‍ട്ടിഗയുടെ ജനപ്രീതി ഒട്ടും കുറഞ്ഞിട്ടില്ലെന്നുതന്നെ ഇത് സൂചിപ്പിക്കുന്നു.
മാരുതി സുസുക്കി സ്വിഫ്റ്റ്

ഈ ഒക്ടോബറില്‍ ഇന്ത്യന്‍ വിപണിയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട രണ്ടാമത്തെ കാര്‍ മാരുതി സുസുക്കി സ്വിഫ്റ്റാണ്. ഈ വാഹനത്തിന്റെ 17,539 യൂണിറ്റുകള്‍ ഇത്തവണ വില്‍ക്കാന്‍ സാധിച്ചെങ്കിലും 2023 ഒക്ടോബറിനെ അപേക്ഷിച്ച് സ്വിഫ്റ്റിന്റെ വില്‍പ്പനയില്‍ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. 2023 ഒക്ടോബറില്‍ 20,598 യൂണിറ്റ് സ്വിഫ്റ്റാണ് കമ്പനി വിറ്റത്. വില്‍പ്പനയില്‍ 15 ശതമാനത്തിന്റെ കുറവാണ് ഇത്തവണ സംഭവിച്ചത്.
ഹ്യുണ്ടായ് ക്രെറ്റ

ആദ്യമായി വില്‍പ്പനയ്‌ക്കെത്തിയതു മുതല്‍ സ്ഥിരത നിലനിര്‍ത്തുന്ന വാഹനമാണ് ഹ്യുണ്ടായിയുടെ മിഡ് സൈസ് എസ്‌യുവിയായ ക്രെറ്റ. 2024 ഒക്ടോബറില്‍ വാഹനത്തിന്റെ 17,497 യൂണിറ്റുകളാണ് കമ്പനി വിറ്റത്. 2023 ഒക്ടോബറില്‍ വിറ്റത് 13,077 യൂണിറ്റുകളും. ക്രെറ്റയുടെ വില്‍പ്പനയില്‍ 34 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് കമ്പനി രേഖപ്പെടുത്തിയത്.
മാരുതി സുസുക്കി ബ്രെസ

2024 ഒക്ടോബറില്‍ ബ്രെസയുടെ 16,565 യൂണിറ്റുകളാണ് കമ്പനി വിറ്റത്. 2023 ഒക്ടോബറില്‍ ഇത് 16,050 യൂണിറ്റുകളായിരുന്നു. കോംപാക്റ്റ് എസ്‌യുവിയായ ബ്രെസയുടെ വളര്‍ച്ചയില്‍ മൂന്ന് ശതമാനത്തിന്റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വാഹനത്തിന്റെ സിഎന്‍ജി, ഓട്ടോമാറ്റിക് വേരിയന്റുകള്‍ക്ക് വിപണിയില്‍ വലിയ സ്വീകാര്യതയാണ്.
മാരുതി സുസുക്കി ഫ്രോങ്‌സ്

മാരുതി കോംപാക്ട് ക്രോസ് ഓവര്‍ ശ്രേണിയില്‍ എത്തിച്ച ഫ്രോങ്സ് 45 ശതമാനത്തിന്റെ വാര്‍ഷിക വര്‍ധനവാണ് രേഖപ്പെടുത്തിയത്. 2024 ഒക്ടോബറില്‍ 16,419 യൂണിറ്റുകളാണ് കമ്പനി വിറ്റത്. 2023 ഒക്ടോബറില്‍ ഇത് 11,357 യൂണിറ്റുകളായിരുന്നു.
മാരുതി സുസുക്കി ബലേനോ

മാരുതിയുടെ പ്രീമിയം ഹാച്ച്ബാക്ക് മോഡലായ ബലേനോയുടെ വില്‍പ്പനയില്‍ ഇത്തവണ നേരിയ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2024 ഒക്ടോബറില്‍ 16,082 യൂണിറ്റുകള്‍ വിറ്റു, 2023 ഒക്ടോബറില്‍ ഇത് 16,594 യൂണിറ്റുകളായിരുന്നു. മൂന്ന് ശതമാനത്തിന്റെ നേരിയ വാര്‍ഷിക ഇടിവ്. പ്രീമിയം ഹാച്ച്ബാക്ക് എന്ന നിലയില്‍ ജനപ്രിയ മോഡലാണെങ്കിലും ഈ വിഭാഗത്തില്‍ ബലേനോയുടെ എതിരാളികളില്‍ നിന്ന് വലിയ വെല്ലുവിളിയാണ് വാഹനം നേരിടുന്നത്. വില്‍പ്പനയിലെ ഇടിവ് സൂചിപ്പിക്കുന്നതും അതു തന്നെ.
ടാറ്റ പഞ്ച്

തദ്ദേശീയ കാര്‍ നിര്‍മ്മാതാക്കളില്‍ നിന്ന് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറുകളിലൊന്നാണ് ടാറ്റ പഞ്ച്. 2024 ഒക്ടോബറില്‍ പഞ്ചിന്റെ 15,740 യൂണിറ്റുകളുടെ വില്‍പ്പനയാണ് ടാറ്റ് രേഖപ്പെടുത്തിയത്. 2023 ഒക്ടോബറില്‍ വിറ്റ 15,317 യൂണിറ്റുകളേക്കാള്‍ മൂന്ന് ശതമാനം വര്‍ധന.
മഹീന്ദ്ര സ്‌കോര്‍പിയോ

വില്‍പ്പനയില്‍ 15 ശതമാനത്തിന്റെ വളര്‍ച്ചാണ് എസ്‌യുവി ശ്രേണിയിലെ അതികായനായ സ്‌കോര്‍പിയോ രേഖപ്പെടുത്തിയിട്ടുള്ളത്. 2024 ഒക്ടോബറില്‍ വാഹനത്തിന്റെ 15,677 യൂണിറ്റുകള്‍ കമ്പനി വിറ്റു. 2023 ഒക്ടോബറില്‍ ഇത് 13,578 യൂണിറ്റുകളായിരുന്നു.
ടാറ്റ നെക്‌സോണ്‍

ടാറ്റയുടെ കോംപാക്ട് എസ്യുവിയായ നെക്സോണ്‍ ഈ സെഗ്മെന്റിലെ വില്‍പ്പനയില്‍ കഴിഞ്ഞ കുറേക്കാലമായി ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന വാഹനമാണ്. എന്നാല്‍ ഇത്തവണത്തെ കണക്കില്‍ 13 ശതമാനത്തിന്റെ ഇടിവാണ് നെക്‌സോണിന്റെ വില്‍പ്പനയില്‍ ടാറ്റയ്ക്ക് സംഭവിച്ചിരിക്കുന്നത്. 2023 ഒക്ടോബറിലെ 16,887 യൂണിറ്റുകളെ അപേക്ഷിച്ച് ഇത്തവണ 14,759 യൂണിറ്റുകളാണ് കമ്പനിക്ക് വില്‍ക്കാന്‍ സാധിച്ചത്.
മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര

മാരുതിയുടെ പ്രീമിയം എസ്‌യുവിയായ ഗ്രാന്‍ഡ് വിറ്റാര 30 ശതമാനം വര്‍ധനവാണ് ഇത്തവണ രേഖപ്പെടുത്തിയത്. 1.5 ലിറ്റര്‍ പെട്രോള്‍ വേരിയന്റും 1.5 ലിറ്റര്‍ സ്‌ട്രോങ് ഹൈബ്രിഡ് വേരിയന്റും ഇന്ത്യക്കാര്‍ക്ക് പ്രിയപ്പെട്ടതാണ്. 2023 ഒക്ടോബറില്‍ 10,834 യൂണിറ്റുകള്‍ വിറ്റ കമ്പനി ഇത്തവണ ഒക്ടോബറില്‍ 14,083 യൂണിറ്റുകളാണ് വിറ്റഴിച്ചത്.