KSDLIVENEWS

Real news for everyone

ഇസ്രായേല്‍ ഫുട്ബോള്‍ പ്രേമികളും പലസ്തീൻ അനുകൂലികളും തമ്മില്‍ കൂട്ടത്തല്ല്; ഹമാസ് ആക്രമണത്തോട് ഉപമിച്ച്‌ ഇസ്രായേല്‍

SHARE THIS ON

ആംസ്റ്റ‍ർഡാം: യൂറോപ്പ ലീഗ് മത്സരം കാണാനെത്തിയ ഇസ്രായേല്‍ ഫുട്ബോള്‍ പ്രേമികളും പലസ്തീൻ അനുകൂലികളും തമ്മില്‍ കൂട്ടത്തല്ല്.

മക്കാബി ടെല്‍ അവീവും അയാക്സും തമ്മിലുള്ള മത്സരത്തിന് മുമ്ബും ശേഷവും ഇസ്രായേല്‍ ഫുട്ബോള്‍ പ്രേമികളും ‌പലസ്തീൻ അനുകൂലികളും തമ്മില്‍ സംഘ‍ർഷമുണ്ടായതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. ആംസ്റ്റർഡാമിലാണ് സംഭവം.

സംഘർഷത്തില്‍ 10 ഇസ്രായേല്‍ പൗരൻമാർക്ക് പരിക്കേറ്റെന്നും രണ്ട് പേരെ കാണാതായെന്നും ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തേയ്ക്ക് മടങ്ങിയെത്താൻ അടിയന്തരമായി വിമാനങ്ങള്‍ അയക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ ഓഫീസ് അറിയിച്ചിരുന്നു. സംഘർഷത്തെ ഇസ്രായേല്‍ പ്രസിഡൻ്റ് ഐസക് ഹെർസോഗ് അപലപിച്ചു. 2023 ഒക്ടോബർ 7 ലെ ഹമാസ് ആക്രമണത്തിന് സമാനമായ സംഭവമാണ് ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നഗരമധ്യത്തില്‍ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് സുരക്ഷ ശക്തമാക്കിയിരുന്നു. നഗരത്തില്‍ പ്രതിഷേധം നിരോധിച്ചിട്ടും പലസ്തീൻ അനുകൂല പ്രക്ഷോഭകർ സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചത് വീണ്ടും സ്ഥിതിഗതികള്‍ വഷളാക്കി. ഇതേ തുടർന്ന് 57 ഓളം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അയാക്സിന്റെ ഹോം സ്റ്റേഡിയമായ ജോണ്‍ ക്രൈഫ് അരീനയില്‍ നടന്ന മത്സരത്തില്‍ അയാക്‌സ് എതിരില്ലാത്ത 5 ഗോളുകള്‍ക്ക് ജയിച്ചു. ഈ മാസം 28ന് ഇസ്താംബൂളില്‍ ഒരു തുർക്കി ക്ലബ്ബിനെതിരെയാണ് മക്കാബി ടെല്‍ അവീവിന്റെ അടുത്ത മത്സരം. തുർക്കി അധികൃതരുടെ ആവശ്യ പ്രകാരം മത്സരം ഒരു നിഷ്പക്ഷ വേദിയിലേയ്ക്ക് മാറ്റിയതായാണ് റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!