KSDLIVENEWS

Real news for everyone

വൈദ്യുതി കണക്ഷനുള്ള ചെലവ് കിലോവാട്ട് നിരക്കിലേക്ക്: ഉയര്‍ന്ന തുക ശുപാര്‍ശചെയ്ത് കെ.എസ്.ഇ.ബി

SHARE THIS ON

തിരുവനന്തപുരം: വൈദ്യുതി കണക്ഷനെടുക്കുന്നതിനുള്ള ചെലവ് ലോഡിന്റെ അടിസ്ഥാനത്തിലാക്കാന്‍ കെഎസ്ഇബി വൈദ്യുതി റെഗുലേറ്ററി കമ്മിഷന് അപേക്ഷ നല്‍കി. ആവശ്യമായിവരുന്ന ലൈനിന്റെയും പോസ്റ്റിന്റെയും വില കണക്കാക്കിയാണ് ഇതുവരെ നിരക്ക് നിശ്ചയിച്ചിരുന്നത്. പോസ്റ്റ് വേണ്ടവര്‍ക്കും വേണ്ടാത്തവര്‍ക്കും ഒരേനിരക്ക് ഏര്‍പ്പെടുത്താനാണ് തീരുമാനം. പോസ്റ്റ് വേണ്ടവര്‍ക്ക് നിലവിലെ രീതിയെക്കാള്‍ ലാഭകരമാണിത്. വേണ്ടാത്തവര്‍ക്ക് നഷ്ടവും.

ഏകീകൃതനിരക്ക് ഇതിനകം പല സംസ്ഥാനങ്ങളും നടപ്പാക്കിയിട്ടുണ്ട്. എന്നാല്‍, ഇതിനായി കെഎസ്ഇബി ശുപാര്‍ശചെയ്ത തുക കൂടുതലാണെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഗാര്‍ഹിക കണക്ഷന് കിലോവാട്ടിന് 1800 രൂപയാണ് കെഎസ്ഇബി അപേക്ഷയില്‍ ആവശ്യപ്പെട്ടത്. നിലവില്‍ പോസ്റ്റ് വേണ്ടാത്ത, റോഡില്‍നിന്ന് 32 മീറ്റര്‍വരെ ദൂരത്തിലുള്ള സിംഗിള്‍ ഫെയ്സ് കണക്ഷന് 1914 രൂപയാണ് നല്‍കേണ്ടത്. ത്രീഫെയ്സ് കണക്ഷന് 4642 രൂപയും.

കിലോവാട്ട് നിരക്കില്‍ ഈ ചെലവ് ഏകീകരിക്കുന്നതോടെ, 1914 രൂപയ്ക്കുപകരം കിലോവാട്ടിന് 1800 രൂപവീതം നല്‍കണം. അഞ്ചുകിലോവാട്ടുവരെ സിംഗിള്‍ ഫെയ്സാണ്. നാല് കിലോവാട്ടുള്ള കണക്ഷന് ഇത് 7200 രൂപയാവും. ത്രീഫെയ്സിലും സമാനവര്‍ധനയുണ്ടാവും.

എന്നാല്‍, നിലവില്‍ പോസ്റ്റുവേണ്ട കണക്ഷനാണെങ്കില്‍ പോസ്റ്റ് ഒന്നിന് സ്റ്റേ ഉള്‍പ്പെടെ 11,000 രൂപ നല്‍കണം. കിലോവാട്ട് നിരക്ക് വരുന്നതോടെ ഈ ചെലവ് ഇല്ലാതാവും. കേരളത്തില്‍ പുതുതായി എടുക്കുന്ന ഭൂരിഭാഗം കണക്ഷനുകളിലും പോസ്റ്റ് വേണ്ടിവരുന്നില്ല. അതിനാല്‍ ഇതിന്റെ ലാഭം കിട്ടുന്നവര്‍ കുറവായിരിക്കാനാണ് സാധ്യത.

വീടുകളില്‍ താഴ്ന്നലോഡുള്ള കണക്ഷന്‍ എടുക്കുന്നവര്‍ക്ക് വലിയ വര്‍ധനവരാത്തവിധം തുക നിശ്ചയിക്കാനാണ് റെഗുലേറ്ററി കമ്മിഷന്‍ ആവശ്യപ്പെട്ടിരുന്നത്. അത് കെഎസ്ഇബി പാലിച്ചില്ലെന്നാണ് ആക്ഷേപം. ഇക്കാര്യത്തില്‍ കമ്മിഷന്‍ ഇടപെടേണ്ടിവരും. കെഎസ്ഇബിയുടെ ശുപാര്‍ശ വിവിധവിഭാഗം ഉപഭോക്താക്കളുടെ അഭിപ്രായങ്ങള്‍ കേട്ടശേഷമായിരിക്കും കമ്മിഷന്‍ അന്തിമമാക്കുക.

ഏകീകൃത നിരക്ക് നിശ്ചയിക്കുമ്പോള്‍ പലനേട്ടങ്ങളുമുണ്ട്. ഇപ്പോഴത്തെ പോലെ കണക്ഷന്‍ കിട്ടാന്‍ കെഎസ്ഇബി ഉദ്യോഗസ്ഥരുടെ എസ്റ്റിമേറ്റ് കാത്തിരിക്കേണ്ടിവരില്ല. അപേക്ഷ നല്‍കുമ്പോള്‍ത്തന്നെ കിലോവാട്ട് കണക്കാക്കി ഫീസ് അടയ്ക്കാം. കണക്ഷനുള്ള കാലതാമസം ഇതോടെ ഒഴിവാകും. പോസ്റ്റുകളുടെ ആവശ്യകതയുടെ കാര്യത്തില്‍ ഉദ്യോഗസ്ഥരെടുക്കുന്ന ഏകപക്ഷീയമായ തീരുമാനങ്ങളുടെ അധികബാധ്യതയും ഉപഭോക്താവ് നേരിടേണ്ടിവരില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!