കുമ്പളയിൽ ഗതാഗതപരിഷ്കാരംവന്നെങ്കിലും പാർക്കിങ് തോന്നുംപോലെ

കുമ്പള: നഗരത്തിൽ കൊട്ടിഗ്‌ഘോഷിച്ച് ഗതാഗതപരിഷ്കാരം നടപ്പാക്കിയെങ്കിലും വാഹനങ്ങളുടെ അനധികൃത പാർക്കിങ്ങിന് കുറവില്ല. നഗരത്തിലേക്ക് പ്രവേശിക്കുന്ന സർക്കിളിന് എതിർവശം വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്ന് കർശന നിർദേശങ്ങളുണ്ടെങ്കിലും ഇരുചക്രവാഹനങ്ങളും മറ്റു സ്വകാര്യവാഹനങ്ങളും യഥേഷ്ടം പാർക്ക് ചെയ്യുന്നു. വ്യാപാരസ്ഥാപനങ്ങൾക്ക് മുൻപിലുള്ള പാർക്കിങ് വ്യാപാരികൾക്കും കടയിലെത്തുന്നവർക്കും പ്രയാസമുണ്ടാക്കുന്നുണ്ട്.
ഗതാഗതപരിഷ്കാരം പ്രായോഗികതലത്തിൽ കൊണ്ടുവരുന്നതിനുള്ള പരിശോധനകൾ കാര്യമായി നടക്കുന്നില്ലെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. ഗതാഗതക്കുരുക്കിന് പരിഹാരമെന്നനിലയിൽ നടപ്പാക്കിയ പരിഷ്കാരത്തെത്തുടർന്ന് വഴിയോര കച്ചവടം നീക്കിയിരുന്നെങ്കിലും അനധികൃത പാർക്കിങ് തടയാൻ നടപടിയെടുത്തില്ല. ഗതാഗതപരിഷ്കരണത്തിലെ അപാകത്തെക്കുറിച്ച് വ്യാപാരികളടക്കമുള്ളവർ ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും പരിഗണിച്ചിട്ടില്ല.
ഒക്ടോബർ ആദ്യം താത്കാലികമായി നടപ്പാക്കിയ ഗതാഗതപരിഷ്കരണത്തിന് പൊതുവെ അംഗീകാരം ലഭിച്ചിരുന്നതിനെത്തുടർന്ന് ഒക്ടോബർ 17 മുതൽ സ്ഥിരപ്പെടുത്തുകയായിരുന്നു. പരിഷ്കരണത്തെത്തുടർന്നുണ്ടായ ബുദ്ധിമുട്ടുകളും, പ്രശ്നങ്ങളും അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയതായി വ്യാപാരികൾ പറയുന്നു. കുമ്പള-മുള്ളേരിയ കെഎസ്ടിപി റോഡിൽ അഞ്ച് ബസ് ബേ ഒരുക്കിയാണ് പുതിയ സംവിധാനം. നിലവിൽ മലയോരമേഖലയിൽനിന്ന് വിദ്യാർഥികളുൾപ്പടെയുള്ള യാത്രക്കാർ ബദിയടുക്ക റോഡിലാണ് ഇറങ്ങുന്നത്. തീവണ്ടിയാത്രക്കാരെയും ഇത് അലട്ടുന്നുണ്ട്. റെയിൽവേ സ്റ്റേഷനിലേക്ക് യാത്രക്കാർക്ക് ഏറെ നടക്കേണ്ടതായി വരുന്നു. റെയിൽവേ യാത്രക്കാരെ പഴയ ബസ്‌സ്റ്റാൻഡിൽ ഏതെങ്കിലും ഒരു ഭാഗത്ത് ഇറക്കാൻ അനുവദിച്ചാൽ ആശ്വാസമാകും.
എല്ലാവിഭാഗം ജനങ്ങളുമായും സംസാരിച്ചാണ് പരിഷ്കാരം നടപ്പാക്കിയതെന്ന് അധികൃതർ പറയുമ്പോഴും സഹകരിക്കാത്ത ചിലരാണ് പ്രശ്നങ്ങളുണ്ടാക്കുന്നതെന്നാണ് ആക്ഷേപം. ഗതാഗതപരിഷ്കരണവുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കും വ്യാപാരികൾക്കും നേരിട്ട പ്രശ്നങ്ങൾ ചർച്ചചെയ്യാൻ കുമ്പള ഗ്രാമപ്പഞ്ചായത്ത് യോഗം വിളിച്ചിരുന്നു. പൊതുജനങ്ങളുടെയും വ്യാപാരികളുടെയും രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെയും നിർദേശങ്ങൾ ചെവിക്കൊള്ളാതെ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ പരിഷ്കരണവുമായി പഞ്ചായത്ത് ഭരണസമിതിയും പോലീസ് അധികാരികളും മുന്നോട്ടുപോവുകയാണെന്നും ആക്ഷേപമുണ്ട്.
പരാതികൾ പരിഹരിക്കും
യോഗം നടന്നിരുന്നെന്നും വ്യാപാരികളുൾപ്പടെയുള്ളവർ ഉന്നയിച്ച പരാതികൾക്ക് പരിഹാരം കാണുമെന്നും കുമ്പള ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡൻറ് നാസർ മൊഗ്രാൽ പറഞ്ഞു.

