KSDLIVENEWS

Real news for everyone

6.25 മീറ്റർ സർവീസ് റോഡ് ടൂവേ ആണെന്ന് ദേശീയപാത വിഭാഗം: അപകടഭീതിയിൽ, വലിയ കുരുക്കും അപകട സാധ്യതയും

SHARE THIS ON

കാസർകോട്: ദേശീയപാതയിൽ സർവീസ് റോഡിൽ ഒരേ നിരയിൽ തന്നെ വാഹനങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നത് ജീവനു ഭീഷണിയാകുന്നു. 6.25 മീറ്റർ സർവീസ് റോഡ് ടൂവേ ആണെന്ന് ദേശീയപാത വിഭാഗം അറിയിപ്പുണ്ട്. എന്നാൽ, വാഹനങ്ങൾ കയറാൻ സൗകര്യം ഇല്ലാത്ത നടപ്പാതയിൽ പോലും കാർ, മിനിലോറികൾ തുടങ്ങിയവ നേർക്കുനേർ വരുന്നതു പതിവായി. ഓർക്കാപ്പുറത്താണ് ഇങ്ങനെ വാഹനങ്ങൾ കടന്നുവരുന്നത്. ഒരു ബസ് മുന്നിലുണ്ടെങ്കിൽ ഒരു കാറിനു കഷ്ടിച്ചു മറികടന്നു പോകാനുള്ള സൗകര്യം മാത്രമാണു സർവീസ് റോഡിൽ ഉള്ളത്.

ഇതിനിടയിലാണ് മറുഭാഗത്തു നിന്നുള്ള വാഹനത്തിന്റെ വരവ്. ഇതു വലിയ കുരുക്കും വാഹനാപകട സാധ്യതയും ഉണ്ടാക്കുന്നു. നടപ്പാതയുള്ള ഇടങ്ങളിൽ തന്നെ ട്രാൻസ്ഫോമർ, വൈദ്യുത പോസ്റ്റ് തുടങ്ങിയവ ഉണ്ടെങ്കിൽ കാൽനട യാത്രികർക്ക് റോഡിൽ ഇറങ്ങേണ്ടി വരുന്നു. ഇത് വാഹനങ്ങളുടെ പോക്കുവരവിന് തടസ്സം ഉണ്ടാക്കുന്നുണ്ട്. ഇരുചക്ര വാഹനങ്ങൾ പലതും നടപ്പാതകളിൽ കയറിവരുന്നതും പതിവാണ്. 

വിവിധ സ്ഥാപനങ്ങളുടെ അരികിലുള്ള നടപ്പാതകളിൽ വാഹനങ്ങൾ കയറ്റി വയ്ക്കുന്നതു കാരണം ഇവിടെയും കാൽനട യാത്രക്കാർ റോഡിൽ ഇറങ്ങണം. ചരക്കു ലോറികൾ ഉൾപ്പെടെയുള്ളവ സ്ഥാപനങ്ങളിൽ ലോഡ് ഇറക്കാനും കയറ്റാനും തിരിക്കുന്നതിനിടെയുള്ള കുരുക്ക് വേറെയുമുണ്ട്. സർവീസ് റോഡ് ആവശ്യമായ വീതി ഇല്ലാത്തതിന്റെ ദുരിതം മുഴുവൻ വാഹനങ്ങൾ ഓടിക്കുന്നവരും കാൽനട യാത്രക്കാരും അനുഭവിക്കുന്നു. സമയവും ഇന്ധനവും സാമ്പത്തിക നഷ്ടവും ഏറെ.

കാസർകോട് പുതിയ ബസ് സ്റ്റാൻഡ് കഴിഞ്ഞു നാഷനൽ റേഡിയോ ഇലക്ട്രോണിക്സ് മുതൽ പെട്രോൾ ബങ്ക് വരെയുള്ള 60 മീറ്റർ സർവീസ് റോഡിന് 6 മീറ്റർ വീതിയേയുള്ളൂ. നടപ്പാത ഭാഗം സർവീസ് റോഡായി. നടപ്പാത സർവീസ് റോഡിലേക്കു മാറ്റിയപ്പോൾ ഇതിന്റെ മധ്യഭാഗത്ത് തന്നെയാണു വൈദ്യുത പോസ്റ്റ് ഉള്ളത്. ഇവിടെയും യാത്രക്കാർക്ക് ദുരിതം ഇരട്ടിയായി. ട്രാഫിക് നിയമം ലംഘിച്ചുള്ള ഡ്രൈവിങ്ങും വില്ലനായി സർവീസ് റോഡിൽ.

സർവീസ് റോഡിലെ അപര്യാപ്തതകളും അപായ ഭീഷണിയും മുന്നിൽ കാണുമ്പോഴും ജില്ലാ ഭരണകൂടം ഉൾപ്പെടെ പുറംതിരിഞ്ഞു നിൽപാണ്. എല്ലാം ദേശീയപാത അതോറിറ്റിയുടെ കാര്യമെന്നു പറഞ്ഞു തള്ളുന്നു അവർ. നിയമ പരിപാലനം നടത്തേണ്ടവരും നിസ്സഹായാവസ്ഥ പറഞ്ഞു കൈമലർത്തുന്നു. ദേശീയപാതയുടെ ഇരുഭാഗത്തുമുള്ള രണ്ടുവരി വീതമുള്ള സർവീസ് റോഡിൽ സുഗമമായ വാഹനഗതാഗതവും കാൽനട യാത്രയും അധികൃതർ ഉറപ്പാക്കണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!