490 കോടി മുടക്കിയ വിവാഹമാമാങ്കം കഴിഞ്ഞ് വെറും ഒരാഴ്ച, വരന് ജീവപര്യന്തം, നേരെ ജയിലിലേക്ക്?
ഒറ്റദിവസം കൊണ്ട് സോഷ്യല്‍ മീഡിയയിലെങ്ങും വൈറലാവുകയും, ലോകത്തിന്റെയാകെ ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്ത വധൂവരന്മാരാണ് മഡലെയ്ൻ ബ്രോക്ക്വേയും ജേക്കബ് ലാഗ്രോണും.
26 -കാരിയായ സംരംഭകയാണ് മഡലെയ്ൻ. അവരുടെ ദീര്‍ഘകാലത്തെ കാമുകനായിരുന്നു 29 -കാരൻ ലാഗ്രോണ്‍. ഇവരുടെ കല്ല്യാണത്തിന് വേണ്ടി പൊടിപൊടിച്ചത് ഒന്നും രണ്ടും കോടി രൂപയൊന്നുമല്ല, 490 കോടി രൂപയാണ്. ഒരു നൂറ്റാണ്ടിലെ തന്നെ വിവാഹമാമാങ്കമായിട്ടാണ് ഈ കല്ല്യാണം വാര്‍ത്തകളില്‍ നിറഞ്ഞത് തന്നെ.
യൂട്ടയിലെ കാന്യോണ് പോയിന്റിലെ ആഡംബര റിസോര്‍ട്ടായ അമൻഗിരിയില്‍ വച്ച് ബാച്ചിലര്‍ വീക്കോടെയായിരുന്നു വിവാഹമാമാങ്കം ആരംഭിച്ചത്. ഒറ്റരാത്രി തങ്ങാന്‍ ഏറ്റവും കുറഞ്ഞത് രണ്ടരലക്ഷത്തിലധികം വേണം അവിടെ. ബാച്ചിലര്‍ പാര്‍ട്ടിക്ക് ശേഷം വധൂവരന്മാരും അതിഥികളും പാരിസിലേക്ക്. അതിഥികളെ കൊണ്ടുപോയത് സ്വകാര്യജെറ്റില്‍. ചടങ്ങുകള്‍ നടന്നത് വെര്‍സൈല്‍സ് കൊട്ടാരത്തില്‍. മറൂണ്‍ 5 എന്ന പ്രശസ്ത ബാന്‍ഡിന്റെ പരിപാടി വേറെ. കൂടാതെ ലക്ഷങ്ങളുടെ വസ്ത്രങ്ങളും അലങ്കാരങ്ങളും… എല്ലാം കൊണ്ട് വിവാഹം ആകെ കളറായി മാറി.
വധുവായ മഡലെയ്ന്റെ അച്ഛന് റോബര്‍ട്ട് ബോബ് ബ്രോക്ക്വേയ്ക്ക് കാര്‍ ഡീലര്‍ ബിസിനസാണ്. മെഴ്സിഡസ് – ബെൻസ് ഡീലര്‍ഷിപ്പുകള്‍ ഉള്‍പ്പെടുന്ന ബില്‍ ഉസ്സേരി മോട്ടോഴ്സിന്റെ ചെയര്‍മാനും സിഇഒയുമാണ് അദ്ദേഹം. ഏതായാലും വിവാഹത്തോടെ ദമ്ബതികള്‍ വൈറലായി.
എന്നാലിപ്പോള്‍ മാസങ്ങള്‍ക്ക് മുമ്ബ് നടന്ന ഒരു കുറ്റകൃത്യത്തില്‍ ആകെ പെട്ടിരിക്കയാണ് ലാഗ്രോണ്‍. ഇയാള്‍ക്ക് ജീവപര്യന്തം തടവ് കിട്ടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്ന് പൊലീസ് ഓഫീസര്‍മാര്‍ക്ക് നേരെ ഇയാള്‍ വെടിയുതിര്‍ത്തു എന്നതാണ് കേസ്. വിവാഹത്തിന് എട്ട് മാസം മുമ്ബ്, ടെക്സാസില്‍ വച്ചാണ് ലാഗ്രോണ്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിയുതിര്‍ത്തത് എന്നും പറയുന്നു. മൂന്ന് കേസുകളാണ് ലാഗ്രോണിനെതിരെയുള്ളതത്രെ.
നവംബര്‍ 30 -ന് വ്യാഴാഴ്ച, ഫോര്‍ട്ട് വര്‍ത്തിലെ ടാരന്റ് കൗണ്ടി കോടതിയില്‍ ലാഗ്രോണ്‍ വിചാരണയ്ക്ക് ഹാജരാവുകയും ചെയ്തു എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഭാര്യയായ മഡലെയ്ൻ കോടതിയില്‍ എത്തിയിരുന്നില്ല എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സംഭവം വാര്‍ത്തയായതോടെ ഇവര്‍ തന്റെ ഇൻസ്റ്റ, ടിക്ടോക് പേജുകള്‍ പ്രൈവറ്റാക്കിയിരിക്കുകയാണ്.