കാവ്യ ഉറങ്ങിയിട്ടുണ്ടാകും, രണ്ടുദിവസമായി ഞാൻ ഉറങ്ങിയിട്ടില്ല’; ആഹ്ലാദം പങ്കുവെച്ച് ആരാധകർ; ദിലീപിന്വൻ വരവേല്‍പ്പ്

ആലുവ: നടിയെ ആക്രമിച്ച കേസില്‍ കുറ്റവിമുക്തനായെത്തിയ ദിലീപിന് ആലുവയിലെ വീടിന് മുന്നില്‍ വന്‍വരവേല്‍പ്പ്. ഒട്ടേറെ ആരാധകരാണ് നടനെ കാണാനും അഭിവാദ്യം അര്‍പ്പിക്കാനുമായി ആലുവയിലെ ‘പത്മസരോവരം’ വീടിന് മുന്നില്‍ തടിച്ചുകൂടിയത്. തന്നെ കാണാനായി കാത്തുനിന്നവരെയെല്ലാം ദിലീപ് അഭിവാദ്യം ചെയ്തു. തുടര്‍ന്ന് ആരാധകര്‍ കൊണ്ടുവന്ന കേക്ക് മുറിച്ച് മധുരം പങ്കിട്ടശേഷമാണ് അദ്ദേഹം വീട്ടിലേക്ക് കയറിയത്.
ദിലീപേട്ടാ എന്ന വിളികളുമായാണ് ആരാധകര്‍ നടന് വരുന്നതും കാത്ത് വീടിന് മുന്നില്‍ കാത്തുനിന്നത്. തുടര്‍ന്ന് വീടിന് ഏതാനുംമീറ്റര്‍ അകലെ വാഹനം നിര്‍ത്തി ദിലീപ് ഇവര്‍ക്കരികിലേക്ക് നടന്നെത്തി. ആരാധകരുടെ തിക്കുംതിരക്കും കാരണം ഏറെ പണിപ്പെട്ടാണ് ദിലീപിന് വീട്ടിനുള്ളിലേക്ക് കടക്കാനായത്. തുടര്‍ന്ന് വീട്ടില്‍നിന്ന് തിരിച്ചെത്തി കേക്ക് മുറിച്ച് ആഘോഷത്തില്‍ പങ്കെടുത്ത് നടന് വീണ്ടും വീടിനുള്ളിലേക്ക് മടങ്ങുകയായിരുന്നു.
നേരത്തേ കോടതിപരിസരത്തും ദിലീപ് ആരാധകര്‍ മധുരം വിതരണംചെയ്തിരുന്നു. സ്ത്രീകളടക്കമുള്ള ദിലീപ് ആരാധകര്‍ കോടതി വിധിയില്‍ ആഹ്ലാദം പങ്കുവെയ്ക്കുകയുംചെയ്തു. ”ദിലീപ് നല്ലരീതിയില്‍ തിരിച്ചുവരണമെന്ന പ്രാര്‍ഥനയിലായിരുന്നു. ഞാന്‍ രണ്ടുദിവസമായിട്ട് ഉറങ്ങിയിട്ടില്ല. കാവ്യ ഉറങ്ങിയിട്ടുണ്ടാകും, പക്ഷേ, ഞാന്‍ ഉറങ്ങിയിട്ടില്ല. അത്ര ഇഷ്ടപ്പെട്ട നടനാണ്. ഒരുകുഴപ്പവും വരല്ലേയെന്ന് പ്രാര്‍ഥന മാത്രമേയുണ്ടായിരുന്നുള്ളൂ”, കോടതി പരിസരത്ത് എത്തിയ ദിലീപ് ആരാധികയായ സ്ത്രീ പ്രതികരിച്ചു.
കേസില്‍ കുറ്റവിമുക്തനായതിന് പിന്നാലെ തനിക്കെതിരേ നടന്നത് ഗൂഢാലോചനയാണെന്നായിരുന്നു ദിലീപിന്റെ പ്രതികരണം.
”ക്രിമിനല്‍ ഗൂഢാലോചനയുണ്ട് അത് അന്വേഷിക്കണമെന്ന് മഞ്ജു പറഞ്ഞയിടത്തുനിന്നാണ് എനിക്കെതിരേയുള്ള ഗൂഢാലോചന ആരംഭിക്കുന്നത്. മാധ്യമങ്ങളെയും മാധ്യമപ്രവര്‍ത്തകരെയും കൂട്ടുപിടിച്ച് പോലീസ് കള്ളക്കഥ മെനഞ്ഞു. പക്ഷേ, കോടതിയില്‍ പോലീസിന്റെ കള്ളക്കഥ തകര്‍ന്നു. യഥാര്‍ഥ ഗൂഢാലോചന നടന്നത് എന്നെ പ്രതിയാക്കാനാണ്. എന്റെ കരിയര്‍, എന്റെ ഇമേജ്, എന്റെ ജീവിതം നശിപ്പിക്കാന്‍വേണ്ടി ചെയ്തത്. എന്റെ കൂടെനിന്ന എല്ലാ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും അവരുടെ കുടുംബാംഗങ്ങളോടും നന്ദിയുണ്ട്. എനിക്കുവേണ്ടി കോടിക്കണക്കിന് പേര് പ്രാര്‍ഥിച്ചു. അവരോടെല്ലാം ആത്മാര്‍ഥമായ നന്ദി പറയുന്നു”, ദിലീപ് പറഞ്ഞു.

