കാസർകോട് ജില്ലാ പഞ്ചായത്തിൽ സ്ഥാനാർഥികളുടെ നെഞ്ചിടിപ്പേറും: പോരാട്ടം കടുപ്പിച്ച് ഡിവിഷനുകൾ

കാസർകോട്: വൃശ്ചികത്തിലെ തണുപ്പില്ല. തിരഞ്ഞെടുപ്പ് പ്രവർത്തനം ഉച്ചസ്ഥായിയിലായതോടെ എങ്ങും ജനാധിപത്യത്തിന്റെ താപനില ഉയർന്നുതുടങ്ങിയിട്ടുണ്ട്. വോട്ടെടുപ്പ് ദിനമടുത്തതോടെ അടുക്കും ചിട്ടയോടെയുമുള്ള പ്രവർത്തനങ്ങളിലാണ് നേതാക്കളും പ്രവർത്തകരും. ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകൾക്കപ്പുറം ഇത്തവണ ആകാംക്ഷയുയർത്തുന്നത് ജില്ലാ പഞ്ചായത്തിലേക്കുള്ള മത്സരമാണ്. ഭരണത്തുടർച്ചയ്ക്ക് എൽഡിഎഫും തിരിച്ചുപിടിക്കാൻ യുഡിഎഫും ശക്തമായ പോരാട്ടത്തിലാണ്. നിലവിലെ അംഗസംഖ്യ വർധിപ്പിക്കുമെന്നുറപ്പിച്ച് എൻഡിഎയും രംഗത്തുണ്ട്.
സ്ഥാനാർഥിനിർണയത്തിൽ തുടങ്ങിയ പ്രചാരണം അവാസനഘട്ടത്തിലേക്കടുക്കുമ്പോൾ പ്രവചനാതീതമെന്നനിലയിലാണ് പല ഡിവിഷനുകളിലെയും സ്ഥിതി. ഒരു ഡിവിഷൻ വർധിച്ച് 18 ആയപ്പോൾ നിലവിലെ രാഷ്ട്രീയസാഹചര്യത്തിൽ ഒൻപതെന്ന മാന്ത്രികസംഖ്യയിലെത്തുന്നയാൾ ജില്ലാ പഞ്ചായത്തിൽ അധികാരത്തിലെത്തുമെന്നുറപ്പ്. കണക്കുകൾ പിഴക്കാതിരിക്കാൻ കരുതലോടെയാണ് മുന്നണികളുടെ തിരഞ്ഞെടുപ്പ് പ്രവർത്തനവും.
ഡീലിമിറ്റേഷനിൽ അതിർത്തികൾ മാറി ചില പ്രദേശങ്ങൾ പോകുകയും ചിലത് കൂടിച്ചേരുകയും ചെയ്തതോടെ പഴയരീതിയിലെ വോട്ടുകണക്കുകൾകൊണ്ട് കാര്യമില്ലെന്ന് നേതാക്കൾ സമ്മതിക്കുന്ന കാര്യമാണ്. എങ്കിലും വോട്ടർപട്ടികയെടുത്ത് കീഴ്ഘടകങ്ങൾ മുതൽ കണക്കെടുത്തുകൊണ്ടാണ് അവലോകനം ചെയ്യുന്നത്. ചില ഡിവിഷനുകൾ മുന്നണികൾക്ക് നഷ്ടമാകാതെ കാക്കാനാകുമെന്ന് ഉറപ്പിച്ച് പറയാമെങ്കിലും ആറോളമിടങ്ങളിൽ കടുത്ത മത്സരമാണ് നടക്കുന്നത്. ത്രികോണമത്സരത്തിനൊപ്പം മൂന്നിടങ്ങളിലെ എസ്ഡിപിഐ സാന്നിധ്യവും ശ്രദ്ധേയമാണ്.
പൊടിപാറിച്ച് വൊർക്കാടി
ജില്ലയുടെ അതിർത്തിയിൽനിന്ന് തുടങ്ങുന്നു മത്സരത്തിന്റെ വീറും വാശിയും. കാലങ്ങളായി യുഡിഎഫിനൊപ്പം നിൽക്കുന്ന വൊർക്കാടി ഡിവിഷനിൽ ബിജെപിയുടെയും സിപിഐയുടെയും സ്ഥാനാർഥികളും മോശക്കാരല്ല. യുഡിഎഫിന് മേൽക്കൈയുള്ള ബഡാജെ, കടമ്പാർ ബ്ലോക്ക് ഡിവിഷനുകൾ മഞ്ചേശ്വത്തേക്ക് മാറിയിട്ടുണ്ട്. പകരം പുത്തിഗെ ജില്ലാ ഡിവിഷനിലെ മുളിഗദ്ദെയാണ് വന്നത്. സ്ഥാനാർഥിമികവിലാണ് ഇവിടെ മുന്നണികളുടെ കണ്ണ്.
പുത്തിഗെയിലും നല്ല പോര്
പുത്തിഗെ ജില്ലാ ഡിവിഷനിലും ശ്രദ്ധേയമായ മത്സരം നടക്കുന്നു. വോട്ടുകണക്കിൽ എൻഡിഎയ്ക്ക് മേൽക്കൈയുണ്ടെങ്കിലും യുഡിഎഫിൽ സോമശേഖരയും എൽഡിഎഫിൽ മുഹമ്മദ് ഹനീഫിന്റെയും സ്ഥാനാർഥിത്വം വന്നതോടെ ഡിവിഷനിലാകെ ഒരു ഇളക്കം പ്രകടമാണ്. സോമശേഖര വിജയിക്കുമെന്ന പ്രതീതിയുയർത്തിയാണ് യുഡിഎഫ് പ്രചാരണം. എന്നാൽ, എൽഡിഎഫും എൻഡിഎയും തമ്മിലെ നേരിയ വോട്ടുവ്യത്യാസംകൊണ്ടുതന്നെ നേരിട്ടുള്ള മത്സരവും പ്രതീക്ഷിക്കുന്നുണ്ട്. കഴിഞ്ഞതവണ ജില്ലാ പഞ്ചായത്ത് ഭരണത്തിൽ ചെങ്കള ഡിവിഷൻ നിർണായകമായതുപോലെ ഒരുപക്ഷേ ഇത്തവണ ആ റോളിൽ പുത്തിഗെ ഡിവിഷനെത്തിയാലും അദ്ഭുതപ്പെടാനില്ല.
പിലിക്കോട് പിടിക്കാൻ
പിലിക്കോടാണ് മറ്റൊരു ശ്രദ്ധാകേന്ദ്രം. ആർജെഡിയിലെ എം. മനു രണ്ടാം തവണ ജനവിധി തേടുമ്പോൾ ആത്മവിശ്വാസമേറെയാണ്. എന്നാൽ, വൈകിയാണെങ്കിലും യുഡിഎഫിൽ കോൺഗ്രസിലെ മുതിർന്ന നേതാവ് കരിമ്പിൽ കൃഷ്ണൻ എത്തിയതോടെ നേരിട്ടുള്ള ശക്തമായ മത്സരത്തിനാണ് അരങ്ങൊരുക്കിയിട്ടുള്ളത്. തൃക്കരിപ്പൂർ പഞ്ചായത്തിൽ ഏറെ സ്വാധീനമുള്ളയാളാണ് മനു. കൂടാതെ, ഡിവിഷനിലാകെ സിപിഎമ്മിനും വളക്കൂറേറെയാണ്. എന്നാൽ, കരിമ്പിൽ കൃഷ്ണന് ഡിവിഷനിലാകെയുള്ള വ്യക്തിബന്ധം വലുതാണ്. അത് വോട്ടായി മാറുമെന്നും അട്ടിമറിയുണ്ടാകുമെന്നുമുള്ള കണക്കുകൂട്ടലാണ് യുഡിഎഫിനുള്ളത്. എൽഡിഎഫ് പ്രതീക്ഷപുലർത്തുന്ന ഡിവിഷനിലും ഫോട്ടോഫിനിഷിങ്ങിന്റെ സാധ്യത തള്ളാനാകില്ല.
ചെറുവത്തൂരിൽ എന്താകും?
ചെറുപ്പത്തിന്റെ പോരാട്ടമാണ് ചെറുവത്തൂരിൽ. നിലവിൽ സിപിഎം വിജയിച്ച ഡിവിഷനാണെങ്കിലും ഡീലിമിറ്റേഷൻ എൽഡിഎഫിന് ക്ഷീണം ചെയ്യുംവിധമാണ് വന്നത്. യുഡിഎഫ് കേന്ദ്രങ്ങളാകെ ഡിവിഷനിലോട്ട് വന്നിട്ടുണ്ട്. എൽഡിഎഫിന് ഡോ. സെറീന സലാമെന്ന പ്രൊഫഷണലും യുഡിഎഫിൽ അഭിഭാഷക വിദ്യാർഥിയായ വി.എം. സാന്ദ്രയും തമ്മിലുള്ള പോര് മുറുകിക്കഴിഞ്ഞു. ബിജെപിയും വിട്ടുകൊടുക്കാനില്ലെന്നുറച്ചാണുള്ളത്. സ്ഥാനാർഥിമികവിലാണ് ഇവിടെ മുന്നണികളുടെ പ്രതീക്ഷകളത്രയും. ബേക്കൽ, ഉദുമ ഡിവിഷനുകളിലും മികച്ച പോരാട്ടത്തിനാണ് സാക്ഷ്യം വഹിക്കുന്നത്.

