ബിൽക്കീസ്: ഭരണത്തെ പൊള്ളിക്കുന്ന കണ്ണീർ, പതറാത്ത പോരാട്ടം

അഹമ്മദാബാദ്: അയോധ്യയുടെയും വൈബ്രന്റ് ഗുജറാത്ത് നിക്ഷേപകസംഗമത്തിന്റെയും ആനന്ദങ്ങളിൽ ഗുജറാത്ത് ആറാടിനിൽക്കുമ്പോഴാണ് മറവികളെ ഉരുക്കുന്ന കണ്ണീരായി ബിൽക്കീസ് ബാനു വീണ്ടും വരുന്നത്. നീതിപീഠം കുറ്റവാളികളെ വീണ്ടും പിടികൂടിയെങ്കിലും അവരുടെയും അരുനിന്ന ഭരണകൂടത്തിന്റെയും ക്രൂരതകൾക്ക് ഒന്നും പകരമാവില്ല.
2002 ഫെബ്രുവരി 27-ന് അയോധ്യയിൽനിന്നുള്ള കാർസേവകർ ഗോധ്രയിലെ തീവണ്ടിതീവെപ്പിൽ കൊല്ലപ്പെട്ടതോടെ ഗുജറാത്തിൽ കലാപം ആളിക്കത്തി. ദഹോഡിലെ രൺധിക്പുരിൽ ബിൽക്കീസിന്റെ കുടുംബമുൾപ്പെടെ അപകടം മുന്നിൽക്കണ്ടു. ബക്രീദിനുതന്നെ ഗ്രാമത്തിൽ ആക്രമണങ്ങൾ ഉണ്ടായതാണ്. മുസ്‍ലിങ്ങൾ വീടുകളിൽനിന്നുമാറി പള്ളിയിലും സ്‌കൂളിലും ഒക്കെയായി രണ്ടുദിവസം ഒളിവിൽക്കഴിഞ്ഞു. രക്ഷയില്ലെന്നുകണ്ടതോടെ പലായനം ആരംഭിച്ചു. ഭർത്താവ് യാക്കൂബ് റസുൽ സ്ഥലത്തില്ല. അമ്മയും മറ്റുബന്ധുക്കളും അടക്കം 17 പേരുണ്ടായിരുന്നു. മാർച്ച് മൂന്നിന് ഇവർ ഗ്രാമംവിട്ടു. എന്നാൽ, ചപ്പർവാഡയിലെത്തിയപ്പോഴേക്കും അക്രമികൾ ആയുധങ്ങളുമായി പിന്നാലെയെത്തി.
പിന്നീട് നടന്നതൊക്കെ ബിൽക്കീസ് അഭിമുഖങ്ങളിലും കോടതിയിലും ആവർത്തിച്ചതാണ്. കുറ്റവാളികളിൽ അയൽക്കാരുണ്ടായിരുന്നു. വീട്ടിൽനിന്ന് പാൽ വാങ്ങിയിരുന്നവർവരെ ഉണ്ടായി. പക്ഷേ, അവരൊക്കെ ഇരകളുടെ മതംമാത്രമേ കണ്ടുള്ളൂ. അഞ്ചുമാസം ഗർഭിണിയായിരുന്നു, ഇരുപത്തിയൊന്നുകാരിയായ ബിൽക്കീസ്. അവരും അമ്മയും മൂന്നുസ്ത്രീകളും കൂട്ടബലാത്സംഗത്തിനിരയായി. മൂന്നരവയസ്സുമാത്രമുള്ള മകൾ സലീഹയെ ബിൽക്കീസിന്റെ കൺമുന്നിലാണ് ശൈലേഷ് ഭട്ട് നിലത്തടിച്ചുകൊല്ലുന്നത്. അമ്മയടക്കം 14 പേർ കൊല്ലപ്പെട്ടു. ഏഴുപേരുടെ മൃതദേഹങ്ങളേ പിന്നീട് തിരിച്ചറിയാനായുള്ളൂ.
മരിച്ചെന്നുകരുതി അക്രമികൾ ബിൽക്കീസിനെ ഉപേക്ഷിച്ചുപോയി. ബോധംവന്നപ്പോൾ ഒരു കാട്ടിൽ അവർ ഒളിച്ചിരുന്നു. അടുത്തദിവസം വെള്ളംകുടിക്കാൻ പൈപ്പിനരികിലെത്തിയപ്പോൾ കണ്ട ആദിവാസി സ്ത്രീയാണ് ഉടുക്കാൻ വസ്ത്രങ്ങൾ നൽകിയത്. ഒരു ദുരിതാശ്വാസക്യാമ്പിൽ എത്തിയ ബിൽക്കീസിനെ പോലീസുകാർ ലിംഖേഡ സ്‌റ്റേഷനിലെത്തിച്ചു. മൊഴിയെഴുതുന്നതായി നടിച്ച ഹെഡ് കോൺസ്റ്റബിൾ സോമഭായി ഗോരി പ്രതികളുടെ പേരുകൾ വിട്ടുകളഞ്ഞു. അപൂർണമായ കുറ്റപത്രംമൂലം കോടതി കേസ് തള്ളി.
എന്നാൽ, നേരിട്ട കൊടിയ അനീതി മറച്ചുവെക്കാൻ ബിൽക്കീസ് തയ്യാറായില്ല. ക്യാമ്പിലെത്തിയ സാമൂഹികപ്രവർത്തക തീസ്ത സെതൽവാദിലൂടെ വിവരം പുറംലോകമറിഞ്ഞു. ദേശീയ മനുഷ്യാവകാശ കമ്മിഷൻ നേരിട്ടെത്തി മൊഴിയെടുത്തു. കമ്മിഷന്റെ വാദം കണക്കിലെടുത്ത് 2003 ഡിസംബറിൽ സുപ്രീംകോടതി കേസ് സി.ബി.ഐ.ക്ക് വിട്ടതോടെ നീതിയുടെ വെട്ടം ബിൽക്കീസ് കണ്ടുതുടങ്ങി. തെളിവ് നശിപ്പിക്കാനായി ഉപ്പിട്ടുകത്തിച്ച മൃതദേഹങ്ങൾ സി.ബി.ഐ. കുഴിച്ചെടുത്തു. തലകൾ വെട്ടിമാറ്റിയിരുന്നു. ഇൻക്വസ്റ്റിനെ തുടർന്ന് പോലീസിന്റെ അറിവോടെയായിരുന്നു ആ തെളിവുനശിപ്പിക്കൽ. പോലീസുകാരും പോസ്റ്റ്‌മോർട്ടംചെയ്ത ഡോക്ടറുമടക്കം 19 പേരെ സി.ബി.ഐ. പ്രതികളാക്കി.
പതറാത്ത പോരാട്ടം
പ്രതികളിൽനിന്ന് ഭീഷണികൾ കൂടിയതോടെ വിചാരണ ഗുജറാത്തിൽനിന്ന് മാറ്റണമെന്ന് ബിൽക്കീസ് സുപ്രീംകോടതിയിൽ ഹർജിനൽകി. മുംബൈ കോടതിയിലേക്ക് കേസ് മാറ്റാൻ ഉത്തരവായി. 20 ദിവസംനീണ്ട ക്രോസ് വിസ്താരത്തിനിടയിൽ പതറാതെനിന്ന ഇര നൽകിയ മൊഴികൾ നിർണായകമായി. 2008 ജനുവരി 21-ന് 11 പേരെ ജീവപര്യന്തം തടവിന് സി.ബി.ഐ. കോടതി ശിക്ഷിച്ചു. 2017-ൽ അപ്പീലിൽ ഹൈക്കോടതി ശിക്ഷശരിവെക്കുകയും പോലീസ് ഉദ്യോഗസ്ഥരെക്കൂടി ശിക്ഷിക്കുകയും ചെയ്തു. ഗുജറാത്ത് സർക്കാർ അഞ്ചുലക്ഷം രൂപയാണ് ബിൽക്കീസിന് നഷ്ടപരിഹാരം നൽകിയത്. 2019-ൽ സുപ്രീംകോടതിയെ സമീപിച്ച ഇവർ 50 ലക്ഷം രൂപ നഷ്ടപരിഹാരം വാങ്ങിച്ചെടുത്തു. 17 വർഷംനീണ്ട ഈ നിയമയുദ്ധങ്ങളിൽ ഭർത്താവും ഏതാനും സന്നദ്ധസംഘടനകളുമാണ് ഒപ്പമുണ്ടായത്.
ഈ കാലയളവിൽ പ്രതികളുടെ ആൾക്കാരുടെ കണ്ണുവെട്ടിക്കാൻ അഞ്ചുപട്ടണങ്ങളിലായി 20 വീടുകളിൽ കുടുംബം മാറിമാറിക്കഴിഞ്ഞു. രൺധിക്പുരിലെ സ്വന്തം വീട് കടനടത്താൻ വാടകയ്ക്കുനൽകേണ്ടിവന്നു. നാല്പത്തിമൂന്നുകാരിയായ ബിൽക്കീസിന് ഇപ്പോൾ അഞ്ചുമക്കളുണ്ട്. നഷ്ടപരിഹാരമായി കിട്ടിയ തുക ഇവരുടെ പഠനത്തിനായി മാറ്റിവെച്ചു. ഇളയമകളുടെ പേര് കൊല്ലപ്പെട്ട മൂത്തവളുടേതുതന്നെ -സാലിഹ.
വീണ്ടും കോടതിയിലേക്ക്…
ഗുജറാത്ത് സർക്കാരിന്റെ ഇളവിലൂടെ 2022-ലെ സ്വാതന്ത്ര്യദിനത്തിൽ കുറ്റവാളികൾ ജയിൽമോചിതരായതോടെ ബിൽക്കീസിന്റെ രണ്ടാം ഘട്ടത്തിലെ പോരാട്ടം ആരംഭിച്ചു. താൻ ഇത്രയുംകാലം നടത്തിയ ശ്രമങ്ങൾ വൃഥാവിലായെന്നും മനസ്സമാധാനം വീണ്ടും നഷ്ടമായെന്നും അവർ പരിതപിച്ചു. നവംബറിലാണ് സുപ്രീംകോടതിയിൽ ഇതിനെതിരേ ഹർജിനൽകിയത്. ഇപ്പോൾ അതിലും അനുകൂലവിധി വന്നിരിക്കുന്നു. എങ്കിലും മഹാരാഷ്ട്രയിൽനിന്ന് പ്രതികൾ ഇളവുതേടാനുള്ള വഴികൾ തുറന്നിരിക്കുന്നതിനാൽ ബിൽക്കീസിന്റെ പോരാട്ടങ്ങളും തുടരാനാണിട.
നാൾവഴി
2002 മാർച്ച് 3 – ഗുജറാത്ത് കലാപത്തിനിടെ ബിൽക്കീസ് ബാനുവും കുടുംബവും ആക്രമിക്കപ്പെട്ടു. ബലാത്സംഗവും കൂട്ടക്കൊലയുമുണ്ടായി.
2003 ഡിസംബർ – സംസ്ഥാന പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലാത്തതിനാൽ സി.ബി.ഐ.ക്കുവിട്ട് സുപ്രീംകോടതി ഉത്തരവ്.
2004 – സി.ബി.ഐ. പ്രതികളെ അറസ്റ്റുചെയ്തു. കേസ് മുംബൈയിലേക്ക് മാറ്റാൻ ഉത്തരവ്.
2008 ജനുവരി – 13 പ്രതികൾ കുറ്റക്കാരായി വിധി. 11 പേർക്ക് ജീവപര്യന്തം.
2017 മേയ് – അപ്പീലിൽ മുംബൈ ഹൈക്കോടതി ശിക്ഷ ശരിവെച്ചു.
2019 ഏപ്രിൽ – ബിൽക്കീസ് ബാനുവിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സുപ്രീംകോടതി വിധി
2022 ഓഗസ്റ്റ് 15 – കുറ്റവാളികൾക്ക് ഗുജറാത്ത് സർക്കാർ ഇളവുനൽകി മോചിപ്പിച്ചു. ബിൽക്കീസ് സുപ്രീംകോടതിയിൽ ഹർജിനൽകി.
2024 ജനുവരി 8 – മോചനം റദ്ദാക്കി സുപ്രീംകോടതി വിധി.