അവസാന സന്ദേശവും നൽകി രമ്യ ടീച്ചർ യാത്രയായി; കുഴഞ്ഞുവീണ് മരിച്ചത് വിദ്യാർഥികളുടെ യാത്രയയപ്പിനിടെ

കൊരട്ടി: ‘‘അവസാനമായി എനിക്കു പറയാനുള്ളത് ജീവിതത്തിൽ മാതാപിതാക്കളുടെയും ഗുരുക്കന്മാരുടെയും കണ്ണീർ വീഴ്ത്താൻ ഇടവരുത്തരുതെന്നാണ്’’ -ഇത്രയും പറഞ്ഞ് രമ്യ ടീച്ചർ കസേരയിലേയ്ക്കിരുന്നു. തൊട്ടടുത്ത നിമിഷം അവർ കുഴഞ്ഞുവീണു. അധികം വൈകാതെ മരണത്തിന് കീഴടങ്ങുകയും ചെയ്തു. കൊരട്ടി ലിറ്റിൽഫ്ലവർ കോൺവെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു സയൻസ് വിദ്യാർഥികളുടെ യാത്രയയപ്പുയോഗമാണ് പ്രിയ അധ്യാപികയുടെ വിയോഗവേദിയായി മാറിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നിന് യോഗത്തിൽ സംസാരിക്കവേയാണ് ഗണിതശാസ്ത്ര അധ്യാപിക രമ്യാ ജോസ്(41) കുഴഞ്ഞുവീണത്.
യോഗത്തിൽ പ്രിൻസിപ്പലിനു ശേഷമാണ് രമ്യ പ്രസംഗിക്കാനെഴുന്നേറ്റത്. കുട്ടികളോട് സംസാരിച്ചശേഷം പെട്ടെന്ന് കസേരയിലിരുന്ന അവർ അടുത്ത നിമിഷം കുഴഞ്ഞുവീണു. ഉടനെ തൊട്ടടുത്തുള്ള ആശുപത്രിയിലേയ്ക്കു കൊണ്ടുപോയെങ്കിലും ഇടയ്ക്കുവെച്ച് മരിച്ചു.
കഴിഞ്ഞ വർഷം സ്കൂൾ വാർഷികയോഗത്തിനിടയിലും സമാനമായ രീതിയിൽ രമ്യാ ജോസ് കുഴഞ്ഞുവീണിരുന്നു. യോഗത്തിൽ പ്രസംഗിച്ചുകൊണ്ടിരിക്കേ താഴേയ്ക്കു വീണ അവരെ ആശുപത്രിയിലെത്തിച്ച് അന്ന് ചികിത്സ നൽകി. തുടർന്നു നടത്തിയ ആരോഗ്യപരിശോധനകളിൽ മറ്റ് പ്രശ്നങ്ങൾ കണ്ടെത്തിയിരുന്നില്ലെന്നാണ് അറിയുന്നത്.
പരീക്ഷ മുൻപിൽക്കണ്ടാണ് പ്ലസ്ടു വിദ്യാർഥികളുടെ യാത്രയയപ്പ് നേരത്തെയാക്കിയത്.
തിങ്കളാഴ്ച രാവിലെ അടുത്ത ദിവസം ഗ്രൂപ്പ് ഫോട്ടോ എടുക്കാൻ എല്ലാവരും എത്തണമെന്ന സന്ദേശവും രമ്യ ക്ലാസ് ഗ്രൂപ്പിലിട്ടിരുന്നു. തങ്ങൾക്കൊപ്പം ഗ്രൂപ്പ് ഫോട്ടോയെടുക്കാൻ ഇനി ടീച്ചറുണ്ടാകില്ലെന്ന യാഥാർഥ്യം അംഗീകരിക്കാനാകാതെ കുട്ടികൾ പൊട്ടിക്കരഞ്ഞു.
പോലീസ് പട്ടാളക്കാരൻ്റെ കാലൊടിച്ചെന്ന് പരാതി; ഇടപെട്ട് സൈന്യം, സൈനിക ആശുപത്രിയിലേക്ക് മാറ്റി
ഹൈക്കോടതി അഭിഭാഷകൻ എറണാകുളം മരട് ചൊവ്വാറ്റുകുന്നേൽ ജോസിന്റെയും മേരിയുടെയും മകളാണ് രമ്യാ ജോസ്. ഭർത്താവ്: അങ്കമാലി വാപ്പാലശ്ശേരി പയ്യപ്പിള്ളി കൊളുവൻ ഫിനോബ്. മക്കൾ: നേഹ, നോറ (ഇരുവരും പീച്ചാനിക്കാട് സെയ്ന്റ് സേവ്യേഴ്‌സ് സ്കൂൾ വിദ്യാർഥികൾ). മൃതദേഹം ചൊവ്വാഴ്ച ഒന്നോടെ സ്കൂളിൽ പൊതുദർശനത്തിനു വയ്ക്കും. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് നെടുമ്പാശ്ശേരി അകപ്പറമ്പ് സെയ്ന്റ് ഗർവാസിസ് പ്രോത്താസിസ് പള്ളി സെമിത്തേരിയിൽ.