കോൺഗ്രസിന് ഡല്‍ഹിയിൽ മൂന്നും പഞ്ചാബിൽ ആറും സീറ്റുകൾ നൽകാം; പകരം 3 സംസ്ഥാനങ്ങളിൽ സീറ്റ് വേണമെന്ന്

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഡല്‍ഹിയില്‍ മൂന്നും പഞ്ചാബില്‍ ആറും സീറ്റുകള്‍ നല്‍കാമെന്ന് ആം ആദ്മി പാർട്ടി. പകരം ഗുജറാത്ത്, ഹരിയാന, ഗോവ എന്നീ സംസ്ഥാനങ്ങളിലായി അഞ്ച് സീറ്റുകള്‍ തങ്ങള്‍ക്ക് വേണമെന്നും എഎപി ആവശ്യപ്പെട്ടു.
ഡല്‍ഹിയില്‍ കോണ്‍ഗ്രസുമായി നടന്ന സഖ്യചര്‍ച്ചയിലാണ് ആം ആദ്മി പാര്‍ട്ടി സീറ്റ് വിഭജനത്തിനുള്ള ഫോര്‍മുല മുന്നോട്ടുവെച്ചത്. ഡല്‍ഹിയില്‍ ആകെയുള്ള ഏഴ് സീറ്റുകളില്‍ മൂന്നെണ്ണം കോണ്‍ഗ്രസിന് നല്‍കാമെന്നാണ് എഎപി നിലപാട്. ഈസ്റ്റ് ഡല്‍ഹി, നോര്‍ത്ത് ഈസ്റ്റ്, ചാന്ദിനി ചൗക്ക് ലോക്‌സഭാ മണ്ഡലങ്ങളില്‍ മത്സരിക്കാനുള്ള താത്പര്യം കോണ്‍ഗ്രസ് ആം ആദ്മി പാര്‍ട്ടിയെ അറിയിച്ചതായാണ് സൂചന.
പഞ്ചാബില്‍ ആകെ 13 ലോക്‌സഭാ മണ്ഡലങ്ങളാണുള്ളത്. ഇതില്‍ ആറെണ്ണം കോണ്‍ഗ്രസിന് നല്‍കാമെന്നാണ് എഎപിയുടെ നിലപാട്. 2019-ല്‍ പഞ്ചാബില്‍ എട്ട് സീറ്റുകളിലാണ് കോണ്‍ഗ്രസ് വിജയിച്ചിരുന്നത്. പഞ്ചാബില്‍ എല്ലാ സീറ്റുകളിലും മത്സരിക്കണമെന്നാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യം. എന്നാല്‍, സഖ്യത്തിനായി ചില വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടിവരുമെന്ന നിലപാടിലാണ് പാര്‍ട്ടിയുടെ ദേശീയനേതൃത്വം.
സീറ്റ് വിഭജനത്തിന്റെ രണ്ടാംഘട്ട ചര്‍ച്ചകള്‍ക്കായി വൈകാതെ ഇരു പാര്‍ട്ടികളുടെയും നേതാക്കള്‍ വീണ്ടും യോഗംചേരും. ചെറിയ മാറ്റങ്ങളോടെ ഈ ഫോര്‍മുല അംഗീകരിക്കാനാണ് സാധ്യത.