മകനെ കൊന്ന് ബാഗിലാക്കി; ബംഗളൂരുവിലേക്കുള്ള യാത്രക്കിടെ സ്റ്റാര്‍ട്ടപ്പ് വനിതാ സിഇഒ അറസ്റ്റില്‍

ഗോവ: നാലു വയസുള്ള മകനെ കൊലപ്പെടുത്തിയ കേസില്‍ ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പിന്‍റെ സ്ഥാപകയും സിഇഒയുമായ യുവതി അറസ്റ്റില്‍.
സുചേന സേത് (39) ആണ് അറസ്റ്റിലായത്. ഗോവയില്‍ വെച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹവുമായി കര്‍ണാടകയിലേക്ക് പോകുന്നതിനിടെയാണ് യുവതി അറസ്റ്റിലായത്.
അപ്പാര്‍ട്ട്മെന്‍റിലെ ജീവനക്കാര്‍ക്കു തോന്നിയ സംശയമാണ് കൊലപാതകത്തിന്‍റെ ചുരുള്‍ അഴിച്ചത്. ശനിയാഴ്ച കുഞ്ഞുമായെത്തി റൂമെടുത്ത യുവതി തിങ്കളാഴ്ച മടങ്ങുമ്ബോള്‍ കുഞ്ഞ് ഒപ്പമില്ലായിരുന്നു. കര്‍ണാടകയിലേക്ക് പോകാൻ ടാക്സി തന്നെ വേണമെന്ന് ഇവര്‍ വാശിപിടിച്ചിരുന്നു. തുടര്‍ന്ന് ടാക്സിയില്‍ ബ്രീഫ്കെയ്സുമായി അവര്‍ ബംഗളൂരുവിലേക്ക് പുറപ്പെടുകയായിരുന്നു.
പിന്നാലെ റൂം വൃത്തിയാക്കാനെത്തിയ ജീവനക്കാരൻ മുറിയില്‍ രക്തം പുരണ്ട തുണി കണ്ടെത്തിയതിനെ തുടര്‍ന്ന് വിവരം റിസപ്ഷനിസ്റ്റിനെ അറിയിക്കുകയായിരുന്നു. ഉടൻ തന്നെ ജീവനക്കാര്‍ പൊലീസില്‍ വിവരമറിയിച്ചു. തുടരന്വേഷണത്തില്‍ യുവതിക്കൊപ്പം മകനില്ലെന്ന് കണ്ടെത്തുകയായിരുന്നു. ഇക്കാര്യം
ജീവനക്കാര്‍ തന്നെ പൊലീസില്‍ പറഞ്ഞിരുന്നു. സംശയം തോന്നിയ പൊലീസ് സിസിടിവി ദൃശങ്ങള്‍ പരിശോധിക്കുകയും യുവതി സഞ്ചരിച്ച ടാക്സി ഡ്രൈവറുമായി ബന്ധപ്പെടുകയായിരുന്നു.
ടാക്സി ഡ്രൈവറുടെ ഫോണില്‍ വിളിച്ചാണ് യുവതിയുമായി ബന്ധപ്പെട്ടത്. മകനെ സുഹൃത്തിന്‍റെ വീട്ടിലാക്കിയെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. എന്നാല്‍ സുഹൃത്തിന്‍റേതെന്ന് പറഞ്ഞ് നല്‍കിയ മേല്‍വിലാസം തെറ്റാണെന്ന് കണ്ടെത്തി. ഇതേതുടര്‍ന്ന് ടാക്സി അടുത്തുള്ള ചിത്രദുര്‍ഗ പൊലീസ് സ്റ്റേഷനിലേക്ക് എത്തിക്കാൻ ഡ്രൈവറോട് ആവശ്യപ്പെടുകയായിരുന്നു. ചിത്രദുര്‍ഗ പൊലീസ് കാര്‍ പരിശോധിച്ചപ്പോഴാണ് കുഞ്ഞിന്‍റെ മൃതദേഹം ബാഗില്‍ കുത്തിനിറച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല.