എ.കെ. ബാലൻ വായ തുറക്കരുത്, പാർട്ടിക്കു വോട്ടുകൾ നഷ്ടപ്പെടും: സി.പി.എം ജില്ലാ കമ്മിറ്റിയിൽ വിമർശനം

പാലക്കാട്: മുതിർന്ന നേതാവ് എ.കെ.ബാലനോട് തിരഞ്ഞെടുപ്പു കഴിയുന്നതുവരെ വായ തുറക്കരുതെന്നു നിർദേശിക്കണമെന്നും ഇങ്ങനെ വായ തുറന്നാൽ പാർട്ടിക്കു വോട്ടുകൾ നഷ്ടപ്പെടുമെന്നും സിപിഎം ജില്ലാ കമ്മിറ്റിയിൽ അഭിപ്രായമുയർന്നു. യുഡിഎഫ് അധികാരത്തിൽ വരികയാണെങ്കിൽ ജമാഅത്തെ ഇസ്‌ലാമിയാകും ആഭ്യന്തരവകുപ്പു നിയന്ത്രിക്കുകയെന്നും അതോടെ ‘മാറാടു’കൾ ആവർത്തിക്കുമെന്നുമുള്ള ബാലന്റെ പ്രസ്താവന വിവാദമായതോടെയാണു ജില്ലാ കമ്മിറ്റിയിൽ രൂക്ഷവിമർശനം ഉയർന്നത്.
ബാലൻ മിണ്ടാതിരിക്കാൻ എന്താണ് ആവശ്യമെങ്കിലും അതു കൊടുക്കണമെന്ന പരിഹാസവും ഉയർന്നതായാണു വിവരം. സംഘടനാചുമതല ഇല്ലാത്തവർ എന്തിന് ഇടയ്ക്കിടെ മാധ്യമങ്ങളെ കാണുന്നു എന്നും ചില നേതാക്കൾ ചോദിച്ചു. പ്രസ്താവനകൾ നിയന്ത്രിക്കണമെന്ന അഭിപ്രായം സംസ്ഥാന നേതൃത്വം പരിശോധിക്കുമെന്ന് പൊളിറ്റ്ബ്യൂറോ അംഗം എ.വിജയരാഘവനും കേന്ദ്ര കമ്മിറ്റി അംഗം കെ.രാധാകൃഷ്ണൻ എംപിയും യോഗത്തിൽ വ്യക്തമാക്കി.

