KSDLIVENEWS

Real news for everyone

ചിത്രക്കുരുക്കിൽ കടകംപള്ളി: മൂന്നാമതും ചോദ്യംചെയ്തേക്കും; ആന്റോ ആന്റണിയും എസ്ഐടിക്കു മുന്നിലേക്ക്

SHARE THIS ON

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും ദേവസ്വം മുൻമന്ത്രി കടകംപള്ളി സുരേന്ദ്രനും ഒന്നിച്ചുള്ള മറ്റൊരുചിത്രംകൂടി പുറത്ത്. പോറ്റിയുടെ വീട്ടിൽ ഒരു പ്രാവശ്യമേ പോയിട്ടുള്ളൂവെന്നായിരുന്നു കടകംപള്ളിയുടെ വാദം. പോറ്റിയുടെ വീട്ടിൽവെച്ചുതന്നെ അദ്ദേഹത്തിന്റെ സഹോദരിയുടെ മകൾക്ക് പേന സമ്മാനമായിനൽകുന്ന കടകംപള്ളിയുടെ ചിത്രമാണ് ഇപ്പോൾ പുറത്തുവന്നത്. പരീക്ഷയിൽ ഉന്നതവിജയം നേടിയതിനാണ് സമ്മാനം നൽകിയതെന്നാണ് വിവരം.

എട്ടുവർഷംമുൻപ്‌ നടന്നൊരു കാര്യം എങ്ങനെ ഓർക്കാനാണ് എന്ന് കടകംപള്ളി സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. അടൂർ പ്രകാശ് എം.പി. ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം ശബരിമലയിൽ നടന്നൊരു ഉദ്ഘാടനച്ചടങ്ങിൽ നിൽക്കുന്ന ചിത്രവും പുതുതായി പുറത്തുവന്നു. പോറ്റിയുടെ വീട്ടിൽ പോയിരുന്നുവെന്ന് ആദ്യം വിവരം പുറത്തുവന്നപ്പോൾ, അവിടെ ഒരു കുട്ടിയുടെ ചടങ്ങുമായി ബന്ധപ്പെട്ടാണ് പോയതെന്നും പിന്നീട് പോയിട്ടില്ലെന്നുമാണ് കടകംപള്ളി സുരേന്ദ്രൻ വിശദീകരിച്ചത്. പോയത് പോറ്റിയുടെ അച്ഛന്റെ ഒരു ചടങ്ങുമായി ബന്ധപ്പെട്ടാണെന്നും അവിടെയുണ്ടായിരുന്ന ഒരു സമ്മാനപ്പൊതി പോറ്റിയുടെ അച്ഛന് നൽകിയെന്നും കടകംപള്ളി പിന്നീട് പറഞ്ഞു.

ഗൺമാൻമാർക്കൊപ്പമാണ് പോയതെന്നാണ് ആദ്യം പറഞ്ഞതെങ്കിലും ചിത്രം പുറത്തുവന്നതോടെ തനിക്കൊപ്പം മുൻ എം.എൽ.എ. രാജു എബ്രാഹാം ഉണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പോറ്റിയുമായുള്ള ബന്ധം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി പ്രത്യേക അന്വേഷണസംഘം കടകംപള്ളിയെ മൂന്നാമതും ചോദ്യം ചെയ്യുമെന്ന് വിവരമുണ്ട്.

ആന്റോ ആന്റണി എം.പി. എസ്.ഐ.ടി.ക്കുമുന്നിലേക്ക്

ശബരിമല സ്വർണക്കൊള്ളക്കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള അടുപ്പത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേകാന്വേഷണസംഘം ആന്റോ ആന്റണി എം.പി.യെയും ചോദ്യംചെയ്യും. അടൂർ പ്രകാശിനെ ചോദ്യംചെയ്തതിനു പിന്നാലെയാണ് അടുത്ത കോൺഗ്രസ് നേതാവിലേക്കും നീങ്ങുന്നത്.

ഉണ്ണികൃഷ്ണൻ പോറ്റിക്ക് കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിയെ സന്ദർശിക്കാൻ അവസരമൊരുക്കിയതിൽ ആന്റോ ആന്റണിക്ക് പങ്കുണ്ടെന്ന് ആരോപണമുയർന്നിട്ടുണ്ട്. സോണിയാഗാന്ധിക്കൊപ്പം പോറ്റിയുള്ള ചിത്രത്തിൽ ആന്റോ ആന്റണിയുമുണ്ടായിരുന്നു.

സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ ശബരിമല തന്ത്രി കണ്ഠര് രാജീവർക്ക് സാമ്പത്തികനിക്ഷേപമുണ്ടെന്ന് ആരോപണമുയർന്ന നെടുമ്പറമ്പിൽ ഫിനാൻസിൽ കഴിഞ്ഞദിവസം എൻഫോഴ്‌സ്‌മെന്റ് റെയ്ഡ് ഉണ്ടായിരുന്നു. ഈ സ്ഥാപനത്തിൽനിന്നും രണ്ടുകോടി രൂപ വായ്പയെടുത്തശേഷം തിരികെനൽകിയില്ലെന്ന് ആന്റോ ആന്റണി എം.പി.ക്കെതിരേ സ്ഥാപന ഉടമ എൻ.എം. രാജു പരാതിനൽകിയിട്ടുമുണ്ട്. ഈ സംഭവം വിവാദമായ പശ്ചാത്തലത്തിലാണ് അന്വേഷണസംഘം ആന്റോ ആന്റണിയെയും വിളിപ്പിക്കുന്നത്.


• ഉണ്ണികൃഷ്ണൻ പോറ്റിയും യു.ഡി.എഫ്. കൺവീനർ അടൂർ പ്രകാശും ശബരിമലയിൽനടന്ന ഒരു ചടങ്ങിൽ പങ്കെടുത്തപ്പോൾ
അതേസമയം നെടുമ്പറമ്പിൽ നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള എൻഫോഴ്‌സ്‌മെന്റ് അന്വേഷണവും സമാന്തരമായി നീങ്ങുകയാണ്. ശബരിമലക്കൊള്ള അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന്റെ അന്വേഷണപരിധിയിൽ നേരിട്ട് ഇക്കാര്യം വരില്ലെങ്കിലും സ്വർണക്കൊള്ളക്കേസിലെ പ്രതികളുമായി ബന്ധമുള്ള ഇടപാട് എന്നനിലയിൽ ഇതിന്റെ വിവരങ്ങളും അന്വേഷിക്കുന്നുണ്ട്. ശബരിമലയിൽനിന്നും സ്വർണം കടത്താൻ പോറ്റിയെ തന്ത്രി കണ്ഠര് രാജീവര് സഹായിച്ചിട്ടുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. ഇതിന് പ്രതിഫലമായി ഉണ്ണികൃഷ്ണൻ പോറ്റി പണം കൈമാറിയിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. തന്ത്രിയുടെ സാമ്പത്തിക ഇടപാടുകളും അന്വേഷണപരിധിയിലുണ്ട്.

ആന്റോ ആന്റണി ഇ.ഡി. ചോദ്യമുനയിൽ

നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റുമായി ബന്ധപ്പെട്ട സാമ്പത്തിക ആരോപണം ആന്റോ ആന്റണി എം.പിക്ക്. ഇ.ഡി. കുരുക്കായിമാറും. റെയ്ഡിനെത്തുടർന്ന് രണ്ടുദിവസം മുൻപാണ് സിൻഡിക്കേറ്റിന്റെ 44.5 കോടി രൂപ ഇ.ഡി. മരവിപ്പിച്ചത്. ഇതേ സാമ്പത്തിക സ്ഥാപനത്തിൽനിന്നാണ് ആന്റോ ആന്റണിക്ക് 2019 തിരഞ്ഞെടുപ്പുകാലത്ത് രണ്ടുകോടി രൂപ ഈടൊന്നുമില്ലാതെ കൊടുത്തതെന്ന് ഉടമയായ എൻ.എം. രാജു വെളിപ്പെടുത്തിയത്. സ്വാഭാവികമായും ഇത് കള്ളപ്പണക്കേസ് കുറ്റകൃത്യത്തിന്റെ ഭാഗമാകും.

പത്രസമ്മേളനം നടത്തിയാണ് എൻ.എം. രാജു ഇക്കാര്യം വെളിപ്പെടുത്തിയത്. പണം ലഭിച്ചതായി ആന്റോ ആന്റണി പരസ്യമായി സമ്മതിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ നെടുംപറമ്പിലിന്റെ സാമ്പത്തികത്തട്ടിപ്പ് അന്വേഷിക്കുന്ന സംഘത്തിനോട് ഇതേ മൊഴി ആവർത്തിച്ചാൽ ആവശ്യമെങ്കിൽ ആന്റോ ആന്റണിയെ പ്രതിപ്പട്ടികയിൽവരെ ഉൾപ്പെടുത്താൻ അന്വേഷണസമഘത്തിന് കഴിയും. തന്ത്രി കണ്ഠരര് രാജീവരുടെ രണ്ടരക്കോടി രൂപ തന്റെ സ്ഥാപനത്തിൽ ഇല്ലെന്ന് സമർഥിക്കാനാണ് കേരള കോൺഗ്രസ് (എം) നേതാവുമായ എൻ.എം. രാജു ശനിയാഴ്ച കൊച്ചിയിൽ പത്രസമ്മേളനം നടത്തിയത്. ഇതിനിടയിൽ യാദൃച്ഛികമായാണ് ആന്റോ ആന്റണിയുടെ പേര് വെളിപ്പെടുത്തുന്നത്.

ഇതുവരെയായി ആന്റോയും പേരിൽ പരാതികൊടുക്കാത്ത രാജു ഇപ്പോൾ ഇത് പറഞ്ഞത് കൃത്യമായ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാകുമെന്നാണ് ഇ.ഡി. കരുതുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!