KSDLIVENEWS

Real news for everyone

ഒന്നിനെതിരേ രണ്ടുഗോളുകൾക്ക് നോര്‍ത്ത് ഈസ്റ്റിനെ കീഴടക്കി എ.ടി.കെ മോഹന്‍ ബഗാന്‍ ഐ.എസ്.എല്‍ ഫൈനലില്‍

SHARE THIS ON

വാസ്കോ: ഇന്ത്യൻ സൂപ്പർ ലീഗിലെ രണ്ടാം സെമി ഫൈനലിന്റെ രണ്ടാം പാദ മത്സരത്തിൽ എ.ടി.കെ മോഹൻ ബഗാന് വിജയം. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെയാണ് റോയ് കൃഷ്ണയും സംഘവും കീഴടക്കിയത്. ഒന്നിനെതിരേ രണ്ട് ഗോളുകൾക്കാണ് ടീമിന്റെ വിജയം. ഇതോടെ ഇരുപാദങ്ങളിലുമായി 4-3 എന്ന സ്കോറിന് മോഹൻ ബഗാൻ ഫൈനൽ ബെർത്തുറപ്പിച്ചു.

മോഹൻ ബഗാന് വേണ്ടി ഡേവിഡ് വില്യംസും മൻവീർ സിങ്ങും ഗോൾ നേടിയപ്പോൾ നോർത്ത് ഈസ്റ്റിന്റെ ആശ്വാസ ഗോൾ മലയാളി താരം വി.പി.സുഹൈർ നേടി. ആദ്യ പാദ മത്സരത്തിൽ ഇരുടീമുകളും 2-2 എന്ന സ്കോറിൽ സമനിലയിൽ പിരിഞ്ഞിരുന്നു. മാർച്ച് 13 ന് നടക്കുന്ന ഫൈനലിൽ എ.ടി.കെ മോഹൻ ബഗാൻ മുംബൈ സിറ്റി എഫ്.സിയെ നേരിടും. പോയന്റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ള ടീമുകൾ തന്നെ ഇത്തവണ ഫൈനലിൽ പ്രവേശിച്ചു എന്നത് കൗതുകകരമായ കാര്യമാണ്. മോഹൻ ബഗാന്റെ മൻവീർ സിങ് മത്സരത്തിലെ ഹീറോ ഓഫ് ദ മാച്ചായി തെരെഞ്ഞെടുക്കപ്പെട്ടു.

ആദ്യ പകുതിയിൽ മോഹൻ ബഗാൻ തകർപ്പൻ പ്രകടനമാണ് കാഴ്ചവെച്ചത്. നിരന്തരം ആക്രമിച്ച് കളിച്ച് നോർത്ത് ഈസ്റ്റ് ഗോൾമുഖത്ത് ഭീതിപരത്താൻ മോഹൻ ബഗാന് സാധിച്ചു.

മൂന്നാം മിനിട്ടിൽ തന്നെ ഹാവി ഹെർണാണ്ടസിലൂടെ മോഹൻ ബഗാൻ മുന്നിലെത്തേണ്ടതായിരുന്നു. എന്നാൽ ഹാവിയുടെ ലോങ്റേഞ്ചർ പോസ്റ്റിൽ തട്ടിത്തെറിച്ചു. 15-ാം മിനിട്ടിൽ മോഹൻ ബഗാന്റെ ശുഭാശിഷ് ബോസ് എടുത്ത ഉഗ്രൻ കിക്ക് നോർത്ത് ഈസ്റ്റ് ഗോൾകീപ്പർ ശുഭാശിഷ് ചൗധരി തട്ടിയകറ്റി.

16-ാം മിനിട്ടിലാണ് നോർത്ത് ഈസ്റ്റിന് മികച്ച ഒരു അവസരം ഒത്തുവന്നത്. ഗ്രൗണ്ടിന്റെ മധ്യഭാഗത്തുനിന്നും പാസ്സ് സ്വീകരിച്ച സില്ല പന്തുമായി മുന്നോട്ടുകയറി ഷോട്ടുതിർത്തെങ്കിലും അത് പോസ്റ്റിന് വെളിയിലൂടെ പറന്നു.

23-ാം മിനിട്ടിൽ നോർത്ത് ഈസ്റ്റിന്റെ ലൂയി മഷാഡോ ഒരു കിടിലൻ ഷോട്ട് വലയിലേക്കുതിർത്തു. പക്ഷേ മോഹൻ ഗോൾകീപ്പർ അരിന്ധം ഭട്ടാചാര്യ അത് അസാമാന്യ മികവോടെ തട്ടിയകറ്റി.

ഒടുവിൽ 38-ാം മിനിട്ടിൽ മോഹൻ ബഗാൻ നോർത്ത് ഈസ്റ്റിനെ ഞെട്ടിച്ചുകൊണ്ട് ഗോൾ നേടി. ഡേവിഡ് വില്യംസാണ് ടീമിനായി സ്കോർ ചെയ്തത്.

കാൾ മക്ഹ്യുവിൽ നിന്നും പന്ത് സ്വീകരിച്ച റോയ് കൃഷ്ണ അത് നേരെ ഡേവിഡ് വില്യംസിന് നൽകി. പാസ് സ്വീകരിച്ച് ബോക്സിനകത്തേക്ക് കുതിച്ച വില്യംസ് പന്ത് ഗോൾകീപ്പർ ശുഭാശിഷ് ചൗധരിയുടെ തലയ്ക്ക് മുകളിലൂടെ അടിച്ച് വലയിൽ കയറ്റി. ആദ്യ പാദ മത്സരത്തിലും ഡേവിഡ് വില്യംസ് തന്നെയായിരുന്നു മോഹൻ ബഗാന് വേണ്ടി സ്കോർ ചെയ്തത്. ഇതോടെ മോഹൻ ബഗാൻ 1-0 ന് മുന്നിലെത്തി.

ഗോൾ വഴങ്ങിയിട്ടും ആക്രമിച്ച് കളിക്കാനാണ് മോഹൻ ബഗാൻ ശ്രമിച്ചത്. ഇതിനിടെ 45-ാം മിനിട്ടിൽ നോർത്ത് ഈസ്റ്റിന്റെ യുവതാരം അപൂയിയയ്ക്ക് ബോക്സിനകത്തുവെച്ച് സുവർണാവസരം ലഭിച്ചെങ്കിലും അദ്ദേഹത്തിന് അത് മുതലാക്കാനായില്ല. ഇതോടെ ആദ്യ പകുതി അവസാനിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ നോർത്ത് ഈസ്റ്റ് ആക്രമിച്ച് കളിച്ചു. 46-ാം മിനിട്ടിൽ മലയാളി താരം വി.പി.സുഹൈർ ബോക്സിനുള്ളിൽ നിന്നെടുത്ത കിക്ക് മോഹൻ ബഗാന്റെ പോസ്റ്റിലിടിച്ച് തെറിച്ചു.

56-ാം മിനിട്ടിൽ മഷാഡോയുടെ ലോങ്റേഞ്ചർ അരിന്ധം ഭട്ടാചാര്യ തട്ടിയകറ്റി. രണ്ടാം പകുതിയിൽ ആക്രമണത്തേക്കാൾ കൂടുതൽ പ്രതിരോധത്തിലാണ് മോഹൻ ബഗാൻ ശ്രദ്ധ ചെലുത്തിയത്.

61-ാം മിനിട്ടിൽ റോയ് കൃഷ്ണയ്ക്ക് സുവർണാവസരം ലഭിച്ചു. ഡേവിഡ് വില്യംസിൽ നിന്നും പാസ് സ്വീകരിച്ച റോയ് കൃഷ്ണ ഗോൾ നേടിയെന്നുവരെ തോന്നിച്ചു. നോർത്ത് ഈസ്റ്റ് ഗോൾ കീപ്പർ ശുഭാശിഷിനെ മറികടന്ന് പന്ത് വലയിലേക്ക് തട്ടിയെങ്കിലും ഗോൾ ലൈനിൽ വെച്ച് പ്രതിരോധതാരം അശുതോഷ് പന്ത് തട്ടിയകറ്റി നോർത്ത് ഈസ്റ്റിന്റെ രക്ഷകനായി.

65-ാം മിനിട്ടിൽ ഹാവി ഹെർണാണ്ടസിന് ഓപ്പൺ ചാൻസ് ലഭിച്ചെങ്കിലും അദ്ദേഹത്തിന്റെ ഷോട്ട് നോർത്ത് ഈസ്റ്റ് ബോക്സിന് പുറത്തേക്ക് പോയി.

67-ാം മിനിട്ടിൽ മൻവീർ സിങ്ങിലൂടെ എ.ടി.കെ മോഹൻ ബഗാൻ ലീഡ് രണ്ടാക്കി ഉയർത്തി. റോയ് കൃഷ്ണ നൽകിയ ലോങ് പാസ് സ്വീകരിച്ച മൻവീർ സിങ് ബോക്സിലേക്ക് കുതിച്ച് രണ്ട് പ്രതിരോധ താരങ്ങളെ കബിളിപ്പിച്ച് ഇടംകാലുകൊണ്ട് തീയുണ്ട പോലൊരു ഷോട്ട് പായിച്ചു. മൻവീറിന്റെ ഷോട്ട് നോക്കിനിൽക്കാനേ ഗോൾകീപ്പർ ചൗധരിയ്ക്ക് കഴിഞ്ഞുള്ളൂ. മൂളിപ്പറന്ന പന്ത് പോസ്റ്റിന്റെ ഇടത്തേമൂലയിലേക്ക് തുളഞ്ഞുകയറി. ഇതോടെ മോഹൻ ബഗാൻ 2-0 എന്ന സ്കോറിന് മുന്നിലെത്തി.

എന്നാൽ 73-ാം മിനിട്ടിൽ നോർത്ത് ഈസ്റ്റ് മോഹൻ ബഗാനെ ഞെട്ടിച്ചുകൊണ്ട് ഒരു ഗോൾ തിരിച്ചടിച്ചു. 74-ാം മിനിട്ടിൽ മലയാളി താരം വി.പി.സുഹൈറാണ് ഗോൾ നേടിയത്. കോർണറിൽ നിന്നാണ് ഗോൾ പിറന്നത്. കോർണർ കിക്ക് സ്വീകരിച്ച ബെഞ്ചമിൻ ലാംപർട്ട് ഹെഡ്ഡ് ചെയ്തു. പന്ത് ക്രോസ്ബാറിൽ തട്ടിത്തെറിച്ചു. ഇത് സ്വീകരിച്ച സുഹൈർ അനായാസം പന്ത് വലയിലെത്തിച്ച് നോർത്ത് ഈസ്റ്റിന് ആശ്വാസം പകർന്നു. ഇതോടെ സ്കോർ 2-1 എന്ന നിലയിലായി.

80-ാം മിനിട്ടിൽ നോർത്ത് ഈസ്റ്റിന്റെ എദ്രിസ സില്ലയെ ശുഭാശിഷ് ബോസ് ബോക്സിനകത്തുവെച്ച് ഫൗൾ ചെയ്തു. ഇതോടെ നോർത്ത് ഈസ്റ്റിന് അനുകൂലമായി റഫറി പെനാൽട്ടി വിധിച്ചു. കിക്കെടുത്ത ലൂയി മഷാഡോ പന്ത് ബോക്സിന് പുറത്തേക്കടിച്ച് മികച്ച അവസരം തുലച്ചു. സമനില നേടാൻ ലഭിച്ച വലിയ അവസരമാണ് മഷാഡോ നശിപ്പിച്ചത്.

85-ാം മിനിട്ടിൽ അശുതോഷ് മെഹ്തയ്ക്ക് ബോക്സിനകത്ത് വെച്ച് മികച്ച അവസരം ലഭിച്ചു. സുഹൈറിന്റെ പാസ്സിൽ നിന്നാണ് അവസരം പിറന്നത്. എന്നാൽ അത് കൃത്യമായി മോഹൻ ബഗാൻ പോസ്റ്റിലെത്തിക്കാൻ താരത്തിന് സാധിച്ചില്ല.

പിന്നീട് മികച്ച അവസരങ്ങൾ സൃഷ്ടിക്കാൻ നോർത്ത് ഈസ്റ്റിന് സാധിച്ചില്ല. ഇതോടെ മോഹൻ ബഗാൻ കലാശപ്പോരാട്ടത്തിന് യോഗ്യത നേടി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!