92-ാം വയസില്‍ അഞ്ചാം വിവാഹം; റൂപ്പര്‍ട്ട് മര്‍ഡോക്കിന്റെ വിവാഹനിശ്ചയം കഴിഞ്ഞു

വഷിങ്ടണ്‍: മാധ്യമ ഭീമൻ റൂപ്പർട്ട് മർഡോക്ക് വീണ്ടും വിവാഹത്തിന് ഒരുങ്ങുന്നു. കാമുകി എലേന സുക്കോവയുമായുള്ള മർഡോക്കിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. 92ാമത്തെ വയസിലാണ് മർഡോക്ക് വീണ്ടും വിവാഹിതനാവുന്നത്. റൂപ്പർട്ട് മർഡോക്കിന്റെ വക്താവ് തന്നെയാണ് വിവാഹവിവരം അറിയിച്ചത്. കാലിഫോർണിയയിലെ മുന്തിരി തോട്ടത്തില്‍ വെച്ചായിരിക്കും വിവാഹം നടക്കുക. ഫോക്സ് ആൻഡ് ന്യൂസ് കോർപ്പറേഷൻ ചെയർമാൻ സ്ഥാനത്ത് നിന്നും റൂപ്പർട്ട് മർഡോക് പടിയിറങ്ങിയതിന് പിന്നാലെയാണ് അദ്ദേഹം വീണ്ടും വിവാഹത്തിന് ഒരുങ്ങുകയാണെന്ന റിപ്പോർട്ടുകള്‍ പുറത്ത് വന്നത്. റഷ്യൻ സ്വദേശിയാണ് മർഡോക്കിന്റെ കാമുകിയായ സുക്കോവ. 62കാരിയായ സുക്കോവ മോളിക്യൂലാർ ബയോളജിസ്റ്റായിരുന്നു. നിലവില്‍ വിശ്രമജീവിതത്തിലാണ് അവർ. മൂന്നാം ഭാര്യ വെൻഡി ഡെങ്ങിലൂടെയാണ് മർഡോക്ക് സുക്കോവയെ പരിചയപ്പെടുന്നത്. മോഡലും നടിയുമായ ജെറി ഹാളിനെയാണ് മർഡോക്ക് നാലാമത് വിവാഹം കഴിച്ചത്. ആറ് വർഷം നീണ്ടുനിന്ന ദാമ്ബത്യം 2022ലാണ് അവസാനിച്ചത്.