KSDLIVENEWS

Real news for everyone

സിദ്ധാര്‍ഥന്റെ മരണം; മുഖ്യമന്ത്രി  സി.ബി.ഐ അന്വേഷണം  ഉറപ്പുനല്‍കിയെന്ന് പിതാവ്

SHARE THIS ON

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി ജെ.എസ്. സിദ്ധാര്‍ഥന്റ മരണത്തില്‍ മുഖ്യമന്ത്രി സി.ബി.ഐ അന്വേഷണം ഉറപ്പ് നല്‍കിയെന്ന് പിതാവ് ജയപ്രകാശ്.
സംഭവത്തിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിയെ കണ്ടിരുന്നു. സിദ്ധാര്‍ഥന്റെ പിതാവ് ജയപ്രകാശും അമ്മാവന്‍ ഷിബുവുമായിരുന്നു മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്. തുടര്‍ന്ന് അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ജയപ്രകാശ്.

സിദ്ധാര്‍ഥന് നേരിടേണ്ടി വന്ന ക്രൂരത മുഖ്യമന്ത്രിയോട് വിവരിച്ചു. മരിച്ചതല്ല കൊന്നതാണെന്ന് തുറന്നുപറഞ്ഞു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടപ്പോള്‍ നോക്കട്ടെ എന്നല്ല, ഉറപ്പാണ് പറഞ്ഞതെന്നും ജയപ്രകാശ് വ്യക്തമാക്കി. സി.ബി.ഐ അന്വേഷണം വേണമെങ്കില്‍ അതുതന്നെ ചെയ്യാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടിയെന്നും ജയപ്രകാശ് പറഞ്ഞു.

‘അസിസ്റ്റന്റ് വാര്‍ഡനേയും ഡീനിനേയും കൊലക്കുറ്റത്തിന് പ്രതിചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടു. സസ്‌പെന്‍ഷല്ല, ഇരുവരേയും പുറത്താക്കി സര്‍വീസില്‍നിന്ന് മാറ്റിനിര്‍ത്തി അന്വേഷണം നടത്തണം. 2019-ന് ശേഷം സര്‍വകലാശാലയില്‍ ഒരുപാട് ആത്മഹത്യകളും അപകടമരണങ്ങളും നടന്നിട്ടുണ്ട്. അവയും അന്വേഷിക്കണം’, അദ്ദേഹം ആവശ്യപ്പെട്ടു.

ട്രെയിനില്‍വെച്ച് സിദ്ധാര്‍ഥനെ വകവരുത്താന്‍ ശ്രമിച്ചോയെന്ന് സംശയമുണ്ട്. ദേവരാഗ് എന്ന പുതിയ പേര് ആന്റി റാഗിങ് സ്‌ക്വോഡിന്റെ റിപ്പോര്‍ട്ടിലുണ്ട്. പോലീസ് അന്വേഷണത്തില്‍ അങ്ങനെയൊരു പേരില്ല. സുഹൃത്ത് അക്ഷയ്‌യെ സാക്ഷിയോ മാപ്പുസാക്ഷിയോ ആക്കരുത്, അവന്‍ പ്രതിയാണെന്നും ജയപ്രകാശ് കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രി സി.ബി.ഐ. അന്വേഷണം ഉറപ്പുനല്‍കിയ സാഹചര്യത്തില്‍ യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ്, കെ.എസ്.യു. പ്രസിഡന്റുമാര്‍ നടത്തിവരുന്ന നിരാഹാരസമരം അവസാനിപ്പിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!