യു.എ.ഇയിൽ കനത്ത മഴ, വെള്ളക്കെട്ട്; നിശ്ചലമായി നഗരങ്ങൾ, റോഡ്-വ്യോമ ഗതാഗതം തടസ്സപ്പെട്ടു

ദുബായ്: യു.എ.ഇയിൽ അതിശക്തമായ മഴയും വെള്ളക്കെട്ടും. ദുബായ്, അബുദാബി, ഷാർജ തുടങ്ങിയ നഗരങ്ങൾ ഏതാണ്ട് നിശ്ചലാവസ്ഥയിലാണ്. ദുബായ് വഴിയുള്ള നിരവധി വിമാന സർവ്വീസുകൾ റദ്ദാക്കി. 13 സർവ്വീസുകൾ മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചു വിട്ടു.
അബുദാബി, ദുബായ്, ഷാർജ, റാസൽ ഖൈമ, ഫുജൈറ എമിറേറ്റുകളിൽ നിരവധിയിടങ്ങളിൽ കടകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. ഷാർജ റോളയിൽ മരം കടപുഴകി വീണു. ദുബായിലെ ആഘോഷ പരിപാടികളെല്ലാം റദ്ദാക്കി. മെട്രോ സർവ്വീസിനെ മഴ ബാധിച്ചില്ലെങ്കിലും ബസ് സർവ്വീസുകൾ പലയിടത്തും മുടങ്ങി. എല്ലാ ബോട്ട് സർവ്വീസുകളും താൽക്കാലികമായി നിർത്തിവച്ചു.
അൽഐനിൽ കടകളിലും ഷോപ്പിങ് മാളുകളിലും വെള്ളം കയറി. ദുബായിൽ ഖിസൈസ്, കറാമ, അൽനഹ്ദ എന്നിവടങ്ങളിൽ ഫ്ളാറ്റുകളിലെ പാർക്കിങ് കേന്ദ്രങ്ങളിലും വാഹനങ്ങളിലും വെള്ളം കയറി. റാസൽഖൈമയിലും ഫുജൈറയിലും വാദികൾ നിറഞ്ഞൊഴുകിയതോടെ റോഡുകളിൽ ഗതാഗതം നിലച്ചു. അജ്മാൻ, ഉമ്മുൽഖുവെയ്ൻ എന്നിവിടങ്ങളിൽ മഴ തുടരുകയാണ്. രാജ്യത്തെ പ്രധാന പാർക്കുകളും ബീച്ചുകളും അടച്ചു. രാത്രി പത്തുമണിയോടെ തന്നെ അൽ ഐനിലെ സിറ്റി ടണൽ അടച്ചു. എമിറേറ്റുകളിലെ മിക്ക അണ്ടർ പാസുകളും മുൻകരുതലിന്റെ ഭാഗമായി അടച്ചിരിക്കുകയാണ്. ഞായറാഴ്ച രാവിലെ വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം.
മസ്കറ്റ്
പ്രതികൂല കാലാവസ്ഥയെത്തുടർന്ന് എട്ട് ഗവർണറേറ്റുകളിൽ വൊക്കേഷണൽ കോളേജുകളിൽ ഞായറാഴ്ച അവധിയാണെന്ന് ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ, ഇന്നൊവേഷൻ മന്ത്രാലയം അറിയിച്ചു.
അൽ-ദാഹിറ, അൽ-ബുറൈമി, സൗത്ത് അൽ-ബാത്തിന, നോർത്ത് അൽ-ബാത്തിന, മസ്‌കറ്റ്, അൽ-ദാഖിലിയ, നോർത്ത് അൽ ഗവർണറേറ്റുകളിലെ,-ശർഖിയ, ദക്ഷിണ അൽ-ഷർഖിയ. സ്വകാര്യ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഓൺലൈൻ ക്ലാസ്സുകൾ നടത്താമെന്നും മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

