മൂന്നാംദിനം കളിതീര്‍ത്ത് ഇന്ത്യ; ധരംശാലയില്‍ ഇംഗ്ലണ്ടിനെതിരെ ആധികാരിക ജയം, പരമ്പര (4-1) സ്വന്തം

ധരംശാലയില്‍ ഇന്ത്യയോട് പിടിച്ചുനില്‍ക്കാനുള്ള ത്രാണിപോലും ഇംഗ്ലണ്ട് കാണിച്ചില്ല. ആദ്യ ഇന്നിങ്‌സിനേക്കാള്‍ പരിതാപകരമായിരുന്നു സന്ദര്‍ശകരുടെ രണ്ടാം ഇന്നിങ്‌സ്. ഇന്ത്യയാകട്ടെ, ഒന്നാം ഇന്നിങ്‌സില്‍ കെട്ടിപ്പടുത്ത സ്‌കോര്‍ തന്നെ അധികമായിരുന്നു. 20 വിക്കറ്റുകള്‍ കൈയിലുണ്ടായിട്ടും ഇംഗ്ലണ്ടിന് അത് ഭേദിക്കാനായില്ല. അന്തിമ ഫലത്തിന് മൂന്നുദിവസം പോലുംതികച്ചുവേണ്ടിവന്നില്ല. രണ്ടുദിവസം ബാക്കിയിരിക്കേ ഇന്ത്യക്ക് ആധികാരിക ജയം. ഒന്‍പത് വിക്കറ്റുകള്‍ നേടി നൂറാം ടെസ്റ്റ് കളറാക്കിയ അശ്വിന് കൊടുക്കാം ഈ ജയത്തിന്റെ ക്രെഡിറ്റ്.
ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ ഉയര്‍ത്തിയ 477 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ടിന് രണ്ടാം ഇന്നിങ്‌സില്‍ 195 റണ്‍സെടുക്കാനേ ആയുള്ളൂ. ഇതോടെ ഇന്നിങ്‌സ് തോല്‍വി വഴങ്ങേണ്ടിവന്നു. 218 ആയിരുന്നു ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍. ഇന്നിങ്‌സിനും 64 റണ്‍സിനുമാണ് ഇന്ത്യന്‍ ജയം. ഒന്നാം ഇന്നിങ്‌സില്‍ നാലും രണ്ടാം ഇന്നിങ്‌സില്‍ അഞ്ചും വിക്കറ്റുകള്‍ നേടിയ അശ്വിനാണ് ഇംഗ്ലണ്ടിന്റെ കഥകഴിക്കുന്നതില്‍ നിര്‍ണായകമായ പങ്കുവഹിച്ചത്.
ഇംഗ്ലണ്ടിനുവേണ്ടി ഒരറ്റത്ത് അപരാജിത കുതിപ്പുമായി ജോ റൂട്ട് നിലയുറപ്പിച്ചിരുന്നു. പക്ഷേ, മറുപുറത്ത് ആളുകള്‍ മാറിമാറി വന്നുകൊണ്ടിരുന്നു. ഒടുക്കം അവസാനത്തെ ആളായി റൂട്ടും കളംവിട്ടതോടെ കളി തീര്‍ന്നു. പരമ്പര ഇന്ത്യയുടെ കൈയില്‍ (4-1). 128 പന്തുകള്‍ നേരിട്ട് 84 റണ്‍സ് നേടിയ റൂട്ടിന്റെ ഇന്നിങ്‌സ് ഇംഗ്ലണ്ട് നിരയില്‍ വേറിട്ടുനിന്നു.
ബെന്‍ ഡക്കറ്റ് (2), സാക് ക്രൗളി (1), ഒലീ പോപ്പ് (19), ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് (2), ബെന്‍ ഫോക്‌സ് (8) എന്നിവരെ അശ്വിന്‍ പറഞ്ഞയച്ചു. ടോം ഹാര്‍ട്ട്‌ലി (20), മാര്‍ക്ക് വുഡ് (പൂജ്യം) എന്നിവരെ ജസ്പ്രീത് ബുംറയും ജോണി ബെയര്‍സ്‌റ്റോ (39), ജോ റൂട്ട് (84) എന്നിവരെ കുല്‍ദീപും മടക്കിയയച്ചു. രവീന്ദ്ര ജഡേജയ്ക്കാണ് ഷുഐബ് ബഷീറിന്റെ (13) വിക്കറ്റ്.
രാവിലെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് അവസാനിച്ചിരുന്നു. രണ്ടാംദിനം എട്ടു വിക്കറ്റ് നഷ്ടത്തില്‍ 473 എന്ന നിലയിലായിരുന്ന ഇന്ത്യക്ക്, മൂന്നാംദിനം നാല് റണ്‍സെടുക്കുന്നതിനിടെത്തന്നെ ശേഷിച്ച രണ്ട് വിക്കറ്റുകള്‍ നഷ്ടപ്പെട്ടു. ഇതോടെ ഇംഗ്ലണ്ട് 259 റണ്‍സിന്റെ ലീഡ് വഴങ്ങി. മൂന്നാംദിനം തുടക്കത്തില്‍തന്നെ ഇന്ത്യയ്ക്ക് കുല്‍ദീപ് യാദവിനെയും (30) ജസ്പ്രീത് ബുംറയെയും (20) നഷ്ടപ്പെട്ടിരുന്നു. കുല്‍ദീപിനെ ജെയിംസ് ആന്‍ഡേഴ്‌സനും ബുംറയെ ഷുഐബ് ബഷീറുമാണ് മടക്കിയത്. ഇതോടെ ഷുഐബിന് അഞ്ച് വിക്കറ്റായി.
ഇംഗ്ലണ്ടിന് തുടക്കത്തിലേ പാളി
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന് ഒന്നാം ഇന്നിങ്‌സില്‍ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞില്ല. തുടക്കത്തില്‍ കരുതിക്കളിച്ചെങ്കിലും പിന്നീട് ക്ഷമയില്ലാതെ ബാറ്റു വീശിയതിന്റെ ഫലം അനുഭവിക്കേണ്ടിവന്നു. ഒരു ഘട്ടത്തില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 100 എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. പിന്നീട് 218-ലെത്തിയപ്പോഴേക്കും എല്ലാവരും പുറത്തായി. ഓപ്പണര്‍ സാക് ക്രൗളി മാത്രമാണ് ഒന്നാം ഇന്നിങ്‌സില്‍ കാര്യമായി സ്‌കോര്‍ ചെയ്തത്-79 റണ്‍സ്.
100-ാം ടെസ്റ്റിന്റെ പകിട്ടിലെത്തിയ ബെയര്‍സ്റ്റോ (29), ബെന്‍ ഡക്കറ്റ് (27), ജോ റൂട്ട് (26), വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്‌സ് (24) എന്നിവര്‍ മാത്രമാണ് പിന്നീട് രണ്ടക്കം കടന്ന ഇംഗ്ലീഷ് ബാറ്റര്‍മാര്‍. ഇന്ത്യക്കുവേണ്ടി കുല്‍ദീപ് യാദവ് അഞ്ചുവിക്കറ്റ് നേടി. 15 ഓവറില്‍ 72 റണ്‍സ് വിട്ടുനല്‍കിയാണ് കുല്‍ദീപിന്റെ നേട്ടം. 11.4 ഓവര്‍ എറിഞ്ഞ് 51 റണ്‍സ് വിട്ടുനല്‍കി അശ്വിന്‍ നാല് വിക്കറ്റും നേടി. അശ്വിന്റെയും നൂറാം ടെസ്റ്റായിരുന്നു ഇത്. രവീന്ദ്ര ജഡേജയ്ക്കാണ് ശേഷിച്ച വിക്കറ്റ്.
തുടക്കം മുതലേ ഇന്ത്യന്‍ ആധിപത്യം
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയാകട്ടെ, ബാറ്റെടുത്തവരെല്ലാം വെളിച്ചപ്പാടായി എന്നതുപോലെയായിരുന്നു കാര്യങ്ങള്‍. യശസ്വി ജയ്‌സ്വാള്‍ 58 പന്തില്‍ 57 റണ്‍സെടുത്ത് ആദ്യം പുറത്തായി. മൂന്ന് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെട്ടതായിരുന്നു ജയ്‌സ്വാളിന്റെ ഇന്നിങ്‌സ്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും സെഞ്ചുറി നേടി. രോഹിത് 103 റണ്‍സും ഗില്‍ 110 റണ്‍സുമാണ് നേടിയത്. 104-ല്‍ ജയ്‌സ്വാളിനെ നഷ്ടമായ ഇന്ത്യക്ക്, പിന്നീട് 275-ല്‍ എത്തിയപ്പോഴാണ് രണ്ടാം വിക്കറ്റ് പോവുന്നത്. ഇരുവരും ചേര്‍ന്ന് 171 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി.
പിന്നീടെത്തിയ അരങ്ങേറ്റക്കാരന്‍ ദേവ്ദത്ത് പടിക്കലും ഒട്ടും മോശമാക്കിയില്ല. ആദ്യ മത്സരത്തില്‍ത്തന്നെ അര്‍ധ സെഞ്ചുറി നേടി വരവറിയിച്ചു. 65 റണ്‍സാണ് പടിക്കല്‍ നേടിയത്. സര്‍ഫറാസ് ഖാനും സ്ഥിരതയുള്ള പ്രകടനംതന്നെ കാഴ്ചവെച്ചു. 56 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. പടിക്കലും സര്‍ഫറാസും മടങ്ങിയതോടെ കാര്യമായ മുന്നേറ്റങ്ങളൊന്നും ഇന്ത്യന്‍ നിരയില്‍നിന്ന് കണ്ടില്ല.
രവീന്ദ്ര ജഡേജ (15), വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറേല്‍ (15), രവിചന്ദ്രന്‍ അശ്വിന്‍ (പൂജ്യം), കുല്‍ദീപ് യാദവ് (30), ജസ്പ്രീത് ബുംറ (20) എന്നിങ്ങനെയാണ് തുടര്‍ന്നുള്ള സ്‌കോറുകള്‍. ഇംഗ്ലണ്ടിനായി ഷുഐബ് ബഷീര്‍ അഞ്ചുവിക്കറ്റ് നേടി. ടോം ഹാര്‍ട്ട്‌ലി, ജെയിംസ് ആന്‍ഡേഴ്‌സന്‍ എന്നിവര്‍ രണ്ടും ബെന്‍ സ്‌റ്റോക്‌സ് ഒന്നും വിക്കറ്റുകളും നേടി.