ജയരാജന്മാരിൽ ഒരാൾ ആദ്യമായി സുധാകരനെതിരേ; കണ്ണൂർ കാത്തിരിക്കുന്നത് ചരിത്രത്തിലെ കടുത്ത പോരാട്ടത്തിന്

കണ്ണൂരില്‍ സിപിഎം നേതൃത്വത്തിലെ പ്രധാനികള്‍ മൂന്ന് ജയരാജന്മാരാണ്. ഇ പി ജയരാജന്‍, പി ജയരാജന്‍, എം വി ജയരാജന്‍. ഈ ജയരാജത്രയങ്ങളാണ് വര്‍ഷങ്ങളായി കണ്ണൂരെന്ന ചുവപ്പ് കോട്ടയില്‍ പാര്‍ട്ടിയെ മുന്നോട്ടുനയിക്കുന്നത്. മറുവശത്ത് കോണ്‍ഗ്രസില്‍ പതിറ്റാണ്ടുകളായി ഒരൊറ്റ മുഖം മാത്രമേയുള്ളൂ- കെ സുധാകരന്‍. സിപിഎമ്മിന്റെ വൻകോട്ടകൾ അതിശക്തമായി വേരാഴ്ത്തി നില്‍ക്കുമ്പോഴും കോണ്‍ഗ്രസ് ഇക്കാലമത്രയും പിടിച്ചുനിന്നത് കെ. സുധാകരന്റെ നേതൃപാടവത്തില്‍ തന്നെയാണ്. സുധാകരന്‍ കണ്ണൂര്‍ ഡിസിസി പ്രസിഡന്റായിരുന്ന വേളയില്‍ പലകുറി സിപിഎമ്മുമായി നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയിട്ടുമുണ്ട്. ജയരാജന്‍മാരെയും പിണറായിയെയും വെല്ലുവിളിച്ചുകൊണ്ടുള്ള രാഷ്ട്രീയം. എന്നാല്‍, കണ്ണൂരിലെ തിരഞ്ഞെടുപ്പിന്റെ ചരിത്രത്തില്‍ ജയരാജന്‍മാരില്‍ ഒരാള്‍ കെ. സുധാകരനുമായി പോരാട്ടത്തിലേർപ്പെടുന്നത് ഇപ്പോൾ ആദ്യമാണ്.
സുധാകരന്‍ വീണ്ടും മത്സരത്തിനിറങ്ങുന്നതോടെ കണ്ണൂരില്‍ ചരിത്രത്തിലെ ഏറ്റവും കടുത്ത പോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്. സുധാകരന്‍ നേരിടുന്നത് പാര്‍ട്ടി ജില്ലാ സെക്രട്ടറിയായിരുന്ന എം.വി ജയരാജനെയാണ്. കണ്ണൂര്‍ തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെ എം.വി ജയരാജന്‍ മണ്ഡലത്തില്‍ പ്രചാരണം ആരംഭിച്ചുകഴിഞ്ഞു. പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിയെ സിപിഎം സ്ഥാനാര്‍ഥിയാക്കിയപ്പോള്‍ കെ.പി.സി.സി പ്രസിഡന്റിനെ തന്നെ യുഡിഎഫ് മണ്ഡലം നിലനിര്‍ത്താന്‍ രംഗത്തിറക്കി. സുധാകരന്‍ കൂടി കളത്തിലിറങ്ങുമ്പോള്‍ തിരഞ്ഞെടുപ്പ് ചൂട് അതിന്റെ പാരമ്യത്തിലെത്തും. മത്സരത്തിന് വീറും വാശിയും കൂടും. ഒരര്‍ഥത്തില്‍ മുമ്പെങ്ങും കാണാത്ത തരത്തിലുള്ള രാഷ്ട്രീയപോരാട്ടത്തിന് മണ്ഡലം സാക്ഷ്യംവഹിക്കുമെന്നുറപ്പ്. രണ്ട് അതികായന്‍മാര്‍ തിരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങുമ്പോള്‍ പ്രവചനങ്ങള്‍ക്കും ഇടമില്ല.
കണ്ണൂര്‍ കോട്ട ചുവപ്പിക്കാന്‍ ജയരാജന്‍
ഇടതുപക്ഷത്തിന്റെ കോട്ടയായി കണ്ണൂര്‍ നിലകൊള്ളുമ്പോഴും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തിന് പൊതുവേ വലത്തോട്ടാണ് ചായ്‌വ്. എന്നാല്‍, കടുത്ത പോരാട്ടം നടത്തി മണ്ഡലം പലകുറി തിരിച്ചുപിടിച്ച ചരിത്രം എല്‍ഡിഎഫിനുണ്ട്. 2024-ലും അങ്ങനെയൊരു തിരിച്ചുവരവ് മോഹിക്കുന്നുണ്ട് മുന്നണി. ഏതുവിധേനയും മണ്ഡലം പിടിക്കുകയെന്ന ഉറച്ച ലക്ഷ്യത്തില്‍ കരുത്തരായ സ്ഥാനാര്‍ഥികളെ തന്നെയിറക്കണമെന്ന നിലപാടാണ് പാര്‍ട്ടി തുടക്കത്തില്‍ തന്നെ സ്വീകരിച്ചത്. കെ.കെ ശൈലജ, പി.കെ ശ്രീമതി, പി.പി ദിവ്യ എന്നീ പേരുകള്‍ നേതൃത്വത്തിനുമുന്നിലേക്ക് വന്നെങ്കിലും ഒടുവില്‍ പാര്‍ട്ടിയുടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയെ തന്നെ പോരാട്ടത്തിനായി സിപിഎം കളത്തിലിറക്കി. കണ്ണൂര്‍ തിരിച്ചുപിടിക്കാന്‍ എം.വി ജയരാജനെത്തുമ്പോള്‍ എല്‍ഡിഎഫ് ശക്തമായ മത്സരം കാഴ്ചവെക്കുമെന്നുറപ്പ്.
തിരഞ്ഞെടുപ്പ് ഗോദയിലേക്ക് സിപിഎം ജില്ലാ സെക്രട്ടറി വരുമ്പോള്‍ കണ്ണൂരിലെ പാര്‍ട്ടിയുടെ സംഘടനാ സംവിധാനങ്ങള്‍ അച്ചടക്കത്തോടേയും കൃത്യതയോടേയും പ്രവര്‍ത്തിക്കും. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് വേഗവും കരുത്തും കൂടും. കാരണം, ജില്ലയിലെ പാര്‍ട്ടിയെ വര്‍ഷങ്ങളായി മുന്നില്‍ നിന്നുനയിക്കുന്നയാളാണ് എം.വി ജയരാജന്‍. സിപിഎമ്മിന് രാജ്യത്തെതന്നെ ഏറ്റവും ശക്തമായ സംഘടനാ സംവിധാനമുള്ള ജില്ലയാണ് കണ്ണൂര്‍. കണ്ണൂരിലെ സിപിഎമ്മിനെ നയിക്കുകയെന്ന ദൗത്യം പഴുതുകളേതുമില്ലാതെ നടപ്പിലാക്കിവരുന്ന നേതാവ് തിരഞ്ഞെടുപ്പ് പോരാട്ടത്തിന് കച്ച മുറുക്കുമ്പോള്‍ പാര്‍ട്ടി ഘടകം എണ്ണയിട്ട യന്ത്രംപോലെ പ്രവര്‍ത്തിക്കുമെന്നതില്‍ തര്‍ക്കമില്ല.
പി. ജയരാജന് ശേഷമാണ് എം. വി ജയരാജന്‍ കണ്ണൂരില്‍ സിപിഎമ്മിന്റെ തലപ്പത്തെത്തുന്നത്. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനായി പി. ജയരാജൻ ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതോടെയാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം. വി ജയരാജന്‍ സെക്രട്ടറി സ്ഥാനത്തേക്കെത്തിയത്. അന്നുമുതല്‍ സിപിഎമ്മിനെ ജയരാജന്‍ മുന്നില്‍നിന്ന് നയിച്ചു. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത പരാജയത്തില്‍നിന്ന് സിപിഎമ്മിനെ തിരിച്ചുകൊണ്ടുവന്നതില്‍ നിര്‍ണായക പങ്കുവഹിച്ച നേതാവാണ് ജയരാജന്‍.
അന്ന് കെ. സുധാകരന്‍ ഒരു ലക്ഷത്തിനടുത്ത് ഭൂരിപക്ഷത്തിനാണ് സിപിഎമ്മിലെ പി.കെ ശ്രീമതിയെ പരാജയപ്പെടുത്തിയത്. ചുവപ്പ് കോട്ടകളായ മട്ടന്നൂരിലും ധര്‍മടത്തും വന്‍തോതില്‍ ലീഡ് കുറഞ്ഞപ്പോള്‍ തളിപ്പറമ്പില്‍ സുധാകരന്‍ നേരിയ ലീഡെടുത്തു. പാര്‍ട്ടിയെ വലിയ തോതില്‍ ഞെട്ടിച്ചതായിരുന്നു തളിപ്പറമ്പിലെ ഈ വോട്ട് ചോര്‍ച്ച. പിന്നീട് സിപിഎമ്മിനെ പഴയ പ്രതാപത്തിലേക്ക് എത്തിക്കാന്‍ ജില്ലാനേതൃത്വം പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ജനകീയ വിഷയങ്ങളുയര്‍ത്തി സമരങ്ങള്‍ സംഘടിപ്പിച്ചും വീടുകയറിയുള്ള പ്രചാരണങ്ങളിലൂടെയും മുന്നണിയൊന്നാകെ ജില്ലയില്‍ സജീവമായി. ആ ഇടപെടലുകളിലൂടെയാണ് സിപിഎം തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും മികച്ച വിജയം കൈവരിച്ചത്. രാഷ്ട്രീയ നിലപാടുകള്‍ ഉയര്‍ത്തിതന്നെയാണ് എം.വി ജയരാജന്റെ തിരഞ്ഞെടുപ്പ് പ്രചാരണം മുന്നോട്ടുപോകുന്നത്.
സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കൂടിയായ ജയരാജന്‍ നിയമ ബിരുദധാരിയാണ്. 1996, 2001 വര്‍ഷങ്ങളില്‍ എടക്കാട് നിയമസഭാ മണ്ഡലത്തില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ഒടുവില്‍ സുധാകരനെത്തി, ആവേശത്തില്‍ കണ്ണൂരിലെ കോണ്‍ഗ്രസ്
കണ്ണൂരില്‍ കെ. സുധാകരനോളം കരുത്തുള്ള മറ്റൊരു കോണ്‍ഗ്രസ് നേതാവില്ലെന്ന് അടിവരയിടുന്നതായിരുന്നു ഇത്തവണത്തെ യുഡിഎഫ് സ്ഥാനാര്‍ഥി പ്രഖ്യാപനം. നിരവധി പേരുകള്‍ നേതൃത്വത്തിന്റെ മുന്നിലേക്ക് കടന്നുവന്നെങ്കിലും ഒടുവില്‍ കെ. സുധാകരനുനേരെ തന്നെ പച്ചക്കൊടി വീശി. ജില്ലാ സെക്രട്ടറിയായ എം.വി ജയരാജനെ സിപിഎം കളത്തിലിറക്കിയപ്പോള്‍ പിന്നെ കോണ്‍ഗ്രസ് രണ്ടാമതൊന്ന് ആലോചിച്ചില്ല. കണ്ണൂരില്‍ ക്ലാസിക് പോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്.
കെ. സുധാകരന്‍ തന്നെ മത്സരിക്കണമെന്നതായിരുന്നു ജില്ലയിലെ കോണ്‍ഗ്രസിന്റെ തുടക്കംമുതലുള്ള നിലപാട്. എന്നാല്‍, താന്‍ മത്സരത്തിനില്ലെന്ന് സുധാകരന്‍ പറഞ്ഞതോടെയാണ് പാര്‍ട്ടി മറ്റു സ്ഥാനാര്‍ഥികളെ പരിഗണിച്ചത്. നിലവില്‍ കെ.പി.സി.സി അധ്യക്ഷന്റെ പദവിയുള്ളതിനാല്‍ രണ്ട് പദവി വഹിക്കേണ്ടിവരുമെന്നതിനാൽ ഇക്കുറി മത്സരിക്കാനില്ലെന്നതായിരുന്നു അന്ന് സുധാകരന്‍ പറഞ്ഞത്. പാര്‍ട്ടി സ്ഥാനാര്‍ഥി ചര്‍ച്ചകളിലേക്ക് കടന്നതോടെ മുതിര്‍ന്ന നേതാക്കളേത്തന്നെ മണ്ഡലത്തില്‍ മത്സരിപ്പിക്കണമെന്ന ആവശ്യമുയര്‍ന്നു. എങ്ങനേയും സീറ്റ് പിടിക്കണമെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയായിരുന്നു ഇത്. അതോടെ സിറ്റിങ് എംപിയായ സുധാകരനിലേക്കുതന്നെ കോണ്‍ഗ്രസെത്തി.
മണ്ഡലം തിരിച്ചുപിടിക്കാന്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജനേത്തന്നെ മത്സരിപ്പിക്കാന്‍ സിപിഎം തീരുമാനിച്ചതാണ് മറ്റൊരു ഘടകം. ജയരാജനിറങ്ങുമ്പോള്‍ മത്സരം കടുക്കുമെന്ന വിലയിരുത്തലുണ്ടായി. കെ. സുധാകരന് മണ്ഡലം നിലനിര്‍ത്താനാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. ഇടതുകോട്ടകളില്‍ സിപിഎമ്മിന് കടുത്ത വെല്ലുവിളിയുയര്‍ത്താന്‍ സുധാകരനാകും. പലതവണ അത് തെളിയിച്ചിട്ടുമുണ്ട് അദ്ദേഹം.
2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചാണ് സുധാകരന്‍ മുന്നേറിയത്. ഒരു ലക്ഷത്തിനടുത്ത് വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പി.കെ ശ്രീമതിയെ പരാജയപ്പെടുത്തി. ഇടതുകോട്ടകളായ മട്ടന്നൂരും ധര്‍മടവും സിപിഎമ്മിന്റെ ലീഡ് ഗണ്യമായി കുറച്ച സുധാകരന്‍ തളിപ്പറമ്പില്‍ നേരിയ ലീഡും നേടി. ഇരിക്കൂര്‍, പേരാവൂര്‍, കണ്ണൂര്‍, അഴീക്കോട് മണ്ഡലങ്ങളില്‍ വന്‍ ലീഡുമെടുത്തു. ചുവപ്പ് കോട്ടകളില്‍ വിള്ളലുണ്ടാക്കാന്‍ സുധാകരന് ഇക്കുറിയും സാധിക്കുമെന്ന കണക്കുകൂട്ടലിലാണ് ജില്ലയിലെ കോണ്‍ഗ്രസ്.
സുധാകരന്‍ കളത്തിലിറങ്ങുമ്പോള്‍ ജില്ലയിലെ യുഡിഎഫ് ഒന്നാകെ ഉണര്‍ന്നുപ്രവര്‍ത്തിക്കുമെന്നാണ് കോൺഗ്രസിന്‍റെ പ്രതീക്ഷ. കൃത്യമായ പദ്ധതികള്‍ ആസൂത്രണംചെയ്ത് അച്ചടക്കത്തോടെയും ഒഴുക്കോടെയും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനുള്ള ആവേശം പ്രവർത്തകർക്കുണ്ടാകും. മാത്രമല്ല, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വീറും വാശിയും കൂടും. അവരുടെ പ്രിയപ്പെട്ട നേതാവിന്റെ ജയത്തിനായി പ്രവര്‍ത്തകര്‍ ഒരേ മനസ്സോടെ മണ്ഡലത്തില്‍ പ്രചാരണവും സജീവമാക്കും. യുഡിഎഫ് ക്യാമ്പില്‍ ആവേശം അലതല്ലുമെന്നുറപ്പ്.
കണ്ണൂരില്‍ കെ. സുധാകരന്റെ വ്യക്തിപ്രഭാവം വേറിട്ടുനില്‍ക്കുന്നതാണ്. പതിറ്റാണ്ടുകളായി കണ്ണൂരിന്റെ രാഷ്ട്രീയ ഭൂമികയില്‍ തലയെടുപ്പോടെ അദ്ദേഹമുണ്ട്. ജില്ലയില്‍ സുധാകരന്റെ രാഷ്ട്രീയശിഖരം അത്ര ഉയരത്തിൽ പടര്‍ന്നുനില്‍ക്കുന്നതാണ്. അത് മറികടക്കുക എന്നത് എല്‍ഡിഎഫിന് ചെറിയ വെല്ലുവിളിയല്ല. ചുവപ്പ് കോട്ടകളില്‍ സിപിഎമ്മിനോട് നേര്‍ക്കുനേര്‍ ഏറ്റുമുട്ടിത്തന്നെയാണ് സുധാകരന്റെ വളര്‍ച്ച.
90-കളുടെ തുടക്കത്തിലാണ് കണ്ണൂര്‍ ഡിസിസി പ്രസിഡന്റായി സുധാകരനെത്തുന്നത്. പിന്നീടങ്ങോട്ട് കോണ്‍ഗ്രസിന്റെ പതിവ് ശൈലിയെ അദ്ദേഹം പൊളിച്ചെഴുതി. അടിക്ക് തിരിച്ചടിയെന്ന മട്ടില്‍ മറുപടി. ജയരാജന്‍മാരോടും പിണറായിയോടും ശക്തമായി ഏറ്റുമുട്ടി, ഏറെ വെല്ലുവിളികള്‍ മറികടന്നാണ് സുധാകരന്‍ ജില്ലയില്‍ കോണ്‍ഗ്രസിനെ പിടിച്ചുനിർത്തിയത്.
2009-ലാണ് സുധാകരന്‍ ആദ്യമായി ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. സിപിഎമ്മിലെ കെ.കെ രാഗേഷിനെയാണ് പരാജയപ്പെടുത്തിയത്. 2014-ല്‍ പി. കെ. ശ്രീമതിയോട് പരാജയപ്പെട്ടെങ്കിലും 2019-ല്‍ ഉഗ്രന്‍ തിരിച്ചുവരവ് നടത്തി. അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും സുധാകരനെത്തുമ്പോള്‍ കണ്ണൂരില്‍ പോരാട്ടം തീപാറും.