എയര്‍ കണ്ടീഷണര്‍ വെള്ളം ഉപയോഗിച്ച് സ്വദേശി വീടുകളില്‍ അഞ്ച് മരങ്ങള്‍; പദ്ധതിയുമായി ഇമാറാത്തി പൗരന്‍

അബൂദബി: രാജ്യത്തെ എല്ലാ വീടുകളിലും ഉപയോഗിക്കുന്ന എയര്‍ കണ്ടീഷണറുകള്‍ ഉത്പാദിപ്പിക്കുന്ന വെള്ളം ഉപയോഗിച്ച് വിളകള്‍ക്ക് ജലസേചനം നടത്തുന്ന സംരംഭത്തിന് ഇമാറാത്തി പൗരനായ ഡോ. മുഹമ്മദ് അല്‍ ശെഹ്ഹി തുടക്കം കുറിച്ചു. ഓരോ സ്വദേശി വീട്ടിലും അഞ്ച് മരങ്ങള്‍ നട്ടുപിടിപ്പിക്കുകയും എയര്‍ കണ്ടീഷണര്‍ വെള്ളം ഉപയോഗിച്ച് നനയ്ക്കുകയും ചെയ്യുക എന്നതാണ് സംരംഭത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഓരോ എയര്‍കണ്ടീഷണറും പ്രതിദിനം പത്ത് മുതല്‍ 15 ലിറ്റര്‍ വരെ കണ്ടന്‍സേഷന്‍ വെള്ളം ഉത്പാദിപ്പിക്കുന്നുവെന്ന് ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ സുസ്ഥിരത സ്പെഷ്യലിസ്റ്റായ ഡോ. അല്‍ ശെഹ്ഹി പറഞ്ഞു. ഇത് വീടുകളില്‍ മരങ്ങള്‍ നടാനോ, ഭക്ഷണത്തിന്റെ സ്വയം ഉത്പാദനത്തെ പിന്തുണയ്ക്കുന്നതിനായി തോട്ടത്തില്‍ പച്ചക്കറികള്‍ വളര്‍ത്താനോ ഉപയോഗിക്കാം. ഗാഫ്, സിദ്ര്‍, സമര്‍ തുടങ്ങിയ ഉപ്പുവെള്ളത്തെയും വരള്‍ച്ചയെയും ചെറുക്കാന്‍ കഴിയുന്ന അഞ്ച് പ്രാദേശിക മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നതിനെ അടിസ്ഥാനമാക്കിയാണ് ഈ ആശയം. തന്റെ വീട്ടില്‍ ഈ ആശയം നടപ്പിലാക്കിയതായും കൃഷി വികസിപ്പിക്കുന്നതിനായി നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വെള്ളത്തിന് മലിനജലം പോലുള്ള സങ്കീര്‍ണമായ സംസ്‌കരണം ആവശ്യമില്ല. ഫില്‍ട്ടറുകളോ ഏതെങ്കിലും ലളിതമായ സംസ്‌കരണ സാങ്കേതിക വിദ്യകളോ ഉപയോഗിക്കാം. ഇത് ജല ഉപഭോഗത്തിനായുള്ള പ്രതിമാസ ബില്ലുകള്‍ കുറയ്ക്കാന്‍ സഹായിക്കും.
ചെലവ് കുറയ്ക്കല്‍, ഭൂഗര്‍ഭജല ശേഖരം സംരക്ഷിക്കല്‍, വായു ശുദ്ധീകരിച്ച് അന്തരീക്ഷം മെച്ചപ്പെടുത്തല്‍, മാലിന്യങ്ങള്‍ ആഗിരണം ചെയ്യല്‍, താപനില കുറയ്ക്കല്‍, തണല്‍ വര്‍ധിപ്പിക്കല്‍ എന്നിവ ഉള്‍പ്പെടെ നിരവധി നേട്ടങ്ങളും ഇതിലുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

