ഹറമിൽ വൻതിരക്ക്: റമസാനിൽ റെക്കോർഡ് തീർഥാടകർക്ക്: ഒറ്റദിവസം ഉംറ നിർവഹിച്ചത് 5 ലക്ഷം പേർ

മക്ക: റമസാനിൽ റെക്കോർഡ് തീർഥാടകർക്ക് ഉംറയ്ക്ക് അവസരമൊരുക്കി മക്ക ഹറം പള്ളി. കഴിഞ്ഞ ബുധനാഴ്ച 5 ലക്ഷത്തോളം തീർഥാടകരാണ് ഉംറ നിർവഹിച്ചത്. ഒറ്റദിവസം ഇത്രയും പേർ ഉംറ നിർവഹിക്കുന്നത് ആദ്യമാണ്. തീർഥാടക പ്രവാഹത്തിനിടെയും സുഗമവും സുരക്ഷിതവുമായി തീർഥാടനം ഉറപ്പാക്കാനായത് നൂതന ക്രൗഡ് മാനേജ്മെന്റ് സംവിധാനങ്ങളുടെ വിജയമാണ്. സുരക്ഷാ ഉദ്യോഗസ്ഥരുടെ വിന്യാസം ക്രമീകരിക്കുകയും നിരീക്ഷണം ശക്തമാക്കുകയും ചെയ്തത് ഒട്ടേറെപ്പേർക്കു തടസ്സമില്ലാതെ അനുഷ്ഠാനം നിർവഹിക്കാൻ അവസരം ഒരുങ്ങി.
കഅബ പ്രദക്ഷിണവും സഫാ-മർവാ മലകൾക്കിടയിലെ പ്രയാണവും നിയന്ത്രിക്കാൻ നിർമിത ബുദ്ധി (എഐ) ക്യാമറകൾ ഉപയോഗപ്പെടുത്തുന്നുണ്ട്. പ്രവേശന കവാടത്തിലെ ക്യാമറകൾ ഉപയോഗിച്ച് തീർഥാടകരെ നിരീക്ഷിക്കുന്നതിനാൽ തിരക്കിന് ആനുപാതികമായി തത്സമയ നടപടിയെടുക്കാനാകുന്നു. ഇത്തരം ക്യാമറകൾ ഗ്രാൻഡ് മോസ്ക്കിലും സ്ഥാപിച്ചെന്ന് ജനറൽ അതോറിറ്റി ഫോർ മോസ്ക് അഫയേഴ്സ് അറിയിച്ചു.

