KSDLIVENEWS

Real news for everyone

തകർന്നടിഞ്ഞ് ഇന്ത്യൻ വിപണി; സെൻസെക്സ് ചോരപ്പുഴ, തീപിടിച്ച് ക്രൂഡ് ഓയിൽ, സ്വർണം ഇടിഞ്ഞു, എൽപിജി വില ഇനിയും കത്തിക്കയറും

SHARE THIS ON

പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ പുതിയ തലത്തിലേക്ക് കടക്കുന്നതിനിടെ പിടിവിട്ട് ക്രൂഡ് ഓയിൽ വില. രാജ്യാന്തര വിപണിയിൽ 20 ശതമാനത്തോളം വര്‍ധിച്ച വില ബാരലിന് 110 ഡോളർ പിന്നിട്ടു. ഇന്ത്യൻ ഓഹരി വിപണി വ്യാപാരത്തിന്റെ ആദ്യ മണിക്കൂറിൽതന്നെ തകർന്ന് തരിപ്പണമായി. സെൻസെക്സ് 2,000ലേറെ പോയിന്റിടിഞ്ഞ് ചോരപ്പുഴയായിട്ടുണ്ട്. ശതകോടികളാണ് തുടക്കത്തിൽതന്നെ ഒറ്റയടിക്ക് ഒലിച്ചുപോയത്.

ഇറാനിൽ ആയത്തുള്ള ഖമനയിയുടെ പിൻഗാമിയായി മകൻ മുജ്‍തബ ഖമനയിയെ നിശ്ചയിച്ചു. പിതാവിനേക്കാൾ തീവ്ര നിലപാടുകാരനാണ് മുജ്‍തബ. യുദ്ധം ശമിപ്പിക്കുന്നതിനു പകരം ആളിക്കത്തിക്കാനാണ് അദ്ദേഹത്തിന്റെ നിലപാടെങ്കിൽ ക്രൂഡ് ഓയിൽ വില തകർത്തുമുന്നേറും. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്കതു വലിയ തിരിച്ചടിയാകും. 

110 പിന്നിട്ട് ക്രൂഡ്

രാജ്യാന്തര വിപണിയില്‍ ബാരലിന് 110 ഡോളർ കടന്ന് ക്രൂഡ് ഓയിൽ വില. ഡബ്ല്യൂടിഐ 110 ഡോളറിലും ബ്രെന്‍റ് 111 ഡോളറിലും മർബൻ 112 ഡോളറിലുമെത്തി. പാചക വാതകത്തിന്‍റെ വിലയും പത്തു ശതമാനത്തോളം വർധിച്ചിട്ടുണ്ട്. ഇറാൻ യുദ്ധമുണ്ടായാൽ വില 110 ഡോളറിലെത്തുമെന്നാണ് നേരത്തെ വിവിധ സാമ്പത്തിക സ്ഥാപനങ്ങൾ പ്രവചിച്ചിരുന്നത്. എന്നാൽ 2008ലും 2022ലുമുണ്ടായ വില വര്‍ധനയേക്കാള്‍ ഗുരുതരമായിരിക്കും പുതിയ സാഹചര്യമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ.

അതല്ല കാരണം

ക്രൂഡ് ഓയില്‍ വില വർധിക്കാനുള്ള കാരണം വിപണിയിലെ ലഭ്യതക്കുറവല്ലെന്നും ആളുകള്‍ക്കുണ്ടായ ഭയമാണെന്നും യുഎസ് എനർജി സെക്രട്ടറി ക്രിസ് റൈറ്റ്. നവംബറിൽ ഇടക്കാല തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ യുഎസിൽ ഇന്ധന വില വർധിച്ചതിനിടെയാണ് റൈറ്റിന്‍റെ പ്രസ്താവന. ഇന്ധനവില വർധിക്കുന്നത് രാജ്യത്ത് വിലക്കയറ്റത്തിന് കാരണമാകുമെന്ന ആശങ്ക ശക്തമായിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ പുറത്തു വന്ന തൊഴിൽ കണക്കുകളും ആശാസ്യമല്ല. ഫെബ്രുവരിയില്‍ 97,000 പേർക്കാണ് ജോലി പോയത്. അടുത്ത ദിവസങ്ങളിൽ യുഎസിൽ പെട്രോള്‍ ഗ്യാലനിന് 47 സെന്‍റും ഡീസൽ 83 സെന്‍റും വര്‍ധിച്ചിരുന്നു. ഇത് സാമ്പത്തിക വളർച്ചയുടെ വേഗം കുറയ്ക്കുമെന്നും ആശങ്കയുണ്ട്.

നിലവിൽ ലോക വിപണിയിൽ പാചക വാതകത്തിനോ ക്രൂഡ് ഓയിലിനോ ക്ഷാമമില്ലെന്നും അദ്ദേഹം പറഞ്ഞു. ക്രൂഡ് ഓയിൽ വ്യാപാരികളാണ് വില വർധനയ്ക്ക് പിന്നിൽ. പശ്ചിമേഷ്യയിലെ യുദ്ധം കൂടുതൽ കാലത്തേക്ക് നീണ്ടേക്കുമെന്ന ആശങ്കയാണ് കാരണം. എന്നാൽ ഇതൊരു താൽകാലികമായ പ്രതിഭാസമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

ക്രൂഡ് ഓയിൽ വില കൂടാൻ കാരണം

1.രാജ്യാന്തര എണ്ണ വ്യാപാരത്തിൽ നിർണായകമായ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചത്

2.പശ്ചിമേഷ്യയിലെ പ്രധാന എണ്ണയുൽപാദക രാജ്യങ്ങൾ ഉൽപാദനം കുറയ്ക്കാൻ തീരുമാനിച്ചത്

3.ഈ രാജ്യങ്ങളിലെ എണ്ണയുൽപാദന കേന്ദ്രങ്ങളിൽ നടന്ന ആക്രമണങ്ങൾ

നിലവിലെ സ്ഥിതിയെന്ത്

രാജ്യാന്തര വിപണിയിൽ നിലവിൽ ആവശ്യത്തിലധികം ക്രൂഡ് ഓയിലുണ്ട്. ഇറാനിൽ യുഎസ് – ഇസ്രയേൽ ആക്രമണമുണ്ടാകുന്നതിന് മുമ്പ് ഡിമാൻഡിനേക്കാളും കൂടുതലായിരുന്നു വിപണിയിലെ ക്രൂഡ് ഓയിൽ ലഭ്യത. ഹോർമുസ് കടലിടുക്ക് അടച്ചതോടെ പശ്ചിമേഷ്യയിൽ നിന്നുള്ള എണ്ണവരവ് നിലച്ചു. യുദ്ധം കൂടുതൽ കാലം തുടർന്നാൽ എണ്ണ ക്ഷാമത്തിന് വഴിവെക്കുമെന്നാണ് ആശങ്ക. പ്രശ്നങ്ങൾക്ക് പരിഹാരമായാലും ഉൽപാദനം നിർത്തിയ പ്ലാന്‍റുകളിൽ ഉൽപാദനം പുനരാംരംഭിക്കാൻ 15–30 ദിവസം വരെ വേണ്ടി വരും.

നഷ്ടം തുടരാൻ വിപണികൾ

കഴിഞ്ഞ വാരം ഏഷ്യൻ വിപണികൾ കുത്തനെ ഇടിഞ്ഞിരുന്നു. ഇറാൻ യുദ്ധം, ക്രൂഡ് ഓയിൽ വില, സ്വർണ നിരക്ക്, വിദേശ നിക്ഷേപം, പണപ്പെരുപ്പ കണക്കുകൾ തുടങ്ങിയവയാകും ഈ ആഴ്ച വിപണിയെ ബാധിക്കുന്നത്. വെള്ളിയാഴ്ച 1.37 ശതമാനം ഇടിഞ്ഞ സെൻസെക്സ് 78,918.90ലും 1.27 ശതമാനം ഇടിഞ്ഞ നിഫ്റ്റി 24,450.45ലുമാണ് ക്ലോസ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!