തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ സ്ഥാനാര്‍ഥിയെ ചോദ്യംചെയ്യാന്‍ വിളിക്കുന്നത് ശരിയല്ല- ഇ.ഡിയോട് ഹൈക്കോടതി

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഒരു സ്ഥാനാര്‍ഥിയോട് തിരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കുന്ന ഘട്ടത്തില്‍ ചോദ്യംചെയ്യലിന് ഹാജാരാകാന്‍ ആവശ്യപ്പെടുന്നത് അനുചിതമാണെന്ന് ഹൈക്കോടതി. പത്തനംതിട്ടയിലെ സിപിഎം സ്ഥാനാര്‍ഥിയും മുന്‍ ധനവകുപ്പ് മന്ത്രിയുമായ തോമസ് ഐസക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടിയെ ചോദ്യംചെയ്ത് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം. മസാലബോണ്ട് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് സമന്‍സ് അയച്ച ഇ.ഡി.നടപടിയെ ആണ് തോമസ് ഐസകും കിഫ്ബി ഉദ്യോഗസ്ഥരും ചോദ്യം ചെയ്തത്. ഇഡി സമര്‍പ്പിച്ച വിവരങ്ങള്‍ കാണിക്കുമ്പോള്‍, ഈ ഘട്ടത്തില്‍ ഉദ്യോഗസ്ഥരെയും ഐസകിനെയും ഇഡിക്ക് മുന്നില്‍ ഹാജരാകാന്‍ നിര്‍ബന്ധിക്കുന്നത് ഇപ്പോള്‍ അനാവശ്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ‘ഇഡി കൈമാറിയ വിവരങ്ങള്‍ പരിശോധിച്ചു. പക്ഷേ നല്‍കിയ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ഇത് ശരിയായ ഘട്ടമാണെന്ന് എനിക്ക് തോന്നുന്നില്ല. എന്നിരുന്നാലും ചില ഇടപാടുകള്‍ക്ക് വിശദീകരണം ആവശ്യമാണെന്നും അത് പിന്നീടുള്ള ഘട്ടത്തില്‍ ചെയ്യാം പ്രത്യേകിച്ചും തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാല്‍. ഹരജിക്കാരന്‍ ഒരു സ്ഥാനാര്‍ത്ഥിയാണ്, പാര്‍ലമെന്റിലേക്കുള്ള പ്രാതിനിധ്യത്തിനായി തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന ഒരു സ്ഥാനാര്‍ത്ഥി തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഈ ഘട്ടത്തില്‍ അസ്വസ്ഥനാകുന്നത് ഉചിതമാണെന്ന് ഞാന്‍ കരുതുന്നില്ല’ ജസ്റ്റിസ് ടി.ആര്‍.രവി വ്യക്തമാക്കി. കേസ് മെയ് 22-ലേക്ക് മാറ്റിവെക്കുകയാണെന്നും കോടതി അറിയിച്ചു.