പൂച്ചയെ രക്ഷിക്കാൻ റോഡ് മുറിച്ചുകടന്നു, തൃശ്ശൂരിൽ ലോറിയിടിച്ച് യുവാവിന് ദാരുണാന്ത്യം

തൃശ്ശൂര്‍: പൂച്ചയെ രക്ഷിക്കാന്‍ റോഡിലിറങ്ങിയ യുവാവ് ലോറിയിടിച്ച് മരിച്ചു. തൃശ്ശൂര്‍ മണ്ണുത്തി റോഡിലെ കാളത്തോട് ജങ്ഷനില്‍വെച്ചാണ് അപകടം. കാളത്തോട് ചിറ്റിലപ്പള്ള സ്വദേശി സിജോ ആണ് മരിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു. കഴിഞ്ഞദിവസം രാത്രി ഒന്‍പത് മണിയോടെയായിരുന്നു സംഭവം.
റോഡിലൂടെ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സിജോ, പൂച്ച നടുറോഡില്‍ അകപ്പെട്ടുകിടക്കുന്നത് കണ്ടാണ് രക്ഷപ്പെടുത്താനുള്ള ശ്രമം നടത്തിയത്. ബൈക്ക് ഒരു വശത്ത് നിര്‍ത്തിയശേഷം പൂച്ചയ്ക്കടുത്തേക്ക് ഓടിയ യുവാവിനെ എതിരേ വന്ന ലോറിയിടിക്കുകയായിരുന്നു.
റോഡ് മുറിച്ചുകടക്കുമ്പോള്‍ സിജോ കൈകാണിച്ച് ലോറിക്കാരന് സിഗ്നല്‍ നല്‍കിയിരുന്നെങ്കിലും അപകടം സംഭവിച്ചു. തൊട്ടടുത്തെത്തിയശേഷമാണ് കൈകാണിച്ചിരുന്നതെന്നതിനാല്‍ ലോറിക്കാരന് നിര്‍ത്താന്‍ സാവകാശം ലഭിച്ചല്ലെന്നാണ് നിഗമനം. റോഡില്‍ നിറയെ വാഹനങ്ങളുള്ള സമയവുമായിരുന്നു.