ആശ്വാസം, ലോണുകളുടെ ഇഎംഐ കുറയും: റീപ്പോ നിരക്ക് കാൽ ശതമാനം വെട്ടിക്കുറച്ച് ആർബിഐ

മുംബൈ: പ്രതീക്ഷകൾ ശരിവച്ച് റിസർവ് ബാങ്ക് (ആർബിഐ) അടിസ്ഥാന പലിശനിരക്ക് (റീപ്പോ റേറ്റ്) വീണ്ടും 0.25% വെട്ടിക്കുറച്ചു. ഫെബ്രുവരിയിലും കാൽ ശതമാനം കുറച്ചിരുന്നു. 6.25 ശതമാനത്തിൽ നിന്ന് 6 ശതമാനമായാണ് റീപ്പോ ഇന്നു കുറച്ചതെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര വ്യക്തമാക്കി.
ബാങ്കുകൾ വിതരണം ചെയ്യുന്ന ഭവന, വാഹന, വിദ്യാഭ്യാസ, കാർഷിക, സ്വർണപ്പണയ, മറ്റ് വ്യക്തിഗത വായ്പകളുടെ പലിശനിരക്കും ആനുപാതികമായി കുറയുമെന്നത് ജനങ്ങൾക്ക് വൻ ആശ്വാസമാകും.
ഇന്ത്യയും തളരും; ജിഡിപി വളർച്ചാപ്രതീക്ഷ വെട്ടിക്കുറച്ചു
നടപ്പുവർഷം (2025-26) ഇന്ത്യ 6.7 ശതമാനം വളരുമെന്ന മുൻ നിലപാട് റിസർവ് ബാങ്ക് തിരുത്തി. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തുടക്കമിട്ട താരിഫ് യുദ്ധം ആഗോള സാമ്പത്തിക രംഗത്ത് അനിശ്ചിതാവസ്ഥയ്ക്ക് വഴിവച്ചതോടെ നടപ്പുവർഷം ഇന്ത്യ പ്രതീക്ഷിക്കുന്ന വളർച്ചനിരക്ക് 6.5 ശതമാനമായാണ് വെട്ടിക്കുറച്ചത്.
∙ ഇഎംഐ ഭാരം എത്ര കുറയും?
നിങ്ങൾക്ക് 25 ലക്ഷം രൂപയുടെ ഭവന വായ്പയുണ്ടെന്നിരിക്കട്ടെ. തിരിച്ചടവ് കാലാവധി 20 വർഷം. പലിശനിരക്ക് 9 ശതമാനവും ഇഎംഐ (പ്രതിമാസ തിരിച്ചടവ് തുക) 22,493 രൂപയാണെന്നും കരുതുക. റീപ്പോനിരക്ക് 0.25% കുറച്ചതോടെ പലിശ 8.75 ശതമാനത്തിലേക്ക് താഴും. ഇഎംഐ 22,093 രൂപയായും കുറയും.
∙ എന്താണ് റീപ്പോ?
റിസര്‍വ് ബാങ്ക് വാണിജ്യ ബാങ്കുകള്‍ക്ക് നല്‍കുന്ന ഹ്രസ്വകാല വായ്പയുടെ പലിശയാണ് റിപ്പോ നിരക്ക്. വാണിജ്യ ബാങ്കുകൾ റിസർവ് ബാങ്കില്‍ നിക്ഷേപിക്കുന്ന സർപ്ലസ് പണത്തിന് റിസർവ് ബാങ്ക് നൽകുന്ന പലിശയാണ് റിവേഴ്‌സ് റിപ്പോ നിരക്ക്.