കിയ മോട്ടോർസിൽ മോഷണം; 900 എൻജിനുകൾ കാണാനില്ല, അന്വേഷണം ആരംഭിച്ചതായി പൊലീസ്

തിരുപ്പതി: കിയ മോട്ടോർസിന്റെ ആന്ധ്രാപ്രദേശ് പ്ലാന്റിൽ വൻ മോഷണം നടന്നതായി റിപ്പോർട്ട്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 900ത്തിലധികം കാർ എൻജിനുകൾ മോഷണം പോയതായി കണ്ടെത്തി. ശ്രീ സത്യസായി ജില്ലയിൽ സ്ഥിതി ചെയ്യുന്ന കിയയുടെ പെനുകൊണ്ട നിർമാണ കേന്ദ്രത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.
പെനുകൊണ്ട സബ് ഡിവിഷൻ പൊലീസിന്റെ കണക്കനുസരിച്ച്, 2020 മുതൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കിയ കാറുകളുടെ 900ത്തിലധികം എഞ്ചിനുകളാണ് മോഷ്ടിക്കപ്പെട്ടിട്ടുള്ളത്. മാർച്ച് 19ന് ഔദ്യോഗികമായി കമ്പനി പരാതി നൽകിയിരുന്നു. 2025 മാർച്ചിൽ കമ്പനി നടത്തിയ വർഷാവസാന ഓഡിറ്റിലാണ് മോഷണം നടന്നതായി കണ്ടെത്തിയത്.
പ്രാഥമിക അന്വേഷണത്തിൽ ചില തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും, പ്രത്യേക സംഘങ്ങൾ രൂപീകരിച്ച് കമ്പനിയിൽ ജോലി ചെയ്തിരുന്ന മുൻ ജീവനക്കാരെയും നിലവിലുള്ള ജീവനക്കാരെയും ചോദ്യം ചെയ്ത് വരുകയാണെന്നും പെനുകൊണ്ട സബ് ഡിവിഷൻ പൊലീസ് ഉദ്യോഗസ്ഥൻ വൈ. വെങ്കിടേശ്വർലു മാധ്യമങ്ങളോട് പറഞ്ഞു. നിർമ്മാണ കേന്ദ്രത്തിലേക്ക് കൊണ്ടുവരുന്നതിനിടെ പ്ലാന്റിന്റെ പരിസരത്തുനിന്നുമാണ് എൻജിനുകൾ മോഷണം പോയതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, കേസിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കിയ മോട്ടോർസ് ഇന്ത്യ വെളിപ്പെടുത്തിയിട്ടില്ല. ഇത് ഉൽപാദനത്തിൽ ഒരുതരത്തിലും തിരിച്ചടിയുണ്ടാക്കിയിട്ടില്ലെന്നാണ് കമ്പനി വാദം.