KSDLIVENEWS

Real news for everyone

അതീവ ഗുരുതര സാഹചര്യം; കേരളം ഏതു രീതിയിൽ സജ്ജമാകണമെന്ന് തീരുമാനിക്കാൻ മന്ത്രിസഭ യോഗം ചേരും

SHARE THIS ON

കണ്ണൂര്‍: രാജ്യം അതീവ ഗുരുതര സാഹചര്യം നേരിടുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഈ സാഹചര്യത്തിൽ കേരളം ഏതു രീതിയിൽ സജ്ജമാകണമെന്ന കാര്യത്തിൽ മന്ത്രിസഭ യോഗം ചേർന്നു തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷിക പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച കണ്ണൂർ ജില്ലാതല യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പാക്കിസ്ഥാന്റെ ഭീകര പ്രവർത്തനത്തിന് ഇന്ത്യ ഉചിതമായ മറുപടിയാണു നൽകുന്നത്. രാജ്യത്തിനൊപ്പം ജനം ഒറ്റക്കെട്ടായി അണിനിരക്കുകയാണ് ഇപ്പോൾ ചെയ്യേണ്ടത്. പാക്കിസ്ഥാന്‍റെ ആക്രമണ ശ്രമങ്ങളെ രാജ്യം നല്ലരീതിയിലാണു പ്രതിരോധിക്കുന്നത്. നമ്മുടെ പരമാധികാരത്തെ പോറൽ ഏൽപ്പിക്കാനുള്ള ശ്രമങ്ങളാണു നടക്കുന്നത്. നമ്മുടെ രാജ്യം സ്വീകരിക്കുന്ന എല്ലാ നടപടികൾക്കുമൊപ്പം അണിചേരുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. എങ്ങോട്ടേക്കാണ് ഇതു പോകുന്നതെന്നു പറയാൻ പറ്റാത്ത സാഹചര്യമാണ്. അയൽ രാഷ്ട്രങ്ങളുമായി നല്ല ബന്ധം തുടരണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. എന്നാൽ, പാക്കിസ്ഥാൻ വിപരീത ദിശയിലാണു കാര്യങ്ങൾ നീക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഇന്ത്യാ-പാക്ക് സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തിൽ സാഹചര്യങ്ങൾ വിലയിരുത്താൻ ഉച്ചയ്ക്കു മന്ത്രിസഭാ യോഗം ചേരുന്നുണ്ട്. സർക്കാർ വാർഷിക ആഘോഷങ്ങൾ തുടരുന്നതിലടക്കം തീരുമാനമെടുത്തേക്കുമെന്നാണു സൂചന.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!