കോണ്‍ഗ്രസില്‍ ജംബോകമ്മിറ്റി പിരിച്ചുവിടും; ഡി.സി.സി തലത്തിലും പുനഃസംഘടന വരുന്നു

ന്യൂഡൽഹി:കെ.പി.സി.സി. നേതൃത്വത്തിലെ അഴിച്ചുപണിക്ക് ശേഷം ജംബോ കമ്മിറ്റികൾ പിരിച്ചുവിടാനൊരുങ്ങി ഹൈക്കമാൻഡ്. പുതിയ നേതൃത്വത്തെ വിശ്വാസത്തിലെടുത്ത് ഇക്കാര്യത്തിൽ തീരുമാനമെടുക്കും. എല്ലാ ഡി.സി.സി.അധ്യക്ഷന്മാരേയും മാറ്റാനും ധാരണയായിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിയുടെ പശ്ചാത്തലത്തിലാണ് നേതൃമാറ്റത്തിന് ഹൈക്കമാൻഡ് തീരുമാനമെടുത്തതും അതുമായി മുന്നോട്ട് പോയതും. കെ.സുധാകരനെ കെ.പി.സി.സി. അധ്യക്ഷനായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ജംബോ കമ്മിറ്റികൾ പിരിച്ചുവിടാനുളള നിർദേശം ഹൈക്കമാൻഡിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. കഴിഞ്ഞ കുറേക്കാലങ്ങളായി കെ.പി.സി.സി.ക്ക് അകത്ത് ജംബോ കമ്മിറ്റികളാണ് ഉണ്ടായിരുന്നത്. രമേശ് ചെന്നിത്തല, വി.എം.സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ കെ.പി.സി.സി.അധ്യക്ഷന്മാരിയിരിക്കേ ഇത് തുടർന്നു. എ-ഐ. ഗ്രൂപ്പുകളുടെ വീതംവെപ്പിനാണ് പലപ്പോഴും ഇത് വഴിവെച്ചിരുന്നത്. പത്ത് വൈസ് പ്രസിഡന്റുമാർ, 44 ജനറൽ സെക്രട്ടറിമാർ, 96 സെക്രട്ടറിമാർ, 175 എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവരടക്കം ഏകദേശം മൂന്നൂറിലധികം ഭാരവാഹികളാണ് കഴിഞ്ഞതവണ ജംബോ കമ്മിറ്റികളുടെ ഭാഗമായി ഉണ്ടായിരുന്നത്. ആ സമിതിയിലാകട്ടെ ഭൂരിഭാഗം പേരും പ്രവർത്തിക്കാത്തവരാണ് എന്നൊരു വിമർശനവും ഉയർന്നിരുന്നു. മുല്ലപ്പള്ളി രാമചന്ദ്രൻ കെ.പി.സി.സി.അധ്യക്ഷൻ ആയിരിക്കേ ജംബോ സമിതി വേണ്ടെന്ന് അദ്ദേഹം തീരുമാനിച്ചിരുന്നെങ്കിലും എ-ഐ ഗ്രൂപ്പുകളുടെ സമ്മർദ്ദത്തെ തുടർന്ന് സമിതി നിലനിർത്തുകയായിരുന്നു. എന്നാൽ ഇത്തവണ അത് പാടില്ലെന്ന് കർശന നിർദേശമാണ് ഹൈക്കമാൻഡിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. ആറുമാസത്തിനകം സമിതി പിരിച്ചുവിട്ട് പുതിയ ഭാരവാഹികളെ നിശ്ചയിക്കാനാണ് ഹൈക്കാൻഡ് നിർദേശം നൽകിയിരിക്കുന്നത്. പ്രവർത്തന മികവിനുമാത്രമായിരിക്കണം പ്രഥമ പരിഗണനയെന്നും ഗ്രൂപ്പ് സമവാക്യങ്ങൾ പാലിക്കേണ്ടതിലെന്നും ഹൈക്കമാൻഡ് അറിയിച്ചിട്ടുണ്ട്. ഡിസിസി തലത്തിലും പുനഃസംഘടനയ്ക്ക് ഹൈക്കമാൻഡ് ഒരുങ്ങുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ഡിസിസി അധ്യക്ഷന്മാരെ മാറ്റണമെന്ന ആവശ്യം ഉയർന്നെങ്കിലും ഗ്രൂപ്പ് സമ്മർദത്തെ തുടർന്ന് അവരെ മാറ്റേണ്ടതില്ല എന്ന തീരുമാനത്തിൽ എത്തുകയായിരുന്നു. ഡിസിസി അധ്യക്ഷന്മാരുടെ ആത്മവിശ്വാസത്തെ അത് ബാധിക്കുമെന്നും അന്ന് അഭിപ്രായമുയർന്നിരുന്നു. എന്നാൽ ഇത്തവണ പ്രവർത്തന മികവ് മാത്രം കണക്കിലെടുത്ത് തീരുമാനം കൈക്കൊളളാനാണ് നിർദേശം. ഇതിനുപുറമേ യുഡിഎഫ് കൺവീനർ ചർച്ചകളും കേരളത്തിൽ നടക്കും. താരിഖ് അൻവർ നൽകിയ റിപ്പോർട്ട് പ്രകാരം യുഡിഎഫ് കൺവീനറിനെ സംബന്ധിച്ച തീരുമാനം സംസ്ഥാന ഘടകത്തിനോ ഹൈക്കമാൻഡിനോ എടുക്കാം എന്നായിരുന്നു സൂചന. സംസ്ഥാനത്തെ ഘടകകക്ഷികളുമായി ഒരു തീരുമാനത്തിലെത്തി അക്കാര്യത്തിൽ തീരുമാനത്തിലെത്താനാണ് നിർദേശം പോയിരിക്കുന്നത്. നിലവിൽ കൺവീനർ സ്ഥാനത്തേക്ക് കെ.വി.തോമസിനെയാണ് പരിഗണിക്കുന്നത്.

