KSDLIVENEWS

Real news for everyone

കാസർകോടിന് ആധുനിക സൗകര്യങ്ങളോടുകൂടിയ മത്സ്യ മാർക്കറ്റ് -കേന്ദ്രമന്ത്രി

SHARE THIS ON

കാസർകോട് : ജില്ലയുടെ ആസ്ഥാനമായ കാസർകോടിന് ആധുനിക സൗകര്യങ്ങളോടുകൂടിയ മികച്ച മീൻമാർക്കറ്റ് ഉറപ്പ് നൽകി കേന്ദ്ര ഫിഷറീസ് മന്ത്രി പർഷോത്തം രൂപാല. സാഗർപരിക്രമ ഏഴാം ഘട്ടത്തിലെ ഗുണഭോക്തൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ.യുടെ ആവശ്യം പരിഗണിച്ചാണ് മന്ത്രി മീൻമാർക്കറ്റ് ആധുനികീകരിക്കുന്നതിന് നടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചത്. ഈ മേഖലയിലെ സംസ്ഥാനത്തിന്റെ ആവശ്യങ്ങളും നിർദേശങ്ങളും പരിഗണിക്കും. മത്സ്യമേഖലയിലെ വെല്ലുവിളികളും പ്രശ്നങ്ങളും ചർച്ചചെയ്യാനായി വിവിധ സംസ്ഥാനങ്ങളിലെ ഫിഷറീസ് മന്ത്രിമാരുമായി ചേർന്ന് മഹാബലിപുരത്ത് രണ്ടുദിവസത്തെ സംഗമം നടത്തും. മൂന്ന്‌ ദിവസങ്ങളിലായി കേരളത്തിലെ മത്സ്യമേഖലകൾ സന്ദർശിച്ച് പ്രശ്നങ്ങൾ മനസ്സിലാക്കും. അതനുസരിച്ച് മേഖലയുടെ സമഗ്രവികസനത്തിന് നടപടികൾ ക്രമീകരിക്കുമെന്നും മന്ത്രി അറിയിച്ചു.എണ്ണായിരത്തിലധികം കിലോമീറ്റർ കടൽയാത്രചെയ്ത് ഇതാദ്യമായാണ് ഒരു കേന്ദ്രമന്ത്രി തീരമേഖലയുടെ പ്രശ്നങ്ങൾ നേരിട്ട്‌ മനസ്സിലാക്കുന്നതെന്ന് ചടങ്ങിൽ സംസാരിച്ച കേന്ദ്ര സഹമന്ത്രി ഡോ. എൽ.മുരുകൻ പറഞ്ഞു. കേന്ദ്രസർക്കാറിന്റെ സ്വപ്നപദ്ധതിയായി ആധുനികസൗകര്യങ്ങളെല്ലാം ചേർന്ന അഞ്ച് തുറമുഖങ്ങൾ അനുവദിച്ചതിൽ ഒന്ന് കൊച്ചിയിലാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ഫിഷറീസ് മന്ത്രി സജി ചെറിയാൻ അധ്യക്ഷനായി. സാഗർപരിക്രമ യാത്രയ്ക്ക് മുൻപേ ഫിഷറീസ് വകുപ്പ് 47 മണ്ഡലങ്ങളിൽ തീരസദസ്സ് നടത്തി തീരദേശജനങ്ങളുടെ പ്രശ്നങ്ങൾ പഠിച്ചിട്ടുണ്ടെന്നും മത്സ്യത്തൊഴിലാളികളും സംഘടനാ പ്രതിനിധികളുമായി ചർച്ച നടത്തി പ്രശ്നങ്ങൾ മനസ്സിലാക്കി പരിഹാരങ്ങൾ കാണുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാൻമന്ത്രി മത്സ്യസമ്പദ് യോജനയിൽ ഉൾപ്പെടുത്തി 16 ലക്ഷത്തിലധികം രൂപ സഹായധനമായി ചടങ്ങിൽ വിതരണം ചെയ്തു. 14 പേർക്ക് കിസാൻ ക്രെഡിറ്റ് കാർഡുകളും വിതരണം ചെയ്തു. തുടർന്ന് നെല്ലിക്കുന്ന് കസബ കടപ്പുറത്തെത്തിയ കേന്ദ്രമന്ത്രി മത്സ്യത്തൊഴിലാളികൾ, തീരദേശനിവാസികൾ തുടങ്ങിയവരുമായി സംവദിച്ചു. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി., എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ., ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, കളക്ടർ കെ.ഇമ്പശേഖർ, ഡോ. സി.സുവർണ, എൻ.എസ്.ശ്രീലു, രവീശതന്ത്രി കുണ്ടാർ, വി.വി.രമേശൻ, കെ.കെ.ബാബു, മുത്തലിബ് പാറക്കട്ട എന്നിവർ പങ്കെടുത്തു. ഒഴിഞ്ഞവളപ്പിൽ പ്രതിഷേധം കാഞ്ഞങ്ങാട് : സാഗർപരിക്രമ യാത്രയുടെ ഭാഗമായി കേന്ദ്ര-സംസ്ഥാന മന്ത്രിമാർ ജനങ്ങളുടെ പരാതി സ്വീകരിക്കാനെത്താത്തതിൽ കാഞ്ഞങ്ങാട് ഒഴിഞ്ഞവളപ്പിൽ പ്രതിഷേധം. കേന്ദ്ര ഫിഷറീസ് മന്ത്രി പർഷോത്തം രൂപാല, കേന്ദ്ര സഹമന്ത്രി ഡോ. എൽ.മുരുകൻ, സംസ്ഥാന ഫിഷറീസ് മന്ത്രി സജി ചെറിയാൻ എന്നിവർ എത്താത്തതിലാണ് മന്ത്രിയെ നേരിൽക്കണ്ട് നിവേദനം നൽകാനെത്തിയവർ പ്രതിഷേധിച്ചത്. മംഗളൂരുവിൽനിന്ന് കപ്പൽമാർഗം ചെറുവത്തൂർ മടക്കര തുറമുഖത്തേക്ക് എത്താനിരുന്ന കേന്ദ്രമന്ത്രിക്ക് കാലവസ്ഥ പ്രതികൂലമായതിനാൽ ഇവിടേക്ക് എത്താൻ സാധിച്ചിരുന്നില്ല. അതിനാൽ ഇവിടെ മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിലാണ് പരിപാടികൾ നടത്തിയത്. കേന്ദ്രമന്ത്രിക്ക് എത്താൻ സാധിക്കാത്ത ഇടങ്ങളിൽ സജി ചെറിയാൻ എത്തിയിരുന്നെങ്കിലും ഒഴിഞ്ഞവളപ്പിലേക്ക് ആരും വന്നില്ല. ജനപ്രതിനിധികളായ രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി., കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷ കെ.വി.സുജാത, അജാനൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.ശോഭ എന്നിവരും ഉദ്യോഗസ്ഥരും മാത്രമാണ് ഇവിടേക്ക് എത്തിയത്. മന്ത്രിക്ക് നൽകേണ്ട നിവേദനങ്ങൾ നഗരസഭാധ്യക്ഷയ്ക്ക് നൽകിയാൽ മതിയെന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചത്. ഇതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!