KSDLIVENEWS

Real news for everyone

മുഖ്യമന്ത്രിയാകാൻ യോഗ്യൻ ഞാൻതന്നെ: എക്സിൽ സർവെ ഫലം പങ്കുവെച്ച് കൂപ്പുകൈയുമായി തരൂർ

SHARE THIS ON

തിരുവനന്തപുരം: യുഡിഎഫിൽ മുഖ്യമന്ത്രിയാകാൻ യോഗ്യൻ താനാണെന്ന സർവെ ഫലം പങ്കുവെച്ച് തരൂർ. സ്വകാര്യ സർവെ ഫലം സംബന്ധിച്ച് എക്സിൽ പങ്കുവയ്ക്കപ്പെട്ട ഒരു വാർത്ത തരൂർ ഷെയർ ചെയ്യുകയായിരുന്നു. കൂപ്പുകൈ ഇമോജിയോടെയാണ് തരൂർ ഇത് പങ്കുവെച്ചത്. 28.3 ശതമാനം പേർ തരൂർ മുഖ്യമന്ത്രിയാകണമെന്ന് അഭിപ്രായപ്പെട്ടതായാണ് സർവേ ഫലം.

അടുത്തിടെ തരൂർ സ്വീകരിക്കുന്ന നിലപാടുകൾ കോൺഗ്രസിനെ വെട്ടിലാക്കുന്ന തരത്തിലായിരുന്നു. ഇതിനിടെയാണ് മുഖ്യമന്ത്രിയാകാൻ താൻ യോഗ്യനാണെന്ന് വ്യക്തമാക്കുന്ന എക്സ് പോസ്റ്റും. കേരള വോട്ട് വൈബ് എന്ന സ്വകാര്യ ഏജൻസി വഴിയാണ് സർവെ നടത്തിയിരിക്കുന്നത്. കേരളത്തിൽ ശക്തമായ ഭരണവിരുദ്ധതരംഗമുണ്ടെന്നാണ് സർവേ വ്യക്തമാക്കുന്നത്.

സിറ്റിങ് എംഎൽഎമാരെ മാറ്റണമെന്നാണ് പങ്കെടുത്ത 62 ശതമാനം പേരും ആഗ്രഹിക്കുന്നതെന്നാണ് സർവേഫലം പറയുന്നത്. 23 ശതമാനം പേർ മാത്രമാണ് നിലവിലുള്ള എംഎൽഎമാർ തുടരണമെന്ന് ആഗ്രഹിക്കുന്നത്. ഇത് ശക്തമായ ഭരണവിരുദ്ധവികാരത്തെയാണ് ചൂണ്ടിക്കാട്ടുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

നിലവിലെ മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിസ്ഥാനത്ത് എത്തണമെന്ന് 17.5 ശതമാനം പേരാണ് അഭിപ്രായപ്പെട്ടത്. മുൻ ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ഷൈലജയ്ക്കാണ് എൽഡിഎഫിൽ മുഖ്യമന്ത്രിസ്ഥാനത്തേയ്ക്ക് ഏറെ പിന്തുണ. 24.2 ശതമാനം പേരാണ് കെ.കെ. ഷൈലജ മുഖ്യമന്ത്രിയാകണമെന്ന് സർവേയിൽ അഭിപ്രായപ്പെട്ടത്. ഇരുഭാഗത്തും നേതൃത്വത്തിന്റെ ശക്തമായ അഭാവമുണ്ടെന്ന് സർവേയിൽ ചൂണ്ടിക്കാട്ടുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!