ദേശീയപാതയിലെ കുഴിയിൽവീണു സ്പീക്കറുടെ കാർ പഞ്ചറായി

കായംകുളം: ദേശീയപാതയിലെ കുഴിയിൽവീണു സ്പീക്കർ എം.ബി. രാജേഷിന്റെ ഔദ്യോഗികവാഹനം പഞ്ചറായി. തിരുവനന്തപുരത്തേക്കു പോകുന്നതിനിടെ ദേശീയപാതയിൽ 66-ൽ കായംകുളം കെ.പി.എ.സി.ക്കു സമീപം ഞായറാഴ്ച രാത്രി 8.30-നാണു സംഭവം. അപകടമറിഞ്ഞ് നാട്ടുകാർ ഓടിക്കൂടി. കാർ പഞ്ചറായതിനെത്തുടർന്ന് സ്പീക്കറെ പോലീസിന്റെ വാഹനത്തിൽ കൃഷ്ണപുരം കെ.ടി.ഡി.സി.യിൽ എത്തിച്ചു.
പഞ്ചറൊട്ടിച്ച് ഒൻപതുമണിയോടെ സ്പീക്കർ യാത്ര തുടർന്നു. ദേശീയപാതയിൽ ഹരിപ്പാട് മുതൽ കൃഷ്ണപുരംവരെ റോഡിൽ നിറയെ കുഴികളാണ്. വാഹനങ്ങൾ കുഴിയിൽവീണ് നിരവധി അപകടങ്ങളാണ് ദിനംപ്രതി ദേശീയപാതയിൽ നടന്നുകൊണ്ടിരിക്കുന്നത്. സ്പീക്കറുടെ വാഹനം പഞ്ചറായതിനു പിന്നാലെ നാട്ടുകാർ റോഡിലെ കുഴിയിൽ വാഴനട്ടു.