മിസ്റ്റർ മോദി, വരൂ, ഞങ്ങളെ കേൾക്കൂ’: വീഡിയോയുമായി തൃണമൂൽ കോൺഗ്രസ്

ന്യൂഡൽഹി:പെഗാസസ്, കാർഷികവിഷയങ്ങളിൽ ചർച്ചയ്ക്കു തയ്യാറാവാത്ത കേന്ദ്രസർക്കാർ നിലപാടിൽ പ്രതിഷേധിച്ച് രാജ്യസഭയിൽ പ്രതിപക്ഷാംഗങ്ങൾ സംസാരിക്കുന്നതിന്റെ മൂന്നുമിനിറ്റ് വീഡിയോ ട്വിറ്ററിൽ പങ്കുവെച്ച് തൃണമൂൽ കോൺഗ്രസ്. ‘മിസ്റ്റർ മോദി, വരൂ, ഞങ്ങളെ കേൾക്കൂ’ എന്ന കുറിപ്പോടെ തൃണമൂൽ രാജ്യസഭാംഗം ഡെറിക് ഒബ്രയാനാണ് വീഡിയോ ട്വീറ്റ് ചെയ്തത്.
കോൺഗ്രസ്, തൃണമൂൽ സമാജ്‌വാദി പാർട്ടി, ശിവസേന, ടി.ആർ.എസ്., ഡി.എം.കെ., സി.പി.എം., ആർ.ജെ.ഡി., എൻ.സി.പി., എ.എ.പി. അംഗങ്ങളുടെ പ്രസംഗങ്ങളാണ് വീഡിയോയിലുള്ളത്. ചർച്ചകൾക്കിടയിൽ പ്രതിപക്ഷാംഗങ്ങൾ പ്രസംഗിക്കുമ്പോൾ രാജ്യസഭ ടി.വി.യിൽ സംപ്രേഷണം നിർത്തിവെക്കുന്നതുൾപ്പെടെയുള്ള നടപടികളുടെ പശ്ചാത്തലത്തിൽ പ്രതിഷേധസൂചകമായാണ് വിഡിയോ പുറത്തിറക്കിയത്. വീഡിയോയിലെ ചില പ്രസംഗങ്ങൾ ചുവടെ:
‘കഴിഞ്ഞ 14 ദിവസമായി ഈ വിഷയങ്ങളിൽ ചർച്ചയ്ക്ക് ഞങ്ങൾ ആവശ്യപ്പെടുന്നു. നിങ്ങൾ അതിന് അനുമതി നൽകുന്നില്ല. നിങ്ങൾ ബില്ലുകൾ പാസാക്കുന്ന തിരക്കിലാണ്. ധൈര്യമുണ്ടെങ്കിൽ ചർച്ചയ്ക്ക് തയ്യാറാവൂ’ -മല്ലികാർജുന ഖാർഗെ, കോൺഗ്രസ്.
‘നമുക്ക് പാർലമെന്റിൽ സംസാരിക്കാനുള്ള അവകാശമുണ്ട്’ -സുഖേന്ദു ശേഖർ റോയ്, തൃണമൂൽ.
‘ജനങ്ങളെ കേൾക്കാൻ തയ്യാറാവുന്നില്ല’-വന്ദന ചവാൻ, എൻ.സി.പി.
‘പെഗാസസ് എല്ലാവരുടെയും വീട്ടിലെത്തി. ചർച്ച ചെയ്യണം’-മനോജ് ഝാ, ആർ.ജെ.ഡി.
‘പാർലമെന്ററി ജനാധിപത്യത്തെ കൊല്ലുന്നു’ -കെ. സോമപ്രസാദ്, സി.പി.എം.
‘ഡൽഹിക്കുള്ളിൽ ദളിത് പെൺകുട്ടി ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടു. എന്നാൽ സർക്കാർ ഇതിനെക്കുറിച്ച് സംസാരിക്കുന്നില്ല’ – സുഷീൽകുമാർ ഗുപ്ത, എ.എ.പി.